പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്; വെറുമൊരു ബദൽപാതയല്ല, നാടിന്റെ നിലനിൽപാണ്
text_fieldsപടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ വയനാട് ഭാഗം. ബാണാസുര സാഗർ ഡാമിനടുത്തുള്ള പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറ്റ്യാംവയലിൽ നിന്നാണ് പാതയുടെ വയനാട്
ഭാഗം തുടങ്ങുന്നത്
താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർണമായി മുടങ്ങുന്ന സമയത്തു മാത്രം ചർച്ചയാവുകയും പിന്നീട് വിസ്മൃതിയിലാവുകയും ചെയ്യുന്ന ഒന്നാണ് വയനാട്ടിലേക്കുള്ള ബദൽ പാതകൾ. ഇതിൽ പ്രധാനപ്പെട്ടതും എളുപ്പത്തിൽ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുന്നതുമാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. കാത്തിരിപ്പിനൊടുവിൽ റോഡിനായുള്ള കോഴിക്കോട് ഭാഗത്തെ സർവേ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. 1978 മുതൽ സജീവ ചർച്ചയായ ഈ പാത പൂർത്തിയാകാത്തതിനുപിന്നിൽ ദുരൂഹതയുണ്ട്. സൗജന്യമായി ഭൂമി വിട്ടുനൽകിയ കുടുംബങ്ങളെ കബളിപ്പിക്കുന്നതാരാണ്? എന്താണ് ഈ ബദൽ പാതക്ക് പിന്നിൽ നടക്കുന്നത്? ‘മാധ്യമം’ നടത്തുന്ന അന്വേഷണ പരമ്പര ഇന്നുമുതൽ.
‘ 27 സെന്റ് സ്ഥലം ഒരു രൂപ വാങ്ങാതെയാണ് ഞാൻ കൊടുത്തത്. സ്ഥലം ഏറ്റെടുക്കുമ്പോൾ പൂഴിത്തോട് റോഡ് ഉടൻ വരുമെന്നായിരുന്നു വാഗ്ദാനം. 35 വർഷം കഴിഞ്ഞിട്ടും റോഡും കിട്ടിയില്ല, കണ്ണായ സ്ഥലവും പോയി...’ വയനാട് പടിഞ്ഞാറത്തറ കുറ്റ്യാംവയലിലെ മേച്ചേരി ബെന്നി ഇത് പറഞ്ഞത് ശബ്ദം ഇടറിക്കൊണ്ടാണ്. ഇത് ബെന്നിയുടെ മാത്രം അനുഭവമല്ല. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാതക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്ത കോഴിക്കോട്-വയനാട് ജില്ലകളിലെ 183 കുടുംബങ്ങൾ വഞ്ചിക്കപ്പെട്ടതിന്റെ കഥയാണ്.
പാതക്കായി സ്ഥലം നൽകിയവർ വഞ്ചിക്കപ്പെട്ടു
ഒരു നാടിന്റെ ഗതാഗത സ്വപ്നങ്ങൾക്കായി ലക്ഷങ്ങൾ വില വരുന്ന ഏക്കർ കണക്കിന് കൃഷിഭൂമിയും പുരയിടവും സർക്കാറിലേക്ക് കൈമാറിയിട്ടും ബദൽ പാത മാത്രം യാഥാർഥ്യമാവാത്ത നെറികേടിന്റെ കഥകളാണ് മലയോര ജനതക്ക് പറയാനുള്ളത്. നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയാൽ ബദൽ റോഡ് വരുമെന്ന് അവർക്ക് ഉറപ്പുനൽകിയവരെല്ലാം ഇന്ന് മൗനത്തിലാണ്. തങ്ങൾ മരിക്കുന്നതിന് മുമ്പെങ്കിലും റോഡ് പ്രവൃത്തി പൂർത്തിയാകുമോ എന്നാണ് അവർ ചോദിക്കുന്നത്.
ബദൽപാതക്കായി 27 സെന്റ് സ്ഥലം നൽകിയ പടിഞ്ഞാറത്തറ കുറ്റ്യാംവയലിലെ ബെന്നി
താമരശ്ശേരി ചുരം റോഡിലെ നിരന്തര ഗതാഗതക്കുരുക്കിന് പരിഹാരമായുള്ള നിരവധി നിർദേശങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. റോഡ് നിർമാണത്തിനായി 35 വർഷം മുമ്പ് ഭൂമി നൽകിയവരിൽ പലരും ഇതിനോടകം മരണപ്പെട്ടു. അവശേഷിക്കുന്നവരും അവരുടെ അനന്തരാവകാശികളും ഇന്ന് നിരാശയിലാണ്. ഭൂമി കൈമാറിയവരിൽ വിവിധ മതക്കാരും പ്രദേശത്തുകാരും ഉൾപ്പെടുന്നുണ്ട്. അന്ന് ലക്ഷങ്ങളും ഇന്ന് കോടികളും ലഭിക്കുമായിരുന്ന ഭൂമി സർക്കാറിലേക്ക് വിട്ടുനൽകുമ്പോൾ നാടിന്റെ വികസനമെന്ന ഒരേ ഒരു ലക്ഷ്യംമാത്രമേ അവർക്ക് മുന്നിലുണ്ടായിരുന്നുള്ളൂ.
