Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരാവകാശ രേഖകൾ...

വിവരാവകാശ രേഖകൾ സാക്ഷി; താമസിക്കുന്ന സര്‍വേ നമ്പറിലെ ഭൂമിയും വസന്തയുടേതല്ല

text_fields
bookmark_border
വിവരാവകാശ രേഖകൾ സാക്ഷി; താമസിക്കുന്ന സര്‍വേ നമ്പറിലെ ഭൂമിയും വസന്തയുടേതല്ല
cancel

നെയ്യാറ്റിന്‍കര: രാജനും കുടുംബത്തിനുമെതിരെ ഭൂമി കൈയേറ്റത്തിന് കേസ് നൽകിയ വസന്ത താമസിക്കുന്ന സര്‍വേ നമ്പരിലെ ഭൂമി വസന്തയുടേതല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയുമായി രാജന്‍റെ മക്കളായ രഞ്ജിത്തും രാഹുലും. രാജന്‍ മരിക്കുന്നതിന് ഒരു മാസം മുമ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങളിൽ വസന്തക്ക് ഭൂമിയില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് മറുപടിയായി ലഭിച്ചത്.

വസന്തയുടേതെന്ന് പറയുന്ന ഭൂമിയുടെ സര്‍വ്വേ നമ്പര്‍ മറ്റുമൂന്നുപേരുടെ പേരിലുള്ളതാണ്. ഈ ഭൂമി എങ്ങനെ വസന്തയുടെതായെന്ന് ഇവർ ചോദിക്കുന്നു. ഇല്ലാത്ത ഭൂമിയില്‍ വസന്തക്ക് എങ്ങനെ അനുകൂല വിധി കിട്ടിയെന്നതും രാജന്‍റെ മക്കള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ്.

കോടതിയെയും കബളിപ്പിച്ചാണ് വിധി നേടിയതെന്ന് രഞ്ജിത് പറയുന്നു. കൈമാറ്റം ചെയ്യാന്‍ അവകാശമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള ഈ ഭൂമി വസന്തക്ക് കൈമാറിയതെങ്ങനെ. നാല് സെന്‍റ് ഭൂമി അനുവദിച്ച സ്ഥലത്ത് വസന്തക്ക് 12 സെന്‍റ് ഭൂമിയുണ്ടെന്ന് പറയുന്നതിലും അന്വേഷണം നടത്തിയാല്‍ കള്ളി വെളിച്ചത്താകുമെന്നും രഞ്ജിത് പറയുന്നു.

വസന്തക്ക് എട്ട് സെന്‍റില്‍ വീട് വെക്കാന്‍ എങ്ങനെ അനുവാദം കിട്ടിയെന്നതും അന്വേഷിക്കണമെന്ന് നെട്ടത്തോട്ടം കോളനി നിവാസികള്‍ പറയുന്നു. മറ്റൊരാളുടെ ഭൂമിയുടെ അധികാരം വസന്തയുടെ പേരിലെത്തിയതിനെ കുറിച്ചും സമഗ്ര അന്വേഷണം നടത്തണം. വസന്തയുടെ കസ്റ്റഡി പോലും നാടകീയമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. അറസ്റ്റ് ചെയ്യാന്‍ കാരണമില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ ഈ വ്യാജരേഖയെ കുറിച്ച് അന്വേഷണം നടത്തിയാല്‍ വസന്ത കുടുങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.

ബോബി ചെമ്മണ്ണൂരിനെയും കോടതിയെയും വസന്ത തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇവർ ആരോപിക്കുന്നു. വ്യാജപട്ടയം വെച്ചാണ് വസന്ത തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഭൂമി എങ്ങനെയാണ് കൈക്കലാക്കി പട്ടയമുള്ളതായി കാണിക്കുന്നതെന്ന് കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. രാജനും കുടുംബവും താമസിച്ച സ്ഥലം ബോബി ചെമ്മണ്ണൂർ വസന്തയിൽ നിന്ന് വില കൊടുത്ത് വാങ്ങിയിരുന്നു. രാജന്‍റെ മക്കൾക്ക് കൈമാറാനായിരുന്നു നീക്കം. എന്നാൽ, ഭൂമി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും വിലകൊടുത്ത് വാങ്ങേണ്ടതില്ലെന്നും പറഞ്ഞ് രാജന്‍റെ മക്കൾ ബോബിയുടെ സഹായം സ്നേഹപൂർവം നിരസിക്കുകയായിരുന്നു.

Show Full Article
TAGS:neyyattinkara death neyyattinkara couple death 
News Summary - the land does not belong to Vasantha rti document reveals
Next Story