Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസതീശനെ പിന്തുണച്ചതിൽ...

സതീശനെ പിന്തുണച്ചതിൽ മുസ്​ലിം ലീഗ്​ പരിഗണിച്ചത്​ ‘ജനഹിതം’

text_fields
bookmark_border
സതീശനെ പിന്തുണച്ചതിൽ മുസ്​ലിം ലീഗ്​   പരിഗണിച്ചത്​ ‘ജനഹിതം’
cancel
camera_alt

ആലുവ ദേശത്തെ വീട്ടിൽനിന്ന്​ വി.ഡി. സതീശൻ

തിരുവനന്തപുരത്തേക്ക്​ പുറപ്പെടുന്നു -രതീഷ്​ ഭാസ്കർ

കോഴിക്കോട്: പ്രതിയോഗികളുടെ പഴികൾ പലതും കേട്ടിട്ടും വി.ഡി. സതീശനുവേണ്ടി തുടക്കംമുതൽ ഉറച്ച നിലപാട് സ്വീകരിക്കാൻ മുസ്ലിം ലീഗിനെ പ്രേരിപ്പിച്ചത് അടിത്തട്ടിൽനിന്ന് മനസ്സിലാക്കിയ ‘ഗ്രൗണ്ട് റിയാലിറ്റി’. വി.ഡി. സതീശൻ എന്ന വ്യക്തിയെ അല്ല ലീഗ് പിന്തുണച്ചതെന്നും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രതിപക്ഷ പ്രവർത്തനങ്ങളിൽ ജനഹിതം എന്താണെന്ന് പാർട്ടി പ്രവർത്തകരിൽനിന്നും കോൺഗ്രസ് പ്രവർത്തകരിൽനിന്നും യു.ഡി.എഫിനെ പിന്തുണച്ച ബഹുജനങ്ങളിൽനിന്നും കൃത്യമായി മനസ്സിലാക്കിയാണ് നിലപാട് എടുത്തതെന്നും മുതിർന്ന ലീഗ് നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരോട് ലീഗിന് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. അതേസമയം, പ്രതിപക്ഷത്തെ നയിച്ച നേതാവ് എന്ന നിലയിൽ ഘടകകക്ഷികളെ ചേർത്തുപിടിച്ച് ആസൂത്രണംചെയ്ത കാര്യങ്ങൾക്ക് ഭരണത്തിൽ തുടർച്ചയുണ്ടാകണമെങ്കിൽ നേതൃത്വംനൽകിയ സതീശൻ തന്നെ മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകണമെന്ന ബോധ്യമാണ് പാർട്ടിയുടെ ഉറച്ച നിലപാടിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിപ്രായം തേടിയ ഹൈക്കമാൻഡ് പ്രതിനിധികളെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ലീഗ് നേതൃത്വം ധരിപ്പിച്ചത്: * ജനഹിതം വി.ഡി. സതീശന് അനുകൂലമാണ്. ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചാൽ വിജയത്തിന്‍റെ തിളക്കം നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, ഭരണത്തിൽ പലതരത്തിലുള്ള കല്ലുകടി സൃഷ്കിക്കുകയും ചെയ്യും. രണ്ടാമത്തെ കാര്യം, ഉപതെരഞ്ഞെടുപ്പുകൾക്ക് സാഹചര്യം സൃഷ്ടിക്കുന്നത് പ്രതികൂല ജനവികാരം സൃഷ്ടിക്കുമെന്നതാണ്. കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിഭാഗവും മനസ്സുകൊണ്ട് വി.ഡി. സതീശന് അനുകൂലമാണെന്ന കാര്യം ലീഗ് നേതൃത്വവുമായി പങ്കുവെച്ചതും ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തി.

എ.ഐ.സി.സി ജന. സെക്രട്ടറി എന്ന നിലയിൽ മൂന്ന് നേതാക്കളെയും പിന്തുണച്ചവരുടെ പേരുകൾ കെ.സി. വേണുഗോപാൽ അറിയുമെന്ന ഭീതിയിലാണ് പല എം.എൽ.എമാരും അദ്ദേഹത്തെ പിന്തുണച്ചതെന്ന കാര്യം ലീഗ് നേതൃത്വത്തോട് രഹസ്യമായി പങ്കുവെച്ചിരുന്നു.

വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് എടുക്കണമെന്നും എം.എൽ.എമാർ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ എം.എൽ.എമാരോട് ഹൈക്കമാൻഡ് അഭിപ്രായം തേടിയ രീതി ഫലപ്രദമായതായിരുന്നില്ല എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് റിസൽട്ടിന് ശേഷം നടന്ന ലീഗിന്‍റെ പ്രഥമ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വാർഡ്, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ വിശകലനങ്ങൾ കൃത്യമായി ജില്ല കമ്മിറ്റി ഭാരവാഹികൾ അവതരിപ്പിക്കുകയും ഗ്രൗണ്ട് റിയാലിറ്റി നേതൃത്വത്തെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. യോഗം ഏകകണ്ഠമായി വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന വികാരമാണ് പങ്കുവെച്ചത്. ഇതിന് പുറമെ, ലീഗ് ചുമതലപ്പെടുത്തിയ പ്രഫഷനൽ ഏജൻസികളും ഇതേ റിപ്പോർട്ടാണ് നേതൃത്വത്തിന് സമർപ്പിച്ചത്.

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാൽ സത്യപ്രതിജ്ഞ ചടങ്ങുവരെ അലങ്കോലപ്പെടാൻ സാധ്യതയുണ്ടെന്ന പൊലീസ് സോഴ്സുകളിൽനിന്നുള്ള വിവരവും ലീഗ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വിഷയത്തിൽ ലീഗ് ഉറച്ച നിലപാട് സ്വീകരിച്ചത്.

Show Full Article
TAGS:Muslim League public opinion election VD Satheesan 
News Summary - The Muslim League considered 'public opinion' in supporting Satheesan.
Next Story