ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസ് ഉറപ്പിച്ചേക്കും
text_fieldsകോട്ടയം: ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവിയുമെന്ന സി.പി.എം നിർദേശം കേരള കോൺഗ്രസ് അംഗീകരിച്ചേക്കും. ശനിയാഴ്ച പാലായിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ ഇതുസംബന്ധിച്ച് ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് വിവരം. എന്നാൽ, രണ്ട് മന്ത്രിസ്ഥാനത്തിന് ശ്രമം തുടരും. കേരള കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമായശേഷം ആദ്യമായി നടക്കുന്ന ചർച്ചകളിൽ കൂടുതൽ മന്ത്രിസ്ഥാനത്തിന് തർക്കം വേണ്ടെന്ന നിലപാട് പാർട്ടിക്കുണ്ട്. ചൊവ്വാഴ്ചത്തെ ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും.
സി.പി.എം-കേരള കോൺഗ്രസ് ചർച്ചയിലെ നിർദേശങ്ങൾ പ്രമുഖ നേതാക്കളുമായി ജോസ് കെ. മാണി പങ്കുവെച്ചു. റോഷി അഗസ്റ്റിനെ മന്ത്രിയാക്കാനും ഡോ. എൻ. ജയരാജിനെ ചീഫ് വിപ്പാക്കാനുമാണ് തീരുമാനം. ഡോ. ജയരാജ് ഇത് അംഗീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ വിട്ടുവീഴ്ചക്ക് തയാറാകാനും പാർട്ടി തീരുമാനിച്ചതായാണ് വിവരം.
സി.പി.എം നേതാക്കളുമായുള്ള ചർച്ചയിൽ കാർഷികമേഖലയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്തു. മധ്യകേരളത്തിലെ അഭിമാനാർഹമായ വിജയവും അതിൽ കേരള കോൺഗ്രസിെൻറ പങ്കും ഇരുപാർട്ടിയുടെയും നേതാക്കൾ പങ്കുവെച്ചു. അതിനിടെ, സി.പി.എം വോട്ട് ഒരിടത്തും കേരള കോണ്‍ഗ്രസിന് ലഭിക്കാതിരുന്നിട്ടില്ലെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.