പാലായിൽ ‘പുളിക്കക്കണ്ടം കുടുംബ’ തീരുമാനം നിർണായകം
text_fieldsപാലായിൽ വിജയിച്ച സ്വതന്ത്രരായ ബിനു പുളിക്കകണ്ടം (വലത്തേയറ്റം), മകൾ ദിയ ബിനു, ബിജു പുളിക്കണ്ടം എന്നിവർ
കോട്ടയം: കേരള കോൺഗ്രസ് എമ്മിലൂടെ സ്വന്തമാക്കുമെന്ന് എൽ.ഡി.എഫ് ഉറപ്പിച്ച പാലാ മുനിസിപ്പാലിറ്റിയുടെ ഭരണം ഇനി നിശ്ചയിക്കുക ‘പുളിക്കക്കണ്ടം കുടുംബം’. ആകെയുള്ള 26 സീറ്റിൽ എൽ.ഡി.എഫ് 11, യു.ഡി.എഫ് 10, സ്വതന്ത്രർ 5 എന്നതാണ് കക്ഷിനില. എൽ.ഡി.എഫാണ് കൂടുതൽ സീറ്റ് നേടിയെങ്കിലും വിജയിച്ച അഞ്ച് സ്വതന്ത്രരിൽ മൂന്നും പുളിക്കക്കണ്ടം കുടുംബത്തിൽനിന്നുള്ളവരാണ്. ഇവരുടെ തീരുമാനമാണ് നിർണായകമാകുക.
നഗരസഭ അധ്യക്ഷസ്ഥാനം സി.പി.എം നിഷേധിച്ചതിനെത്തുടർന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടമാണ് ഇവിടെ കേരള കോൺഗ്രസ് എമ്മിനും എൽ.ഡി.എഫിനും വെല്ലുവിളിയാകുന്നത്. സി.പി.എം പുറത്താക്കിയതിനെ തുടർന്ന് പാലാ മുനിസിപ്പാലിറ്റിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ബിനുവിനൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകൾ ദിയ എന്നിവരും വിജയിച്ചു. 13, 14 15 വാർഡുകളിൽ നിന്നാണ് ഇവർ വിജയിച്ചത്.
20 വർഷമായി കൗൺസിലറായ ബിനു, ഒരുതവണ ബി.ജെ.പി സ്ഥാനാർഥിയായും ഒരുതവണ സി.പി.എം സ്ഥാനാർഥിയായും രണ്ടുതവണ സ്വതന്ത്രനായുമാണ് ജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു. എന്നാൽ, മുൻധാരണപ്രകാരം അധ്യക്ഷ സ്ഥാനം സി.പി.എം നൽകാത്തതിനെ തുടർന്ന് അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞിരുന്നു. കേരള കോൺഗ്രസ് എം നേതൃത്വവുമായി ബിനു കടുത്ത തർക്കത്തിലുമായി. ഇതിനൊടുവിലാണ് ബിനുവിനെ സി.പി.എം പുറത്താക്കിയത്.
കന്നി മത്സരത്തിനിറങ്ങിയ ഇരുപത്തിയൊന്നുകാരി ദിയ, മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബി.എ കഴിഞ്ഞ് എം.ബി.എക്കുള്ള ഒരുക്കത്തിലാണ്.
40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.
പാലായിൽ വലിയ സ്വാധീനവും ബന്ധുബലവുമുള്ള കുടുംബമാണ് തങ്ങളുടേതെന്ന് ഒരിക്കൽകൂടി ഇവർ തെളിയിച്ചിരിക്കുകയാണ്. ഇവർ മൂവരും യു.ഡി.എഫിന് പിന്തുണ നൽകിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.


