നേതാക്കൾ താഴേക്കിറങ്ങാതെ പാർട്ടി രക്ഷപ്പെടില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ വിമർശനവുമായി സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി
text_fieldsഅരൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ കാരണങ്ങൾ അവലോകനം ചെയ്യുന്ന യോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി അരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ. സംസ്ഥാന, ജില്ലാ, ഏരിയ കമ്മിറ്റിയിലെ നേതാക്കൾ സാധാരണ പാർട്ടി പ്രവർത്തകരെ കാണാൻ പോലും തയ്യാറാകുന്നില്ലെന്ന അനുഭവങ്ങൾ നിരത്തിയാണ് സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തിയത്. ഞായറാഴ്ച നടന്ന യോഗത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ദലീമയും പങ്കെടുത്തിരുന്നു.
സാധാരണ പ്രവർത്തകരെ കേൾക്കാൻ പോലും നേതാക്കൾ തയ്യാറാകാത്തത് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും പാർട്ടിയിൽ അംഗത്വമില്ലാത്ത ചിലയാളുകൾക്ക് എല്ലായിടത്തും എല്ലാ സമയത്തും പ്രവേശനമുണ്ടെന്നും പ്രവർത്തകർ ആരോപിച്ചു. സ്ഥാനാർഥി നിർണയത്തിൽ പോലും ചിലരുടെ ഇടപെടലുകൾ തോൽവിയുടെ ആഘാതം കൂട്ടി. അരൂരിൽ ലുലു ഗ്രൂപ്പ് ആരംഭിച്ച കയറ്റുമതിശാല ഉദ്ഘാടനവും അരൂർ കെൽട്രോൺ കൺട്രോൾസിൽ പുതിയ പ്രോജക്റ്റിന്റെ ഉദ്ഘാടനവും പാർട്ടി അറിഞ്ഞത് പത്രങ്ങളിൽ വായിച്ചാണെന്നും അംഗങ്ങൾ വ്യക്തമാക്കി.
നേതാക്കൾക്ക് ലഭിച്ച പദവികളിൽ പാർട്ടിക്കുള്ള പങ്കിനെക്കുറിച്ച് നേതാക്കളെ പാർട്ടി പഠിപ്പിക്കണമെന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. അരൂർ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളും വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. തീരദേശ മേഖലകളിലെ തുടർച്ചയായ കായൽ കയറ്റം ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴും തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച നൂറു കോടിയുടെ പദ്ധതി അനുവദിക്കാനോ നടപ്പാക്കാനോ സർക്കാർ തയ്യാറാകാതിരുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. കൂടാതെ വേമ്പനാട്ടുകായലിൽ ഡ്രജിങ്ങിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിലും പാർട്ടി നേതൃത്വം വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നതും തിരിച്ചടിയായിട്ടുണ്ടെന്നും അംഗങ്ങൾ കൂട്ടിച്ചേർത്തു. അരൂർ ലോക്കൽ കമ്മിറ്റിയിലെ 15 അംഗങ്ങളിൽ 13 അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ സി.റ്റി. വാസു, പി.ഡി. രമേശൻ എന്നിവരും പങ്കെടുത്തു.


