ട്രഷറിയിൽ നിന്ന് പിൻവലിക്കാനായി നോക്കിയപ്പോൾ കെ.എസ്.ഇ.ബിയുടെ 494.28 കോടി രൂപ കാണാനില്ല; തുക തിരിച്ചെടുത്തത് സർക്കാർ തന്നെ
text_fieldsപാലക്കാട്: കെ.എസ്.ഇ.ബിക്കായി നിക്ഷേപിച്ച 494.28 കോടി രൂപ ട്രഷറിയിൽ നിന്ന് സർക്കാർ തിരിച്ചെടുത്തു. :കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ നഷ്ടത്തിന്റെ 90 ശതമാനം നൽകാമെന്ന ഉറപ്പിൽ കേന്ദ്രസർക്കാരിൽ നിന്ന് 6250 കോടി രൂപ ലഭിച്ചശേഷമാണ് കെ.എസ്.ഇ.ബിക്കായി ട്രഷറിയിൽ നിക്ഷേപിച്ച തുക തിരിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ട്രഷറിയിൽ നിന്ന് പിൻവലിക്കാനായി നോക്കിയപ്പോഴാണ് കെ.എസ്.ഇ.ബി അധികൃതർ തുക കാണാനില്ലെന്ന് അറിഞ്ഞത്. ഇതുസംബന്ധിച്ച് സർക്കാരിൽ നിന്ന് കൂടുതൽ വിശദീകരണങ്ങൾ ലഭിച്ചില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.
കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധന പ്രകാരം കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ നഷ്ടത്തിന്റെ 90 ശതമാനം ഏറ്റെടുത്താൽ ആഭ്യന്തര വരുമാനത്തിന്റെ അരശതമാനമായ 6250 കോടികൂടി സര്‍ക്കാരിന് കടമെടുക്കാൻ അനുവാദം നൽകുമായിരുന്നു. അതിനാലാണ് കെ.എസ്.ഇ.ബി.യുടെ 2023-'24-ലെ നഷ്ടമായ 534.21 കോടി രൂപയുടെ 90 ശതമാനമായ 494.28 കോടി സർക്കാർ ഏറ്റെടുത്ത് കൈമാറി.ഈ തുകയാണ് ഇപ്പോൾ ട്രഷറിയിൽ നിന്ന് ‘അപ്രത്യക്ഷ’മായത്. അതേസമയം കേന്ദ്രത്തിൽ നിന്ന് അധിക കടമെടുപ്പ് തുക കൈപറ്റുകയും ചെയ്തു.
15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശപ്രകാരം 2022-'23-ലാണ് ഈ അധികവായ്പാ പദ്ധതി കേന്ദ്രം തുടങ്ങിയത്. വര്‍ഷംതോറും കെ.എസ്.ഇ.ബി.യുടെ നിശ്ചിതശതമാനം നഷ്ടം ഏറ്റെടുത്താല്‍ സംസ്ഥാനസര്‍ക്കാരിന് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനംകൂടി കടമെടുക്കാന്‍ അര്‍ഹത ലഭിക്കും. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം ഇത് നേടുന്നുണ്ട്.കഴിഞ്ഞവര്‍ഷംതൊട്ട് മുന്നിലെ വര്‍ഷത്തെ നഷ്ടത്തിന്റെ 75 ശതമാനം ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന. അങ്ങനെ 767.71 കോടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.