വനംവകുപ്പിന് പകരം ഭൂമി, അതും നാട്ടുകാർ നൽകി
രണ്ടു ജില്ലകളിലെ വനാതിർത്തി വരെയുള്ള റോഡിന് നാട്ടുകാർ ഭൂമി നൽകുകയും വനം വകുപ്പിന്റെ നഷ്ടപ്പെടുന്ന ഭൂമിക്ക് പകരം തരിയോട്, വെള്ളമുണ്ട, തൊണ്ടർനാട്, കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകൾ തുടങ്ങിയിവിടങ്ങളിൽ ഭൂമി കണ്ടെത്തി നൽകാനുമായിരുന്നു തീരുമാനം. നിലവിലെ റോഡ് വീതി കൂട്ടുന്നതിനായി നൽകിയ ഭൂമിക്ക് പുറമെ നിർദിഷ്ട റോഡിലെ കുറ്റിയാംവയൽ വെലാന്റ് എസ്റ്റേറ്റ് മുതൽ പൂഴിത്തോട് പണക്കാൻ കടവ് വരെ റോഡിന് വേണ്ടി നഷ്ടപ്പെടുന്ന 52 ഏക്കർ വനഭൂമിക്ക് വേണ്ടി 104 ഏക്കർ ഭൂമിയാണ് വനം വകുപ്പിന് ജനങ്ങൾ വിട്ടുനൽകിയത്.
തരിയോട് വില്ലേജിൽ സൗജന്യമായി മുണ്ടോളി അന്തുഹാജി നൽകിയ 10 ഏക്കർ ഭൂമി, നാദാപുരം സ്വദേശി മമ്മുഹാജി നൽകിയ അഞ്ച് ഏക്കർ ഭൂമി, പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരണസമിതി തനത് ഫണ്ടുപയോഗിച്ച് വിലക്ക് വാങ്ങിയ വെള്ളമുണ്ട കൊയ്റ്റ് പാറയിലെ 4.68 ഏക്കർ ഭൂമി, നാട്ടുകാർ സമാഹരിച്ച് വിട്ടുനൽകിയ ഭൂമി തികയാതെ വന്നപ്പോൾ കാഞ്ഞിരങ്ങാട് റവന്യൂ വക ഭൂമിയിലെ 33.5 ഏക്കർ ഭൂമി, വെള്ളമുണ്ട, തരിയോട്, കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തുകൾ നൽകിയ ഭൂമി, ഇവയെല്ലാം ഇന്ന് പൂർണമായും വനമായി മാറിക്കഴിഞ്ഞു. എന്നാൽ, വനത്തിലൂടെയുള്ള റോഡ് മാത്രം നിർമിച്ചില്ല.
വെറും ആറ് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പടിഞ്ഞാറത്തറ മുതൽ കുറ്റിയാംവയൽ വരെയുള്ള ഭാഗം വീതി കൂട്ടി 12 മീറ്ററാക്കാൻ 150 കുടുംബങ്ങളാണ് തങ്ങളുടെ കണ്ണായഭൂമി വിട്ടുനൽകിയത്. ഇതേ രീതിയിൽ പൂഴിത്തോട് മുതൽ വനാതിർത്തിയായ പണക്കൻ കടവ് വരെ റോഡ് വീതികൂട്ടാനും 33 കുടുംബങ്ങൾ ഭൂമി നൽകി. 183 കുടുംബങ്ങളുടെ കോടികൾ വില മതിക്കുന്ന ഏക്കർകണക്കിന് ഭൂമിക്ക് പകരം ഒരു നാടിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാവും എന്നായിരുന്നു അവരെല്ലാം വിശ്വസിച്ചിരുന്നത്. എന്നാൽ, വനം വകുപ്പിനെ വിശ്വസിച്ച് ഭൂമി നൽകിയ വരെ പിന്നീട് അധികൃതർ വഞ്ചിക്കുകയായിരുന്നു.
വനംവകുപ്പിനെന്താ കൊമ്പുണ്ടോ...?
