‘ജനിച്ച് വളർന്ന വീട് പൊളിക്കില്ല’; ഏഴ് പതിറ്റാണ്ടായി ഓലപ്പുര കെട്ടിമേഞ്ഞ് ശേഖര കുറുപ്പും ലീലയും
text_fieldsപന്തീരാങ്കാവ് (കോഴിക്കോട്): ശേഖര കുറുപ്പിനും ഭാര്യ ലീലക്കും താമസിക്കാൻ വീട് വേറെയുണ്ട്, എന്നാലും ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ആ ഓലപ്പുര പതിവ് മുടക്കാതെ കെട്ടിമേഞ്ഞ് സംരക്ഷിക്കുന്നത് കാലത്തിന്റെ ശേഷിപ്പുകൾ ബാക്കിവെക്കാൻ തന്നെയാണ്. കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോഴാണ് പെരുമണ്ണ കരിയാട്ട് ശേഖര കുറുപ്പിന്റെ ഭാര്യ ലീലക്ക് തറവാട് വീട് കിട്ടിയത്. ചുറ്റിലും കോൺക്രീറ്റ് വീടുകൾ ഉയർന്നെങ്കിലും ജനിച്ച് വളർന്ന വീട് പൊളിച്ചു മാറ്റേണ്ടെന്ന് ദമ്പതികൾ തീരുമാനിക്കുകയായിരുന്നു.
എല്ലാ വർഷവും മഴക്ക് മുമ്പ് തെങ്ങോല മെടഞ്ഞ് പുര കെട്ടിന് ഇവർ തയാറെടുക്കും. കെട്ടുന്നതിന്റെ തലേന്ന് മേൽക്കൂരയിലെ പഴയ ഓലക്കെട്ട് മുറിച്ചിടും. പിറ്റേന്ന് നല്ല കരുവോല വേർതിരിച്ചെടുത്ത് തെങ്ങോലയും പുതിയ പനയോലയും ചേർത്താണ് പുര കെട്ടുന്നത്.
ചേറ്റുംപറമ്പത്ത് ബാലൻ, ഇട്ടേലിമ്മൽ ഭാസ്കരൻ, കരിയാട്ട് വേലായുധൻ എന്നിവർ ചേർന്നാണ് സ്ഥിരമായി മേൽക്കൂര കെട്ടുന്നത്. പനയോല പറമ്പിൽ തന്നെ ഉള്ളതിനാൽ വലിയ ബുദ്ധിമുട്ടില്ലെന്ന് ശേഖര കുറുപ്പ് പറയുന്നു. പാൽ സൊസൈറ്റി ജീവനക്കാരനാണ് ശേഖര കുറുപ്പ്.