പട്ടിന്റെ പകിട്ടില്ല, കുത്താമ്പുള്ളിയിലെ നെയ്ത്തുകാരുടെ ജീവിതത്തിന്
text_fieldsകുത്താമ്പുള്ളിയിലെ നെയ്ത്തുശാലകളിൽ ഒന്ന്
തിരുവില്വാമല: പ്രതിസന്ധികൾ പിൻവിളി വിളിക്കുമ്പോഴും പ്രതീക്ഷയുടെ സുവർണ നൂലുകൾ പൊട്ടാതെ ജീവിതത്തിന്റെ ഇഴകൾ നെയ്യാൻ പാടുപെടുകയാണ് കുത്താമ്പുള്ളിയിലെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികൾ. അഞ്ച് തലമുറ മുമ്പ് കൊച്ചി രാജാവിന്റെ ഉടയാടകൾ നെയ്യാൻ കർണാടകത്തിൽനിന്ന് എത്തിയ ദേവാങ്ക സമുദായക്കാരുടെ പിന്മുറക്കാരാണ് ഇവിടത്തെ നെയ്ത്തുകാർ.
വസ്ത്രങ്ങൾ നെയ്യാൻ ധാരാളം വെള്ളം വേണം. അതുകൊണ്ടാണ് ദേവാങ്കർ ഗായത്രിപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമകേന്ദ്രമായ കുത്താമ്പുള്ളിയിൽ താവളമുറപ്പിച്ചത്. ആയിരത്തോളം കുടുംബങ്ങളാണ് നെയ്ത്തും വ്യാപാരവുമായി കുത്താമ്പുള്ളിയിലുള്ളത്. ഇപ്പോഴും പഴമയുടെ സംസ്കാരം പിന്തുടരുന്നവർ. കന്നടയും തമിഴും ചേർന്ന ലിപിയില്ലാത്ത സങ്കര ഭാഷയിലാണ് ഇവർ ഇപ്പോഴും തമ്മിൽ സംസാരിക്കുന്നത്. 14ാം വയസ്സിൽ നെയ്ത്ത് തുടങ്ങിയതാണ്, ഇപ്പോൾ 72 വയസ്സുള്ള കാട്ടൂർ നടരാജൻ. തറിയിൽ ഒരു മുണ്ട് നെയ്യാൻ ആറ് മണിക്കൂർ വേണം. ഒരു മുണ്ട് നെയ്തെടുത്താൽ കിട്ടുന്നത് 300 രൂപ. രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ നെയ്ത്തിനിരിക്കും.
ഇതിനിടക്ക് ആഹാരത്തിനും മറ്റും മാത്രമാണ് എഴുന്നേൽക്കുന്നത്. 16 മണിക്കൂറോളം നെയ്താലാണ് 500-600 രൂപ കൂലി ഒക്കുന്നത്. പുതിയ തലമുറക്ക് നെയ്ത്തിനോട് വിമുഖതക്കുള്ള കാരണം കുറഞ്ഞ വേതനവും വർധിച്ച അധ്വാനവുമാണെന്ന് നടരാജൻ പറയുന്നു. നെയ്ത്തല്ലാതെ മറ്റു തൊഴിലൊന്നും അറിയില്ലെന്ന് കുത്താമ്പുള്ളിത്തെരുവിലെ 52കാരൻ അറുമുഖൻ പറയുന്നു. പിതാവിൽനിന്നാണ് കുലത്തൊഴിൽ പഠിച്ചത്. എന്നാൽ, മക്കളെ നെയ്ത്തിന് വിടാതെ പഠിപ്പിച്ച് മറ്റു തൊഴിലിലേക്ക് തിരിച്ചുവിട്ടു. തങ്ങളുടെ കാലം കഴിഞ്ഞാൽ കുത്താമ്പുള്ളിയിൽ നെയ്ത്ത് തൊഴിലിൽ ഏർപ്പെടുന്നവർ പേരിന് മാത്രമാവുമെന്ന് അറുമുഖൻ പറയുന്നു. കുത്താമ്പുള്ളി പട്ട് മലയാളികളിലൂടെ ലോകമെങ്ങും അറിയപ്പെടുന്നുണ്ടെങ്കിലും ഇവിടെയുള്ളവരുടെ ജീവിതത്തിന് അത്ര പകിട്ട് പോര. വാഗ്ദാനങ്ങളല്ലാതെ നെയ്ത്ത് തൊഴിലാളികളെ സർക്കാറും കാര്യമായി പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുത്താമ്പുള്ളിയിൽ നെയ്യുന്ന വസ്ത്രങ്ങൾ വിൽക്കുന്ന പലരും ഉയർന്ന് പോയെങ്കിലും തറികളിൽ ജീവിതം തളക്കപ്പെട്ടവരുടെ ജീവിതം ഇപ്പോഴും പച്ച തൊട്ടിട്ടില്ല.
ഇപ്പോൾ ഓണക്കാല തിരക്കിലാണ് കുത്താമ്പുള്ളി നെയ്ത്ത് ഗ്രാമം. വഴികളിലൂടെ നടക്കുമ്പോൾ എങ്ങും തറികളുടെ ‘ടക് ടക്..’ ശബ്ദം മാത്രം. സൂറത്തിൽനിന്ന് കസവും സേലത്തുനിന്ന് പാവും എത്തിച്ചുനൽകുന്നത് വ്യാപാരികളാണ്. ഇതുപയോഗിച്ച് നെയ്തെടുക്കുന്ന കുത്താമ്പുള്ളി കസവിന് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വസ്ത്രവ്യാപാരികൾ തിരക്കുകൂട്ടിയെത്തും. ഓണവിപണി ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുമ്പ് കസവ് കലവറകൾ നിറച്ച് തയാറെടുക്കും. ഓണത്തിന് രണ്ട് മൂന്ന് മാസം മുമ്പ് മുതൽ ഈ ഗ്രാമത്തിലാകെ വസ്ത്രം വാങ്ങാനെത്തിയവയുടെ തിരക്കാവും. കുത്താമ്പുള്ളി കസവില്ലാതെ മലയാളക്കരക്ക് ഓണമില്ലെന്ന അവസ്ഥ വരെയുണ്ട്.
200 രൂപയുടെ പവർലൂം മുതൽ 20,000 രൂപ വിലയുള്ള കൈത്തറി വസ്ത്രങ്ങൾ വരെയുണ്ട്. ഓരോ വർഷവും കസവിൽ പുതുമ തീർത്താണ് ദേവാങ്കർ ഓണ വിപണിയിൽ എത്തുന്നത്. കുത്താമ്പുള്ളി സാരി ഭൗമസൂചിക അംഗീകാരം നേടിയിട്ടുണ്ട്. സാരിക്ക് പുറമെ കസവ് മുണ്ട്, സെറ്റ് സാരി, ഡിസൈനർ സാരി തുടങ്ങിയവയാണ് കുത്താമ്പുള്ളിയിൽ പ്രധാനമായും നെയ്തെടുക്കുന്നത്.