പൊലീസ് നിഗമനം ശരിയായി; പ്രതി പ്രദേശവാസി
text_fieldsറിന്റോ ആൻറണി
ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ കവർച്ച നടത്തിയയാൾക്ക് പ്രാദേശിക ബന്ധമുണ്ടായിരിക്കുമെന്ന പൊലീസ് നിഗമനം ശരിയെന്നു തെളിഞ്ഞു. ഹിന്ദി സംസാരിച്ചതുകൊണ്ടു മാത്രം കവർച്ച നടത്തിയത് ഇതരസംസ്ഥാനക്കാരനാവില്ലെന്നും ഉടൻ പിടികൂടുമെന്നും എസ്.പി അന്നുതന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രദേശം പരിചയമുള്ളയാളാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി പ്രദേശവാസിതന്നെയായിരിക്കാമെന്ന ധാരണയിൽ പൊലീസ് അന്വേഷണം മുന്നോട്ടുനീക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പൊലീസിന് പ്രതിയെ സംബന്ധിച്ച് സൂചന ലഭിച്ചത്. ബാങ്കിലെ സമീപകാലത്തെ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. റോഡിൽനിന്നും മറ്റുമായുള്ള ആയിരത്തോളം ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ബാങ്ക് ജീവനക്കാരനോട് പണമെവിടെ എന്ന് ഹിന്ദിയിൽ സംസാരിച്ചത് ഇതരസംസ്ഥാനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നെന്നും പൊലീസ് മനസ്സിലാക്കി. ഈ മുറിഹിന്ദി കൂടാതെ മറ്റൊന്നും ജീവനക്കാരെ മുറിയിലിട്ട് അടക്കുമ്പോഴും ഇയാൾ പറഞ്ഞിട്ടുമില്ല. കൂടുതൽ സംസാരിക്കാതെ കത്തിയെടുത്ത് ചില ആംഗ്യങ്ങൾ മാത്രമാണ് കാട്ടിയത്.
പട്ടാപ്പകൽ കത്തിയെടുത്തു കാട്ടി വൻ തുക തട്ടിയെടുക്കുന്ന തന്ത്രം അത്രയൊന്നും ഇതരസംസ്ഥാനക്കാർ സമീപകാലത്ത് സ്വീകരിച്ചതായി അറിയില്ല. ഇത്തരത്തിൽ കവർച്ച നടത്തിയ കുറ്റവാളികളെക്കുറിച്ച് വിവരങ്ങൾ പൊലീസ് രേഖകളിൽ തിരഞ്ഞിരുന്നു. സംസ്ഥാനത്തെ ജയിൽമോചിതരായവരെക്കുറിച്ചും അന്വേഷിച്ചിരുന്നു. ഇതരസംസ്ഥാനത്തെ കുറ്റവാളികളുടെ സാധാരണ കണ്ടുവന്നിട്ടുള്ള രീതി രാത്രിയുടെ മറവിൽ സംഘടിച്ചുവന്ന് വാതിലോ ഷെൽഫോ തകർക്കുകയെന്നതാണ്
കൊള്ളപ്പണത്തിൽ അഞ്ചു ലക്ഷം ചെലവായി; 10 ലക്ഷം രൂപ ഒളിപ്പിച്ചു
ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽനിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽനിന്ന് അഞ്ചു ലക്ഷം രൂപകൊണ്ട് കടം വീട്ടിയതായി പ്രതി റിന്റോ ആന്റണി പൊലീസിന് മൊഴി നൽകി. ബാക്കി 10 ലക്ഷം രൂപ ഒരിടത്ത് ഒളിപ്പിച്ചെന്നാണ് ഇയാൾ പറയുന്നത്. ഈ പണം ഇയാൾ വീട്ടിൽതന്നെ സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്ന് പൊലീസ് കരുതുന്നു.
കണ്ടെത്താൻ രാത്രിയിലും തിരച്ചിൽ നടത്തുകയും ചോദ്യംചെയ്യൽ തുടരുകയുമാണ്.
സ്പെഷൽ ടീമിന്റെ വൈദഗ്ധ്യം; പ്രതിയെ പിടിച്ചത് മൂന്നു ദിവസത്തിനകം
ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ വളരെ ആസൂത്രിതമായ കവർച്ച നടത്തിയ പ്രതിയെ മൂന്നു ദിവസത്തിനകം പിടിക്കാൻ കഴിഞ്ഞത് പൊലീസ് സ്പെഷൽ ടീമിന്റെ വൈദഗ്ധ്യം കാരണം. മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനുള്ള സ്പെഷൽ ടീമിന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ രൂപം നൽകുകയായിരുന്നു.
പ്രാദേശികമായ ബന്ധമുള്ള ആളാണ് പ്രതിയെന്ന് ധാരണയുണ്ടായതോടെ ചാലക്കുടിയിലെതന്നെ പൊലീസ് സംഘത്തെ ഉൾപ്പെടുത്തിയാണ് ടീം രൂപപ്പെടുത്തിയത്.
ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്. ഇൻസ്പെക്ടർമാരായ എം.കെ. സജീവ് (ചാലക്കുടി പൊലീസ് സ്റ്റേഷൻ), അമൃത് രംഗൻ (കൊരട്ടി), പി.കെ. ദാസ് (കൊടകര), വി. ബിജു (അതിരപ്പിള്ളി), സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, സി.എസ്. സൂരജ്, സി.എൻ. എബിൻ, കെ. സലീം, പി.വി. പാട്രിക് എന്നിവരും ജില്ല ക്രൈം സ്ക്വാഡും സൈബർ ജില്ല സ്പെഷൽ സ്ക്വാഡും ഉൾപ്പെടുന്ന 25ഓളം പേരടങ്ങുന്ന ടീമാണ് കേസന്വേഷിച്ചത്.