പുറം സുന്ദരം, അകത്ത് നന്നല്ല കാര്യങ്ങൾ
text_fieldsവള്ളക്കടവ് സൂനാമി ഫ്ലാറ്റ്
ഇരവിപുരം: പുറമെ നിന്ന് നോക്കിയാൽ സുന്ദരമാണ്. എന്നാൽ, അകത്തുകയറിയാൽ അത്രയൊന്നും നന്നല്ല കാര്യങ്ങൾ. ഇരവിപുരം, മയ്യനാട് എന്നിവിടങ്ങളിലെ സൂനാമി ഫ്ലാറ്റുകളുടെ അവസ്ഥയാണിത്. കടലോരങ്ങളിലും കൊല്ലംതോടിന്റെ തീരത്തും താമസിച്ചിരുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി സ്ഥാപിച്ചതാണ് ഈ ഫ്ലാറ്റുകൾ.
കൊല്ലം കോർപറേഷൻ പരിധിയിൽ ഇരവിപുരത്ത് അനുഗ്രഹ, വള്ളക്കടവ്, സ്നേഹതീരം എന്നിങ്ങനെ മൂന്നും മയ്യനാട്ട് വലിയവിള, താന്നി, കുറ്റിക്കാട്, ധവളക്കുഴി എന്നിവിടങ്ങളിലുമാണ് സൂനാമി ഫ്ലാറ്റുകളുള്ളത്.
അശാസ്ത്രീയമായ നിർമാണമാണ് പ്രധാന പ്രശ്നം. ആവശ്യത്തിന് കുടിവെള്ളമില്ലാത്തത് പ്രധാന വിഷയമാണ്. സെപ്റ്റിക് ടാങ്കുകളിലേക്കുള്ള പൈപ്പുകൾ പലതും പൊട്ടിയൊലിക്കുകയാണ്. അതിനു പുറമെ ചതുപ്പുനിലത്ത് പണിതതിനാൽ ടാങ്കുകൾ കൂടെക്കൂടെ നിറയുകയും ചെയ്യുന്നു.
വീടുകൾ കൈമാറിയെങ്കിലും പട്ടയം ലഭിച്ചിട്ടില്ലെന്നാണ് താമസക്കാരുടെ മറ്റൊരു പരാതി. റവന്യൂ വകുപ്പ് ഫ്ലാറ്റുകൾ പഞ്ചായത്തുകൾക്ക് വിട്ടുകൊടുക്കാത്തതിനാൽ വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. മാലിന്യ സംസ്കരണത്തിനായി സംവിധാനങ്ങൾ ഒന്നുമില്ല.
വള്ളക്കടവ് സൂനാമി ഫ്ലാറ്റിലെ ശുചിമുറി പൈപ്പുകൾ
പൊട്ടിയൊലിക്കുന്നു
അതിനാൽ സമീപത്തെ കൊല്ലം തോടിലാണ് പലരും മാലിന്യം തള്ളുന്നത്. ആക്കോലിലിൽ രണ്ടു വശങ്ങളിലായി ഫ്ലാറ്റ് നിർമിച്ചെങ്കിലും ഒരുവശത്തെ ഫ്ലാറ്റ് നിർമാണത്തിലെ അപാകതമൂലം ഇതുവരെയും വിതരണം ചെയ്തിട്ടില്ല. താഴ്ചയിൽ നിർമിച്ചതിനാൽ ഇവ അനാഥാവസ്ഥയിലാണ്.
താന്നിയിലെ ഫ്ലാറ്റിൽ അംഗൻവാടിക്കായി കെട്ടിട നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. മാലിന്യ നിർമാർജന പ്ലാന്റിനായി കണ്ടിരുന്ന സ്ഥലത്ത് കെട്ടിടം കെട്ടാനുള്ള നീക്കം ജില്ല ഭരണകൂടം തടയുകയായിരുന്നു. മയ്യനാട് കുറ്റിക്കാട്ട് ഏതാനും ഫ്ലാറ്റുകൾ ഇനിയും വിതരണം ചെയ്യാനുണ്ട്.
താന്നി സൂനാമി ഫ്ലാറ്റ് വളപ്പിൽ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും ഉണ്ടാകുമ്പോൾ ദുരിതബാധിതരെ താൽക്കാലികമായി പാർപ്പിക്കുന്നതിനായി സ്ഥാപിച്ച കെട്ടിടവും അനാഥമാണ്. പലയിടത്തും കുടിവെള്ളം വിലയ്ക്കു വാങ്ങേണ്ട സ്ഥിതിയാണുള്ളത്. വീടുകൾക്കിടയിൽ സ്ഥാപിച്ചിട്ടുള്ള വിളക്കുകൾ പലതും പ്രകാശിക്കാത്ത സ്ഥിതിയിലാണ്. ഒരു വീടിന് മുന്നിലായി തന്നെയാണ് മറ്റൊരു വീടുള്ളത്.