തട്ടാഞ്ചാവടിയിലെ ‘മുഖ്യമന്ത്രി’ പോരാട്ടം
text_fieldsവൈദ്യലിംഗം, രംഗസ്വാമി
ചെന്നൈ: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ തട്ടാഞ്ചാവടിയിലെ ‘മുഖ്യമന്ത്രി പോര്’ ശ്രദ്ധേയമാവുന്നു. മുഖ്യമന്ത്രിയും അഖിലേന്ത്യ എൻ.ആർ കോൺഗ്രസ് അധ്യക്ഷനുമായ എൻ.രംഗസ്വാമിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ വി.വൈദ്യലിംഗവുമാണ് മത്സരരംഗത്ത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് വൈദ്യലിംഗം എന്നതാണ് മത്സരം വാശിയേറ്റുന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലമെന്ന വി.ഐ.പി പരിഗണന നേരത്തേ തന്നെ ‘തട്ടാഞ്ചാവടി’ക്കുണ്ട്. നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള ഇരു നേതാക്കളും എട്ടുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രംഗസ്വാമി തട്ടാഞ്ചാവടിയിൽ നിന്നുതന്നെ അഞ്ചുതവണ നിയമസഭയിലെത്തി.
ഇങ്ങനെയൊക്കെയാണെങ്കിലും മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്നതിനാൽ കടുത്ത വെല്ലുവിളിയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടത്. രംഗസ്വാമി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരത്തെ ഉയർത്തിക്കാണിച്ചാണ് വൈദ്യലിംഗം കളത്തിലുള്ളത്.
മന്ത്രിമാരുടെ അഴിമതികളും തട്ടാഞ്ചാവടിയിലെ വികസന മുരടിപ്പും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകാത്ത തും കോൺഗ്രസ് പ്രചാരണ വിഷയമാക്കുന്നു. അതേസമയം, വൈദ്യലിംഗത്തിനും പ്രതിസന്ധികൾ നിരവധിയാണ്. തങ്ങളെ അവഗണിച്ച് ഡി.എം.കെയും കോൺഗ്രസും ഏകപക്ഷീയമായി സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നടത്തിയെന്ന് ആരോപിച്ച്, സഖ്യകക്ഷികളായ സി.പി.ഐ, സി.പി.എം, വിടുതലൈ ശിറുതൈകൾ കക്ഷി എന്നിവ ഒന്നിച്ച് പ്രവർത്തിക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതു മറികടക്കാൻ മണ്ഡലത്തിൽ തനിക്കുള്ള വ്യക്തിബന്ധം ഉപയോഗിച്ച് പ്രചാരണം നടത്തുകയാണ് അദ്ദേഹം. മൊത്തം 26,603 വോട്ടർമാർ മാത്രമാണുള്ളത്. ഇതിൽ 14,170 സ്ത്രീകൾ.


