ഉദ്യോഗാർഥികളുടെ വിവരങ്ങൾ പി.എസ്.സി സർവറിൽ നിന്നോ ഡാറ്റാ ബേയ്‌സിൽ നിന്നോ ചോർന്നിട്ടില്ല- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം : ഉദ്യോഗാർഥികളുടെ വ്യക്തിഗത വിവരങ്ങൾ പി.എസ്.സി സർവറിൽ നിന്നോ ഡാറ്റാ ബേയ്‌സിൽ നിന്നോ ചോർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഡാർക്ക് നെറ്റിൽ വിൽപ്പനക്ക് വെച്ചെന്ന പത്രവാർത്ത സംബന്ധിച്ച് കമീഷനിൽ ചർച്ചക്കായി തയാറാക്കിയ കുറിപ്പ്, ഒരു പത്രത്തിൽ അച്ചടിച്ച് വന്നതുമായി ബന്ധപ്പെട്ട് കെ.പി.എസ്.സിയുടെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഔദ്യോഗിക രഹസ്യ രേഖ പത്രമാധ്യമത്തിന് ലഭിക്കാനിടയായ വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തുവാനായി ഉചിതമായ നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കെ.പി.എസ്.സി കത്ത് നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻറെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്റ്ററിൽ പി.എസ്.സി യുടെ സെർവറിൽ ഡേറ്റ സുരക്ഷിതമാണ്. സർക്കാർ സൈബർ സെക്യൂരിറ്റിയുടെ ചുമതലയുള്ള സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗും ക്വാളിറ്റി സർട്ടിഫിക്കേഷനും(എസ്.ടി.ക്യൂ.സി) 2 സോഫ്റ്റ് വെയറുകൾ സെക്യൂരിറ്റി ആഡിറ്റിന് 'വിധേയമാക്കിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ വീണ്ടും സെക്യൂരിറ്റി ആഡിറ്റിന് വിധേയമാക്കുന്നുണ്ട്. നിലവിൽ സുരക്ഷാ സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. ഈ വിവരം പുറത്ത് വിട്ടത് മാധ്യമം വാർത്തയിലൂടെയാണ്.