തോമസ് കെ. തോമസിനെ വെട്ടാനുള്ള നീക്കം പൊളിച്ച് ജില്ല പ്രസിഡന്റുമാർ
text_fieldsതോമസ്. കെ. തോമസ്
കൊച്ചി: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തെത്തുന്നതിൽനിന്ന് തോമസ് കെ. തോമസിനെ വെട്ടാനുള്ള നീക്കം പൊളിച്ച് ജില്ല പ്രസിഡന്റുമാർ. മുതിർന്ന നേതാക്കളിലൊരാളെ സ്ഥാനത്തെത്തിക്കാനുള്ള പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ നീക്കമാണ് ജില്ല പ്രസിഡൻറുമാരുടെ നീക്കത്തിൽ പൊളിച്ചത്. കൊച്ചിയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ തോമസ് കെ. തോമസ് എം.എൽ.എയെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദേശിച്ച നേതാക്കൾതന്നെ യോഗത്തിൽ കളംമാറ്റുകയായിരുന്നു. മുതിർന്ന നേതാക്കളായ വർക്കല രവികുമാർ, പി.കെ. രാജൻ, പി.എം. സുരേഷ് ബാബു എന്നിവരിലൊരാളെ പ്രസിഡൻറ് സ്ഥാനത്തെത്തിക്കുന്നതിനാണ് നേതാക്കൾ തന്ത്രംമെനഞ്ഞത്. നീക്കം പുറത്തായതോടെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് തോമസ് കെ. തോമസിനെ പിന്തുണച്ചുകൊണ്ടുള്ള കത്ത് പത്ത് ജില്ല പ്രസിഡൻറുമാർ നിരീക്ഷകനായെത്തിയ ജിതേന്ദ്ര അവധിന് നൽകി. പിന്നാലെ ആദ്യം ഒപ്പിടാതിരുന്ന കൊല്ലം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ ജില്ല പ്രസിഡൻറുമാരും പിന്നീട് കത്തിലൊപ്പിട്ടു.
പ്രസിഡൻറുമാർ രേഖാമൂലം നിർദേശം നൽകിയതോടെ മുതിർന്ന നേതാക്കൾ പിൻവാങ്ങുകയും ചെയ്തു. ഇതോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് തോമസ് കെ. തോമസിന് എതിരില്ലാതായി. തുടർന്ന് പാർട്ടി ലീഡർ ശരത് പവാറുമായി കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നറിയിച്ച് നിരീക്ഷകൻ യോഗം അവസാനിപ്പിച്ചു.