സൂരജ് ലാമയുടെ തിരോധാനം; പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കുവൈത്തിൽനിന്ന് നാടുകടത്തിയതിനെത്തുടർന്ന് കൊച്ചിയിൽ വിമാനമിറങ്ങിയശേഷം കാണാതായ സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
കമീഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിക്കണം. കണ്ടെത്താൻ എല്ലാ ശ്രമങ്ങളും തുടരണം. മകൻ സാന്റോൺ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും 29ന് പരിഗണിക്കും.
സൂരജ് ലാമ കൊച്ചിയിലെത്തിയത് എമർജൻസി സർട്ടിഫിക്കറ്റിലാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. കുവൈത്തിൽവെച്ച് പാസ്പോർട്ട് നഷ്ടപ്പെട്ടതോ മറ്റോ ആകാം കാരണമെന്നും പറഞ്ഞു. എംബസിയിൽനിന്നുള്ള മുഴുവൻ വിവരങ്ങളും വേണമെന്ന് തുടർന്ന് കോടതി ആവശ്യപ്പെട്ടു. വിശദാംശങ്ങൾ സമർപ്പിക്കാൻ കേന്ദ്രം ഒരാഴ്ചത്തെ സമയം തേടി.
ബംഗളൂരുവിലെ താമസക്കാരനായ സൂരജ് ലാമക്ക് (59) കുവൈത്തിൽ ബിസിനസായിരുന്നു. വിഷമദ്യ ദുരന്തത്തിൽ ഇയാൾക്ക് ഓർമ നഷ്ടപ്പെട്ടതായി പറയുന്നു. ഒക്ടോബർ അഞ്ചിനാണ് നാടുകടത്തിയത്. ഇക്കാര്യം ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. കൊച്ചിയിലെത്തിയശേഷം അലഞ്ഞുനടന്നിരുന്ന ലാമയെ പൊലീസ് അടുത്ത ദിവസം കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അവിടെനിന്ന് കാണാതാവുകയായിരുന്നു.
പൊലീസിൽ പരാതി നൽകിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മകൻ കോടതിയെ സമീപിച്ചത്.അധികൃതരുടെ നടപടികളിൽ വീഴ്ചയുണ്ടെന്ന് ഹരജിക്കാരന്‍റെ അഭിഭാഷക ആരോപിച്ചു. ഈ ഘട്ടത്തിൽ അത് വിശകലനം ചെയ്യുന്നില്ലെന്നും ലാമയെ കണ്ടെത്തുകയാണ് പ്രധാനമെന്നും കോടതി പറഞ്ഞു.


