ഗ്രാമ്പിയില്‍ ഒഴുക്കിൽപെട്ട കുട്ടിയെ കണ്ടെത്താനായില്ല
text_fieldsവണ്ടിപ്പെരിയാര്‍: ഗ്രാമ്പിയില്‍ ഒഴുക്കിൽപെട്ട ബാലനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാസംഘം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.എൻ.ഡി.ആർ.എഫ്, പൊലീസ്, അഗ്നിരക്ഷാസേന, ഫോറസ്റ്റ്, റവന്യൂ സംഘം സംയുക്തമായി രണ്ടു സംഘമായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.
ഞായറാഴ്ചയും കുട്ടിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തുടർനടപടി നിശ്ചയിക്കാൻ തഹസിൽദാറുടെ നേതൃത്വത്തിൽ തിരച്ചിൽ സംഘവുമായി ചർച്ച നടത്തി. തിരച്ചിൽ തുടരാൻ നിർദേശം നൽകിയതായി യോഗത്തിനുശേഷം പീരുമേട് തഹസിൽദാർ കെ.എസ്. വിജയലാൽ അറിയിച്ചു.
തിങ്കളാഴ്ച പുറക്കയം, കണ്ടക്കയം മേഖലകളിൽ നെറ്റ് സ്ഥാപിക്കും. തിരച്ചിൽ സംഘത്തിനൊപ്പം കുട്ടിയുടെ മൂത്ത സഹോദരങ്ങളും ചേരും. രാവിലെ മുതൽ തന്നെ ഇരു സംഘമായി തിരിഞ്ഞ് തിരച്ചിൽ പുനരാരംഭിക്കും. ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.
പിതാവ് മാധവനും മാതാവ് ഷൈലക്കുമൊപ്പമാണ് കുട്ടി കുടംപുളി പറിക്കാൻ വനത്തിലേക്ക് പോയത്. പുഴ മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കിൽപെട്ടത്.