ആലപ്പുഴ സി.പി.എമ്മിൽ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുണ്ടാക്കിയ അലയൊലികൾ
text_fieldsകായംകുളം: ആലപ്പുഴയിലെ സി.പി.എമ്മിനുള്ളിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെ കായംകുളം എം.എൽ.എ യു. പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് 'എരിതീയിൽ എണ്ണ ഒഴിച്ചതിന് ' തുല്ല്യമാണെന്ന ചർച്ച സജീവമാകുന്നു. രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്ന പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചെങ്കിലും 'സ്ക്രീൻ ഷോട്ട്' സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
'പൊട്ടനെ ചട്ടൻ ചതിച്ചാൽ...ചട്ടനെ ദൈവം ചതിക്കും' എന്ന പോസ്റ്റിൽ പാർട്ടിയും വെട്ടിലായിട്ടുണ്ട്. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന വിശദീകരണവുമായി പ്രതിഭയുടെ പോസ്റ്റ് വന്നെങ്കിലും പിന്നീട് ഇതും പിൻവലിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന പ്രതിഭയുടെ പരാതിയിൽ അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്.
പ്രതിഭയുടെ 'ചതി' പോസ്റ്റ് മന്ത്രി ജി. സുധാകരന് എതിരെയുള്ള ഒളിയമ്പാണെന്ന തരത്തിലുള്ള ചർച്ച മുറുകിയതോടെയാണ് പോസ്റ്റ് പിൻവലിച്ചതെന്നാണ് ശ്രദ്ധേയം. സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചതായി കാണിച്ച് അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന സി.പി.എം നേതാവിന്‍റെ ഭാര്യയും എസ്.എഫ്.െഎ മുൻ ജില്ല കമ്മിറ്റി അംഗവുമായ യുവതി പൊലീസിൽ പരാതി നൽകിയ പശ്ചാത്തലത്തിൽ പ്രതിഭയുടെ പോസ്റ്റിന് പ്രസക്തി ഏറെയായിരുന്നു.
സുധാകരനെതിരെ നേരത്തെ സമാന പരാതിയുമായി പ്രതിഭയും രംഗത്ത് വന്നിട്ടുള്ളതാണ്. അന്ന് കൂടുതൽ വിവാദങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പാർട്ടി നേതൃത്വം ഇടപ്പെട്ട് പരിഹരിക്കുകയായിരുന്നു. പിന്നീട് പ്രതിഭ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 'ഒളിയമ്പുകൾ നിറഞ്ഞ കവിതയും' ഏറെ ചർച്ചയായിരുന്നു.
ഇത് മന്ത്രിയും എം.എൽ.എയും വികസന വിഷയത്തിലടക്കം രണ്ട് ധ്രുവങ്ങളിലേക്ക് മാറുന്നതിന് കാരണമായി. കായംകുളത്തെ മിക്ക വികസനങ്ങളിലും മന്ത്രി നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടായി. ചില വികസന പോസ്റ്ററുകളിൽ എം.എൽ.എയുടെ ചിത്രം ഒഴിവാക്കിയതും ചർച്ചയായിരുന്നു. ഇതിന്‍റെ തുടർച്ചയെന്നവണ്ണമാണ് ഡി.വൈ.എഫ്.െഎയും എം.എൽ.എയും തമ്മിൽ പരസ്യ പോര് ഉടലെടുക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിെൻറ തെട്ടുമുമ്പ് ചിത്രം മാറി ഇരുവരും തമ്മിൽ പരസ്യ ധാരണയിൽ എത്തി. പ്രതിഭ വീണ്ടും കായംകുളത്ത് മൽസരിക്കുന്നതിനെ സുധാകരൻ പിന്തുണക്കുകയും ചെയ്തു. പ്രതിഭയെ ഒഴിവാക്കി കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ കെ.എച്ച്. ബാബുജാന് സീറ്റ് നൽകണമെന്നായിരുന്നു കായംകുളത്തെ പാർട്ടിയുടെ ഏകകണ്ഠമായ നിർദ്ദേശം. ജില്ല കമ്മിറ്റിയിലും ഇതിന് പിന്തുണ കിട്ടിയെങ്കിലും സുധാകരൻ പ്രതിഭക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
സുധാകര അനുകൂലികളായ കായംകുളത്തെ പാർട്ടി നേതൃത്വവും പ്രതിഭയും തമ്മിലുള്ള അസ്വാരസ്യം പരിഹരിക്കുന്നതിനും നടപടികൾ ഉണ്ടായിരുന്നു. ഇൗ സാഹചര്യത്തിൽ പ്രതിഭയുടെ പോസ്റ്റ് ആർക്ക് നേരെയാണെന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു.
അതേസമയം അക്കൗണ്ട് ഹാക്ക് ചെയ്താണ് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്ന നിലപാടിൽ യു. പ്രതിഭ എം.എൽ.എ ഉറച്ച് നിൽക്കുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർ പറയുന്നു.