1994ൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് നിർമാണം ആരംഭിച്ച് വനാതിർത്തിയിലെത്തിയപ്പോഴാണ് വനം വകുപ്പ് തടസ്സവുമായി രംഗത്ത് വന്നത്. വനം വകുപ്പിന് ലഭിച്ച കൃഷിഭൂമി വനമായി മാറിയെങ്കിലും റോഡിനാവശ്യമായ ഭൂമി വിട്ടുനൽകാൻ വനം വകുപ്പ് തയാറായില്ല. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന നിയമമാണ് അവരിപ്പോഴും ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, 2022ൽ കേന്ദ്രം ഇറക്കിയ നിയമഭേദഗതി പ്രകാരം റെയിൽവേ, റോഡ്, ദേശസുരക്ഷ എന്നിവക്ക് വനഭൂമി ഉപയോഗിക്കാനുള്ള സാധ്യത നിലനിൽക്കേയാണ് പഴയ നിയമങ്ങൾ വിടാതെ വനം വകുപ്പ് മുന്നോട്ടു പോകുന്നത്. പൂഴിത്തോട് റോഡിന് വേണ്ടിയുള്ള വനഭൂമിക്ക് പകരമായി പൊതുജനങ്ങളിൽ നിന്നും ഭൂമി ഏറ്റെടുത്ത് വനംവകുപ്പിന് പകരമായി നൽകുകയായിരുന്നു. എന്നാൽ, ഭൂമി വിട്ടുനൽകുന്നതായ രേഖ ഉടമകളിൽ നിന്ന് വനംവകുപ്പ് വാങ്ങി. തങ്ങൾ അത് ഏറ്റെടുത്തില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
സർക്കാറിലേക്ക് ഒരു ഭൂമി നൽകുമ്പോൾ അത് വിട്ടു നൽകുന്നതിനാണ് രേഖ ഉണ്ടാവുക. ഏറ്റെടുത്തതിന് രേഖ കാണില്ലെന്നും ഇത് മറച്ചുവെച്ചാണ് വനം വകുപ്പ് ഭൂമി ഏറ്റെടുത്തില്ലെന്ന് പറയുന്നതെന്നും പടിഞ്ഞാറത്തറയിലെ പൊതുപ്രവർത്തകനായ യു.സി. ഹുസൈൻ പറയുന്നു. അടുത്ത കാലത്തൊന്നും പ്രാവർത്തികമാവാൻ സാധ്യതയില്ലാത്ത തുരങ്കപാതക്കടക്കം പൊന്നും വിലകൊടുത്ത് ഭൂമി വാങ്ങുകയാണ് സർക്കാർ.
എന്നാൽ 183 പേർ സൗജന്യമായി വിട്ടുനൽകിയ ഭൂമിക്ക് വില കൽപിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൈവശഭൂമി വിട്ടുനൽകിയത് ഒരു അന്തർ സംസ്ഥാന പാതക്കും ബദൽ റോഡിനുമാണ്. അതാകട്ടെ പണം വാങ്ങാതെ വിട്ടുനൽകിയതുമാണ്. അന്നുമുതൽ അത് റോഡ് എന്ന പൊതുസ്വത്തായി. പകരം നൽകിയ ഭൂമി സർക്കാർ ഏറ്റെടുത്തെങ്കിൽ റോഡിന് വേണ്ട സ്ഥലം പി. ഡബ്ല്യുഡിയുടേതാകേണ്ടേ? എന്തുകൊണ്ടാക്കിയില്ല.? ചോദ്യങ്ങൾ പലതാണെങ്കിലും അധികൃതർക്ക് ഉത്തരം മാത്രമില്ല.
(തുടരും)
പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാത ഇങ്ങനെ
നിത്യവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ബാണാസുരസാഗർ ഡാമിനടുത്തുള്ള പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറ്റ്യാംവയലിൽ നിന്നാണ് വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആകെ 27 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാത തുടങ്ങുന്നത്.
താമരശ്ശേരിക്കടുത്ത പൂഴിത്തോട് അവസാനിക്കുന്ന പാതയുടെ 75 ശതമാനം നിര്‍മാണവും ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഇനി ആകെ ആറ് കിലോമീറ്റർ മാത്രമാണ് പൂർത്തിയാകാനുള്ളത്. എന്നാൽ, പിന്നീട് നിലച്ചു. 1994 സെപ്റ്റംബര്‍ 24നാണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. 12 കിലോമീറ്റര്‍ വനത്തിലൂടെ കടന്നുപോവേണ്ടതിനാല്‍ ഏറ്റെടുക്കേണ്ട 52 ഏക്കര്‍ വന ഭൂമിക്കുപകരം 104 ഏക്കര്‍ സ്ഥലം വനവത്കരണത്തിന് വിട്ടുകൊടുത്തിരുന്നു.
തുടര്‍ന്ന് പൂഴിത്തോടുഭാഗത്ത് വനാതിര്‍ത്തിവരെ മൂന്നു കിലോമീറ്ററും പടിഞ്ഞാറത്തറ കുറ്റ്യാംവയലിൽ നിന്നും വനാതിർത്തി വരെ മൂന്നര കിലോമീറ്ററും നിർമാണ പ്രവൃത്തി നടത്തി. എന്നാല്‍, വനഭൂമി വിട്ടുനല്‍കുന്ന കാര്യത്തില്‍ കേന്ദ്ര വനംമന്ത്രാലയം തീരുമാനമെടുക്കാതെ വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.