അന്വേഷണം പാർട്ടിക്ക് പുറത്തേക്കും; ‘വൈദേകം’ വിവാദത്തിന് പുതിയ മാനം
text_fieldsകണ്ണൂർ: ഇ.പി. ജയരാജനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന സാമ്പത്തിക ആരോപണത്തിന് കാരണമായ ‘വൈദേകം’ റിസോർട്ട് വിവാദം ഇനി പാർട്ടിക്ക് പുറത്തേക്കും. തുടക്കംമുതലേ വിവാദങ്ങളാൽ പടുത്തുയർത്തിയ റിസോർട്ട് പാർട്ടിക്കുള്ളിൽ നേരത്തേ ജയരാജനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുപുറമെ ആദായനികുതി വകുപ്പിന്റെ പരിശോധന കൂടിയായതോടെ അന്വേഷണം പാർട്ടിക്ക് പുറത്തേക്കുകൂടി കടന്ന് വിവാദത്തിന് പുതിയ മാനം കൈവരുകയാണ്.
റിസോർട്ട് നിർമാണത്തിന്റെ പേരിൽ പ്രാദേശികതലത്തിൽ ഇ.പി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയായിരുന്നു പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്. വിഷയത്തിൽ നികുതി വകുപ്പിന്റെ പരിശോധനകൂടിയാകുന്നതോടെ ഇ.പി പാർട്ടിക്ക് പുറത്തും കൂടുതൽ പ്രതിരോധത്തിലാകും. ഇ.പിയുടെ മകൻ പി.കെ. ജയ്സൺ ചെയർമാനും സി.പി.എമ്മിന്റെ അടുപ്പക്കാരനും വ്യവസായിയുമായ കെ.പി. രമേഷ് കുമാർ മാനേജിങ് ഡയറക്ടറുമായി രൂപംകൊണ്ട കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ എന്ന കമ്പനിയുടെ പേരിലായിരുന്നു റിസോർട്ട് നിർമാണം. ജില്ല ബാങ്കിൽനിന്ന് വിരമിച്ച ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയും കമ്പനിയിലെ ആദ്യ ഡയറക്ടർ ബോർഡംഗമായിരുന്നു. തുടർന്ന് ഇ.പിയുമായി അകന്ന രമേഷ് കുമാറിനെ എം.ഡി സ്ഥാനത്തുനിന്ന് നീക്കുകയും ഇന്ദിരയെ ചെയർപേഴ്സനായി നിയമിക്കുകയും ചെയ്തു.
തനിക്ക് നേരിട്ട് നിക്ഷേപമില്ലെന്നും മകന്റെ സമ്പാദ്യവും ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച തുകയും ഉപയോഗിച്ചാണ് റിസോർട്ട് നിർമിച്ചതെന്നായിരുന്നു ഇ.പിയുടെ വിശദീകരണം. ഇതുതന്നെയായിരുന്നു ഇ.പിയെ ഒരുപരിധിവരെ ന്യായീകരിച്ചുള്ള പാർട്ടിയുടെ വാദവും.ഈ പശ്ചാത്തലത്തിൽ നിലവിലുള്ള അന്വേഷണം ഇ.പി. ജയരാജനെ നേരിട്ട് പ്രതിക്കൂട്ടിലാക്കാനാണെന്ന പ്രതിരോധം ഉന്നയിക്കാൻ സി.പി.എമ്മിനും പരിമിതിയേറെയാണ്. നിയമങ്ങൾ കാറ്റിൽ പടർത്തി സി.പി.എം ശക്തികേന്ദ്രമായ മൊറാഴയിൽ വെള്ളിക്കീലിൽ പാലോക്കുന്നിന് മുകളിലായിരുന്നു റിസോർട്ട് നിർമാണം.
പ്രവൃത്തി തുടങ്ങി ഏറെ കഴിഞ്ഞ് 2016ലാണ് പത്തേക്കർ കുന്നിടിച്ചുള്ള റിസോർട്ട് നിർമാണത്തിന് ആന്തൂർ നഗരസഭയിൽനിന്ന് അനുമതി നേടിയത്. കുന്നിടിച്ചുള്ള നിർമാണ പ്രവർത്തനത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നാവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കലക്ടർക്ക് അന്ന് പരാതി നൽകിയിരുന്നു. പഠനം നടത്താൻ കലക്ടർ ജിയോളജി വകുപ്പിന് നിർദേശം നൽകിയെങ്കിലും തുടർ നടപടിയൊന്നുമുണ്ടായില്ല.
എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് പരാതികളില്ലാത്ത വിധത്തിലായിരുന്നു ഇ.പി റിസോർട്ടുമായി മുന്നോട്ടുപോയത്. നിർമാണ പ്രവൃത്തി ചട്ടലംഘന ആരോപണങ്ങൾക്കുപുറമെ കള്ളപ്പണ നിക്ഷേപത്തിന്റെ പശ്ചാത്തലത്തിലുള്ള പരിശോധനയും കൂടിയാകുന്നതോടെ വിഷയത്തിൽ പാർട്ടിയും ഇ.പിയും വിശദീകരണത്തിന് ഒരുപോലെ വിയർക്കുമെന്നുറപ്പ്.-