വിഴിഞ്ഞത്തണഞ്ഞ ആദ്യകപ്പലിലെ മലയാളി താരമായി പ്രജീഷ്
text_fieldsപ്രജീഷ്
ഒറ്റപ്പാലം: വിഴിഞ്ഞം തുറമുഖത്ത് ആദ്യമണഞ്ഞ കപ്പലിലെ ഏക മലയാളി സാന്നിധ്യമാകാൻ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വാണിയംകുളം സ്വദേശി പ്രജീഷിന്റെ കുടുംബം. ലോകശ്രദ്ധ നേടിയ വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ട കപ്പലിലെ മറൈൻ ഇലക്ട്രിക്കൽ ഓഫിസറാണ് പ്രജീഷ് എന്ന 38കാരൻ. വാണിയംകുളം അങ്ങാടിയിൽ അജീഷ് നിവാസിൽ ഗോവിന്ദരാജ്-ശശിപ്രഭ ദമ്പതികളുടെ മകനാണ് പ്രജീഷ്.
വിഴിഞ്ഞത്തണഞ്ഞ സാൻ ഫെർണാണ്ടോ കപ്പലിലെ ഏക മലയാളി സാന്നിധ്യമാണെന്ന വാർത്ത പരന്നതു മുതൽ കുടുംബം പങ്കിടുന്നത് അത്യാഹ്ലാദമാണ്. ജൂലൈ രണ്ടിനാണ് മെസ്കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ് ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്ന് വിഴിഞ്ഞത്തേക്ക് തിരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിൽ ആദ്യ കപ്പലിനൊപ്പം ഏക മലയാളി സാന്നിധ്യമെന്ന നിലയിൽ പ്രജീഷും ഇടംപിടിച്ചു. പ്രജീഷ് ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരും 17 വിദേശികളും അടക്കം 22 ജീവനക്കാരാണ് കപ്പലിലുള്ളത്. പത്തു വർഷം മുമ്പാണ് പ്രജീഷ് കപ്പൽ ജോലിയിൽ പ്രവേശിച്ചത്. പോളിടെക്നിക് പഠനത്തിനുശേഷം മറൈൻ ഷിപ് കോഴ്സ് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചപ്പോഴാണ് കുടുംബം പഠനത്തിനുള്ള സൗകര്യമൊരുക്കിയത്. ജോലിയിൽ പ്രവേശിച്ചശേഷം മൂന്നാമത്തെ കമ്പനിയുടെ കപ്പലാണിത്.
ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിലെ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷം തികയുന്നതിനു മുമ്പാണ് അസൂയാവഹമായ നേട്ടം. ഭാര്യ: ശരണ്യ. മകൻ: വിഹാൻ.