പരിഭവം മാറി, പാർട്ടിയിൽ വീണ്ടും സജീവമായി ഇ.പി
text_fieldsകണ്ണൂർ: പിണക്കങ്ങളും പരിഭവങ്ങളും തീർത്ത നീണ്ട ഇടവേളക്കുശേഷം സി.പി.എമ്മിൽ വീണ്ടും സജീവമായി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. മുതിർന്ന അംഗങ്ങൾ വീട്ടിലിരുന്നാൽ ഉണ്ടാകുന്ന ‘തലവേദന’യും തദ്ദേശതെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഇദ്ദേഹത്തെ സജീവമാക്കാൻ നേതൃത്വം തീരുമാനിച്ചത്.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് മറുപടിയെന്ന നിലക്ക് നടത്തിയ സി.പി.എം പൊതുയോഗത്തിലെ മുഖ്യപ്രഭാഷകനായതും ഇങ്ങനെ. അതിനുമുമ്പ് മലപ്പുറം ഉൾപ്പടെ വിവിധ ജില്ലകളിലും ഇ.പി വിവിധ പരിപാടികളിൽ പങ്കെടുത്തു. നേരത്തേ വിവാദമായ ഇ.പിയുടെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കാൻ നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനുമെത്തുന്നുണ്ട്.
മുഖ്യമന്ത്രി നേരിട്ടാണ് ഇ.പിയെ അനുനയിപ്പിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ സംഘാടക സമിതി രൂപവത്കരണ ഉദ്ഘാടനം നിർവഹിച്ചത് ഇ.പി. ജയരാജൻ ആണെന്നതും ശ്രദ്ധേയമാണ്.
കോടിയേരിയുടെ വിയോഗത്തോടെ എം.വി. ഗോവിന്ദൻ സി.പി.എം സെക്രട്ടറിയായതുമുതൽ പാർട്ടിയുമായി നിസ്സഹകരണമായിരുന്നു ഇ.പിക്ക്. തന്നേക്കാൾ ജൂനിയറായ ഒരാളെ സെക്രട്ടറിയാക്കിയതിലെ പരിഭവം അദ്ദേഹം മറച്ചുപിടിച്ചതുമില്ല. സെക്രട്ടറിയായശേഷം എം.വി. ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധജാഥ കണ്ണൂരിലൂടെ കടന്നുപോയപ്പോൾ വിട്ടുനിന്നു. വിവാദമായപ്പോൾ തൃശൂരിൽനിന്ന് ജാഥയുടെ ഭാഗമായി.
ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായി കൂടിക്കാഴ്ച നടത്തിയെന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി നടത്തിയ വെളിപ്പെടുത്തൽ പാർട്ടിയെ പ്രതിസന്ധിയിലാക്കി. പിന്നാലെ എൽ.ഡി.എഫ് കൺവീനർ സ്ഥാനം തെറിച്ചു. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ വരെ ബഹിഷ്‍കരിച്ചു തുടങ്ങി. കണ്ണൂരിലുണ്ടായിട്ടും പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തില്ല. പരിപാടികളിലെ ഇ.പിയുടെ അസാന്നിധ്യം വിശദീകരിച്ച് നേതൃത്വം പലപ്പോഴും കുഴങ്ങി.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസം ഇ.പിയുടെ പേരിലുള്ള ആത്മകഥ പുറത്തുവന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. രണ്ടാം പിണറായി സർക്കാറിനെയും പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥിയെയും വരെ വിമർശിക്കുന്ന ആത്മകഥ തന്റേതല്ലെന്നും പരാതി നൽകുമെന്നും ഇ.പി വിശദീകരിച്ചെങ്കിലും പാർട്ടിക്കകത്ത് സൃഷ്ടിച്ചത് വൻ കോലാഹലമായിരുന്നു. ഒടുവിൽ യഥാർഥ ആത്മകഥയുടെ പ്രകാശനത്തിന് മുഖ്യമന്ത്രിതന്നെ എത്തുന്നതോടെ ഇ.പിയുടെ പരിഭവങ്ങൾക്കും താൽക്കാലിക പരിഹാരമാവുമെന്നാണ് വിലയിരുത്തൽ.


