ഹൃദയം ദാനം ചെയ്ത ഐസക് ജോർജ്ജിന്റെ അന്ത്യയാത്രയിൽ നാടിന്റെ കണ്ണീരലകളലിഞ്ഞു; പിന്നെയും മിടിച്ച് ഐസകിന്റെ ഹൃദയം
text_fieldsപത്തനാപുരം: മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവ ദാനം ചെയ്ത ഐസക് ജോർജ്ജിന്റെ തലവൂർ വടകോട് ബഥേൽ ചരുവിളവീട്ടിലെ അന്ത്യയാത്രാ ചടങ്ങുകൾ അക്ഷരാർത്ഥത്തിൽ കണ്ണീരിൽ കുതിർന്നു. വെള്ളിയാഴ്ച മുതൽ നാടിന്റെ നാനാഭാഗത്തുനിന്നും ഐസക് ജോർജ്ജിന് അന്തിമോപചാരമർപ്പിക്കാൻ ആളുകൾ എത്തിക്കൊണ്ടിരുന്നു.
ശനിയാഴ്ച്ച രാവിലെയോടെ ഇവിടേക്ക് ജനപ്രവാഹമായി. ‘പൊന്നുമോനേ.. നീ ഞങ്ങളെ വിട്ടുപോയല്ലോടാ..’ എന്ന ഐസക്കിന്റെ മാതാവ് ശാന്തമ്മ ജോർജ്ജിന്റെ അലമുറ അവിടെ തിങ്ങി നിറഞ്ഞവരുടെ കണ്ണ് നനയിച്ചു.
മരണാനന്തരചടങ്ങ് നടക്കുമ്പോൾ, മൊബൈൽ മോർച്ചറിയിൽ കിടക്കുന്ന പപ്പയെ നോക്കി ഏക മകൾ രണ്ടു വയസുകാരി അമേല്യ നാൻസി ഐസക് ഒന്നുമറിയാതെ ചുറ്റി തിരിയുമ്പോൾ അതുകണ്ടുനിൽക്കാൻ പലർക്കുമായില്ല.
സങ്കടം സഹിക്കാനാവാതെ ഐസക്കിന്റെ ഭാര്യ നാൻസി മറിയം സാം പൊട്ടിക്കരഞ്ഞപ്പോൾ, മകൾ അമേല്യ ഓടിയെത്തി അമ്മയുടെ കണ്ണുനീർ തുടക്കുന്ന കാഴ്ച ഹൃദയ ഭേദകമായിരുന്നു.
എല്ലാവർക്കും അത്രമേൽ പ്രിയപെട്ടവനായിരുന്നു ഐസക് ജോർജ്ജ്. ഇഷ്ട മേഖലയായ ഫോട്ടോഗ്രാഫിയിൽ തുടങ്ങി ജൈവ കൃഷിയിലും, ഹോട്ടൽ മേഖലയിലും, പരസ്യ മേഖലയിലുമൊക്കെ പ്രാഗത്ഭ്യം തെളിയിച്ച ഐസക് എന്ന മുപ്പത്തി മൂന്നുകാരനെ എല്ലാവരും ഹൃദയത്തോടു ചേർത്തതിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയായിരുന്നു വിടവാങ്ങൽ ചടങ്ങിൽ ദൃശ്യമായതും.
എഴുകോണിൽ നിന്നെത്തിയ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ഉദയൻ, ഐസക് ആദ്യകാലം ചിത്രമെടുത്ത് പഠിച്ച 20 വർഷം പഴക്കമുള്ള തന്റെ ക്യാമറ റീത്തിന് പകരമായി ഐസക്കിന്റെ നെഞ്ചോട് ചേർത്തുവെച്ചതും വേദനിപ്പിക്കുന്ന അപൂർവ കാഴ്ചയായി.
അങ്ങനെ വീട്ടുകാർക്കും, നാട്ടുകാർക്കും ഒരുപിടി നല്ല ഓർമ്മകൾ ബാക്കി വെച്ച് ഐസക് യാത്രയാകുമ്പോൾ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 കാരനിലൂടെ ഐസകിന്റെ ഹൃദയം മിടിച്ചുതുടങ്ങും.
വൈകീട്ട് മൂന്നു മണിയോടെ കുണ്ടറ ഇടവട്ടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. മന്ത്രി കെ.ബി. ഗണേഷ്‌കുമാർ, കെ.പി.സി.സി. നിർവാഹക സമിതിയംഗം ജ്യോതികുമാർ ചാമക്കാല, ഡി. വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ട്രഷറർ എസ്.ആർ. അരുൺ ബാബു, കെ.പി.സി.സി അംഗം സി. ആർ. നജീബ് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ ഐസക് ജോർജ്ജിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.


