'സുവർണചകോരം’ സമ്മാനത്തുക നൽകിയത് അക്കൗണ്ട് മാറി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) ഏറ്റവും മികച്ച ചലച്ചിത്രത്തിന് നൽകുന്ന സുവർണ ചകോര പുരസ്കാര തുക വിദേശ അക്കൗണ്ടിലേക്ക് മാറി അയച്ചു. ചലച്ചിത്ര അക്കാദമി ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം അനധികൃത അക്കൗണ്ടിലേക്ക് എത്തിയ തുക സ്വീഡിഷ് പൊലീസ് ‘പിടിച്ചെടുത്തതോടെ’, ഖജനാവിൽനിന്ന് നഷ്ടമായ 13 ലക്ഷത്തിന്റെ സത്യാവസ്ഥ തേടി സർക്കാറും ചലച്ചിത്ര അക്കാദമിയും തലപുകക്കുകയാണ്.
2022 മാർച്ചിൽ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്ണചകോരം കോസ്റ്റാറിക്കൻ ചിത്രം ‘ക്ലാര സോള’ക്കായിരുന്നു. ചിത്രത്തിന്റെ സംവിധായികക്കും നിർമാതാവിനുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി സമ്മാനിച്ചത്. സംവിധായിക നതാലി അൽവാരെസും നിർമാതാവ് നിമ യൂസഫിയും സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. മേള സമാപിച്ച ശേഷം നതാലിയും നിമയും ഇ- മെയിൽ വഴി കൈമാറിയ സ്വീഡിഷ് ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് എസ്.ബി.ഐ വഴി പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്തു.
എന്നാൽ, മാസങ്ങൾക്ക് ശേഷമാണ് അക്കാദമി കൈമാറിയ 13 ലക്ഷം മറ്റൊരു സ്വീഡിഷ് അക്കൗണ്ടിലേക്കാണ് പോയതെന്നും മതിയായ രേഖകളില്ലാത്തതിനാൽ പണം സ്വീഡിഷ് പൊലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നും അറിയിച്ച് സ്വീഡിഷ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഇ-മെയിൽ സന്ദേശം അക്കാദമിക്ക് ലഭിക്കുന്നത്.ഇ-മെയിലിന്റെ സത്യാവസ്ഥ അറിയാൻ എസ്.ബി.ഐയുമായി ബന്ധപ്പെട്ടപ്പോഴാണ് പണം പോയത് മറ്റൊരു അക്കൗണ്ടിലേക്കാണെന്ന വസ്തുത തിരിച്ചറിഞ്ഞത്. തുടർന്ന് പണം തിരികെ ലഭിക്കുന്നതിന് സ്വീഡിഷ് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട പ്രകാരം അക്കാദമി സ്വീഡിഷ് സർക്കാറിന് രേഖകൾ സമർപ്പിച്ചെങ്കിലും തുക പൂർണമായി സ്വീഡിഷ് ട്രഷറിയിലേക്ക് മാറ്റിയെന്ന് അറിയിച്ച് ദിവസങ്ങൾക്ക് ശേഷം മറ്റൊരു ഇ-മെയിലും ലഭിച്ചു.
നഷ്ടമായ പണത്തിന് പകരം വീണ്ടും 13 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഇ-മെയിലിൽ സംശയം തോന്നിയതോടെ നിമ യൂസഫിയുമായും സംവിധായികയുമായും അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ പലതവണ ഇ-മെയിൽ മുഖാന്തരവും അല്ലാതെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ മൂന്നുവർഷമായി യാതൊരു പ്രതികരണവും ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി.അജോയ് ‘മാധ്യമ’ത്തോട് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഇതുസംബന്ധിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കും വിജിലൻസിനും അക്കാദമി പരാതി നൽകിയിട്ടുണ്ട്.


