കത്തി കാട്ടിയപ്പോഴേക്കും പേടിച്ചുപോയി ബാങ്ക് മാനേജർ; ജീവനക്കാർ എതിർത്തിരുന്നെങ്കിൽ മോഷണം നടത്തില്ലായിരുന്നുവെന്നും പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ് പ്രതി
text_fieldsതൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ റിജോ പൊലീസിന് നൽകിയ മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്. ബാങ്ക് മാനേജർ മരമണ്ടനാണെന്നും താനൊന്ന് കത്തി കാട്ടി വിരട്ടിയ ഉടൻ മാറിത്തന്നുവെന്നും റിജോ പൊലീസിനോട് പറഞ്ഞു. ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണശ്രമത്തിൽ നിന്ന് പിൻമാറുമായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
ബാങ്കിലെ പണം മുഴുവൻ എടുത്തുകൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നില്ല. ആവശ്യമുണ്ടായിരുന്ന പണം കിട്ടിയെന്ന് ഉറപ്പാക്കി ബാങ്കിൽ നിന്ന് കടന്നുകളയുകയായിരുന്നുവെന്നും സിജോ പൊലീസിന് നൽകിയ മൊഴിയിലുണ്ട്. 15 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് മോഷണം പോയത്. ഇതിൽ 12 ലക്ഷവും കണ്ടെടുത്തിട്ടുണ്ട്. റിജോയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനു ശേഷം കോടതിയിൽ ഹാജരാക്കും.
കടങ്ങൾ വീട്ടാനാണ് റിജോ മോഷണം നടത്തിയതെന്നാണ് വിവരം. ഭാര്യ അയക്കുന്ന പണമെല്ലാം ധൂർത്തടിച്ച് തീർന്നതോടെയാണ് കടം കയറിയത്. ആഡംബര ജീവിതം നയിക്കുന്നയാളാണ് റിജോ ആന്‍റണിയെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് നഴ്സാണ് റിജോ ആന്‍റണിയുടെ ഭാര്യ. ഭാര്യ വിദേശത്തു നിന്ന് അയക്കുന്ന പണം ഇയാൾ ധൂർത്തടിക്കുകയായിരുന്നു. ഒടുവിൽ ലക്ഷങ്ങളുടെ കടവും പെരുകി. ഉടൻ ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെ ഇയാൾ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്. ബാങ്ക് ജീവനക്കാരനോട് പണമെവിടെ എന്ന് ഹിന്ദിയിൽ സംസാരിച്ചത് ഇതരസംസ്ഥാനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നെന്ന് പൊലീസ് മനസ്സിലാക്കി. ഈ മുറിഹിന്ദി കൂടാതെ മറ്റൊന്നും ജീവനക്കാരെ മുറിയിലിട്ട് അടക്കുമ്പോഴും ഇയാൾ പറഞ്ഞിരുന്നില്ല.
കൂടുതൽ സംസാരിക്കാതെ കത്തിയെടുത്ത് ചില ആംഗ്യങ്ങൾ മാത്രമാണ് കാട്ടിയത്. ഹിന്ദി സംസാരിച്ചതുകൊണ്ടു മാത്രം കവർച്ച നടത്തിയത് ഇതരസംസ്ഥാനക്കാരനാവില്ലെന്നും ഉടൻ പിടികൂടുമെന്നും എസ്.പി അന്നുതന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രദേശം പരിചയമുള്ളയാളാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ബാങ്കിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ മോഷണം നടന്ന സമയം വന്ന എല്ലാ നമ്പരുകളും ശേഖരിക്കുക എന്ന തീരുമാനത്തിൽ നിന്നാണ് പൊലീസ് പ്രതിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഈ നമ്പറുകളും വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളുമായി ഒത്തുനോക്കുക എന്നത് അതിനേക്കാള്‍ പ്രയാസമേറിയതായി. റോഡിൽ നിന്നു മറ്റുമായുള്ള ആയിരത്തോളം ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.
സംസ്ഥാനത്തെ ജയിൽമോചിതരായവരെക്കുറിച്ചും അന്വേഷിച്ചിരുന്നു. ഇതിനിടെ, ഒരു നിശ്ചിത നമ്പര്‍ ടവര്‍ ലൊക്കേഷനില്‍ അടുപ്പിച്ച് വരുന്നതായി കണ്ടുപിടിച്ചു. ടീഷര്‍ട്ടിട്ട ഒരാളുടെ ദൃശ്യം സി.സി.ടി.വികളിലൊന്നില്‍ പതിയുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. ഒടുവിൽ 37 മണിക്കൂറിനുശേഷം മോഷ്ടാവ് പിടിയിലായി.