രാജ്യം ചിലരുടേത് മാത്രമെന്ന തോന്നലുണ്ടാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത് -ജോസ് കെ മാണി
text_fieldsപത്തനംതിട്ട: രാഷ്‌ട്രീയനേട്ടമുണ്ടാക്കാൻ കഴിയുന്നില്ലെന്ന ഒറ്റക്കാരണത്താലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തിനർഹതപ്പെട്ട ജി.എസ്.ടി വിഹിതവും പദ്ധതികളും നിഷേധിക്കുന്നതെന്ന് എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി എം.പി. അങ്ങനെ ഒരു നേട്ടത്തിന് സാധ്യതയുണ്ടങ്കിൽ മാത്രം കേരളത്തിന്റെ വികസനം പരിഗണിക്കാമെന്നും അല്ലെങ്കിൽ ജനങ്ങൾ അനുഭവിക്കട്ടെയെന്നുമുള്ള നിലപാടാണ് കേന്ദ്രസർക്കാറിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തെ സമീപിക്കുമ്പോൾ ഒപ്പം നിൽക്കേണ്ട കോൺഗ്രസ് എം.പിമാർ മാറിനിൽക്കുകയാണ്. നമ്മുടെ രാജ്യം ചിലരുടേത് മാത്രമെന്ന തോന്നലുണ്ടാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ആ അപകട നയത്തിനൊപ്പം കോൺഗ്രസ് കൂട്ടുനിൽക്കുന്നത് അതിനേക്കാൾ അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖല ജാഥ പത്തനംതിട്ടയിൽ ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖത്തിനുശേഷമാണ് രണ്ടാംദിന പര്യടനം ആരംഭിച്ചത്. അടൂരായിരുന്നു ആദ്യ സ്വീകരണകേന്ദ്രം. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരുവല്ലയിലെ സമ്മേളനത്തിൽ മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, വർഗീസ് ജോർജ് എന്നിവർ സംസാരിച്ചു.


