ചെങ്കോട്ടയിലെ ‘ശംഖുമുദ്ര’ കമാനം ഇനി ഓർമ; പുനർനിർമാണത്തിനായി പൊളിച്ചുനീക്കി
text_fields1. ചെങ്കോട്ടയിലെ ശംഖ് മുദ്രയോടുള്ള കമാനം (ഫയൽ ചിത്രം), 2. കമാനം പൊളിച്ചുമാറ്റുന്നു
പുനലൂർ: തിരുവിതാംകൂർ രാജവാഴ്ചയുടെ പ്രതികമായി തമിഴ്നാട്ടിലെ ചെങ്കോട്ടയിലുണ്ടായിരുന്ന ശംഖുമുദ്ര കമാനം ഇനി ഓർമയിൽ മാത്രം. ചെങ്കോട്ടയുടെ പ്രവേശന കവാടമായ ശംഖുമുദ്ര കമാനം പുനർനിർമാണത്തിനായി പൊളിച്ചുനീക്കി. തിരുവിതാംകൂറിന്‍റെ അടയാളമായിരുന്ന ശംഖുമുദ്ര പതിച്ച് ചുടുകല്ലും സുറുക്കിയും ഉപയോഗിച്ച് നിർമിച്ച ഈ കമാനത്തിന് ഒന്നര നൂറ്റാണ്ടിലധികം പഴക്കമുണ്ട്.
തകർച്ചാ ഭീഷണിയെ തുടർന്നാണ് പുനനിർമിക്കാനായി ചെങ്കോട്ട നഗരസഭ വ്യാഴാഴ്ച രാവിലെ കനത്ത സുരക്ഷാവലയത്തിൽ പൊളിച്ചുമാറ്റിയത്. പാതയിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു. കമാനത്തിലുണ്ടായിരുന്ന ശംഖും പ്രതിമയും ഉൾപ്പെടെ പുരാതന ചിഹ്നങ്ങൾ അതേ സ്ഥലത്ത് തന്നെ സ്ഥാപിച്ച് പുനർനിർമാണത്തിന് 33 ലക്ഷം രൂപ അനുവദിച്ചു. ചെങ്കോട്ട പ്രദേശം തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന കാലത്ത് കരിങ്കല്ലിൽ നിർമിച്ചതാണ് ഈ കവാടം.
കവാടം ഗതാഗതത്തിന് തടസമായിരുന്നു. കൂടാതെ അടുത്തിടെ ഒരു വലിയ ട്രക്ക് ഇടിച്ച് പ്രവേശന കവാടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അപകട ഭീഷണിയെ തുടർന്നാണ് കവാടം പൊളിച്ചതെന്നാണ് അധികൃതർ പറഞ്ഞു. 33 ലക്ഷം രൂപ ചെലവഴിച്ച് അത് പൊളിച്ചുമാറ്റി അതേ സ്ഥലത്ത്തന്നെ പഴയപകിട്ടോടെ പുനർനിർമിക്കുമെന്നും അധികൃതർ പറഞ്ഞു.
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെങ്കോട്ട പൊലീസ് സ്റ്റേഷന് സമീപമാണ് കമാനം ഉണ്ടായിരുന്നത്. തിരുവിതാകൂറിന്‍റെ ഭാഗമായിരുന്നു മുമ്പ് ചെങ്കോട്ട താലൂക്ക്. തിരുവിതാംകൂറിന്‍റെ പ്രവേശന കവാടമായിരുന്ന ഇവിടെ രാജഭരണകാലത്ത് സ്ഥാപിച്ചതാണ് കമാനം. 1956ൽ കേരളം രൂപവത്കരിച്ചപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാട്ടിലായി. അതിന് ശേഷം ചെങ്കോട്ട പഞ്ചായത്ത് അധികൃതർ പട്ടണത്തിലേക്കുള്ള പ്രവേശന കമാനമാക്കി ഇത് നിലനിർത്തി.
ഇക്കാലമത്രയും തലയെടുപ്പോടെ നിലനിന്നിരുന്ന കമാനം വാഹനങ്ങൾ ഇടിച്ചും കാലപ്പഴക്കത്താലും നാശത്തിലായി. കമാനത്തിൽ പലയിടത്തും വിള്ളൽ വീണ് പ്ലാസ്റ്ററിങ് ഇടിഞ്ഞു വീണു തുടങ്ങി. ആവശ്യമായ അറ്റകുറ്റപണി ചെയ്യാൻ തമിഴ്നാട് അധികൃതരും തയാറായില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിൽ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
പാതക്ക് വീതി കൂടിയതനുസരിച്ച് കമാനത്തിന്‍റെ ഭാഗത്ത് വീതിയില്ലാത്തതും പ്രശ്നമായി. നാശത്തിലായ കമാനം ഇടിച്ചുമാറ്റി പുതിയത് നിർമിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് കടയനല്ലൂർ എം.എൽ.എ എസ്. കൃഷ്ണമുരളി കമാനം പൊളിച്ചുപണിയാൻ പണം അനുവദിച്ചത്.


