Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊളിയാണ് പൂഞ്ഞാർ പോര്

പൊളിയാണ് പൂഞ്ഞാർ പോര്

text_fields
bookmark_border
പൊളിയാണ് പൂഞ്ഞാർ പോര്
cancel
camera_alt

പി.സി ജോർജ്, സെബാസ്റ്റ്യൻ കുളത്തിങ്കൽ, സജി ജോസഫ്

കോട്ടയം: മണ്ണിൽ പൊരുതി മാണിക്യം തേടുന്ന കർഷകരുടെ നാടാണു പൂഞ്ഞാർ. മുഖ്യ വിളയായ റബർ പോലെ വലിവുള്ളതല്ല, കടുകട്ടിയാണു മണ്ഡലത്തിന്‍റെ രാഷ്ട്രീയ മനസ്സ്. കോൺഗ്രസിനും കേരള കോൺഗ്രസിനും നല്ല വേരോട്ടമുള്ള മണ്ണിൽ ഇത്തവണ വെടിയും തീയും പോലെ പൊളപ്പൻ പോരാട്ടമാണ്. ആവേശത്തിൽ ത്രസിപ്പിക്കുന്ന കിണ്ണംകാച്ചി മത്സരം. കോട്ടയത്തിന്‍റെ ഇടനാടൻ മേഖല മലനാടിനോടു ചേരുന്ന മണ്ണിൽ വീറും വാശിയും ഹൈറേഞ്ചിലാണ്.

1980 മുതൽ മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന മുൻ ചീഫ് വിപ്പ് പി.സി ജോർജ് പത്താമങ്കത്തിൽ ബി.ജെ.പിയുടെ തിടമ്പ് ഏറ്റുന്നതാണ് പൂഞ്ഞാറിനെ ശ്രദ്ധേയമാക്കുന്നത്. ഒമ്പതു തവണ മത്സരിച്ചതിൽ ഏഴു തവണയും എതിരാളികളെ മലർത്തിയടിച്ച ജോർജ് വൻ ഭൂരിപക്ഷം പ്രതീക്ഷിച്ചാണ് കളം നിറയുന്നത്. 1980 മുതലിങ്ങോട്ട് 91 ഒഴികെ എല്ലാ പോൾപൂരങ്ങളിലും കൊമ്പ് കുലുക്കി പി.സി ജോർജ് മുന്നിലുണ്ടായിരുന്നു.

സിറ്റിങ് എം.എൽ.എ എന്ന നിലയിൽ നടത്തിയ വികസനങ്ങൾ വീണ്ടും തുണയ്ക്കുമെന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കലിന്‍റെ കണക്കുകൂട്ടൽ. ആർക്കും എപ്പോഴും സമീപിക്കാൻ കഴിയുന്ന നേതാവും വികസന പദ്ധതികൾക്ക് ഓടിനടന്ന് അധ്വാനിക്കുന്ന ജനപ്രതിനിധിയുമെന്ന പ്രതിച്ഛായ നിർമിതിക്ക് നടത്തിയ തീവ്രശ്രമങ്ങൾ കുളത്തിങ്കലിന് നേരിയ മുൻതൂക്കം നൽകുന്നുമുണ്ട്.

സ്ഥാനാർഥിത്വം താമസിച്ചതിന്‍റെ നഷ്ടവും മണ്ഡലത്തിനു പരിചിതനല്ലെന്ന വിമർശനവും മറികടക്കാൻ കുതിച്ചുപായുകയാണ് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എന്ന സജി ജോസഫ്. പാലാ സെൻറ് തോമസ് കോളജ് യൂനിയൻ ചെയർമാനായി സജീവ രാഷ്ട്രീയം തുടങ്ങിയ സജി ജോസഫ് 10 വർഷം തലപ്പലം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. 24 വർഷമായി തലപ്പലം സഹകരണ ബാങ്ക് പ്രസിഡന്‍റുമാണ്. പക്ഷേ, തലപ്പലം, പൂഞ്ഞാർ മണ്ഡലത്തിനു പുറത്താണ്. സീറ്റ് മോഹികളായ നിരവധി പേരെ മറികടന്ന് നേടിയ സ്ഥാനാർഥിത്വം പേമെന്‍റ് സീറ്റാണെന്ന മുറുമുറുപ്പ് ഉയർത്തുന്നുവെങ്കിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഭരണവിരുദ്ധ വികാരത്തിലൂടെയും മറികടന്ന് ഒന്നാമനാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ അവകാശവാദം. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേടിയ മികച്ച ലീഡിലാണ് ഈ പ്രതീക്ഷ.

2021നിയമസഭയിൽ ഇടതിന് 16,581 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലം 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ 12,610 വോട്ടിന് മുന്നിലെത്തിച്ചു. തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 4321 വോട്ടാണ്.

ഇത്തവണ ബി.ജെ.പിയും ബി.ഡി.ജെ.എസും ഒപ്പമുള്ളതിനാൽ 20,000 വോട്ടിന്‍റെ ഭൂരിപക്ഷം ഉറപ്പെന്നാണ് പി.സി ജോർജിന്‍റെ കണക്കുകൂട്ടൽ. മിക്ക പഞ്ചായത്തിലും ബി.ജെ.പി. പ്രാതിനിധ്യവും പൂഞ്ഞാർ തെക്കേക്കരയിലെ എൻ.ഡി.എ ഭരണവും ജോർജിന്‍റെ ആത്മവിശ്വാസം കൂട്ടുന്നു. എന്നാൽ, 2021ൽ 2,965 വോട്ട് മാത്രം നേടിയ എൻ.ഡി.എയുടെ നല്ലൊരു പങ്ക് വോട്ടും അന്നേ ജോർജിനു കിട്ടിയിരുന്നു എന്നാണു വിലയിരുത്തൽ. മുസ്ലിം വോട്ടർമാർ ഇത്തവണ എങ്ങോട്ടു ചായും എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ ഫലം.

ശബരിമല തീർഥാടനത്തിൽ ഏറെ പ്രധാനമായ എരുമേലി ഉൾപ്പെടുന്ന മണ്ഡലത്തിൽ ശബരിമല സ്വർണക്കൊള്ളയും വന്യജീവി ആക്രമണം അടക്കം കർഷക പ്രശ്നങ്ങളും സജീവ ചർച്ചയാണ്.

Show Full Article
TAGS:assembly election poonjar 
News Summary - The Poonjar battle is awesome.
Next Story