പെൺകരുത്തിന്‍റെ അടയാളം; ഷാനിമോൾ ഇനി ഡെപ്യൂട്ടി സ്പീക്കർ
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പുകളിൽ ആവർത്തിച്ചുള്ള പരാജയത്തിൽനിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ഷാനിമോൾ ഉസ്മാൻ പോരാളിയാണ്. ആ പോരാട്ടത്തിനൊടുവിലാണ് വി.ഡി. സതീശൻ മന്ത്രിസഭയിൽ ആലപ്പുഴക്കാരി കേരളത്തിന്‍റെ വനിത ഡെപ്യൂട്ടി സ്പീക്കറാവുന്നത്. അരൂരിലെ സിറ്റിങ് എം.എൽ.എ ദലീമ ജോജോയെ 9,324 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഇടതോരം ചേർന്ന മണ്ണിൽനിന്ന് ചെങ്കൊടി മാറ്റിക്കെട്ടിയതിന് പിന്നാലെയാണ് പുതിയ നിയോഗം.
വി.എസ്. അച്യുതാനന്ദന്‍റെ നാടായ പുന്നപ്രയിൽ സി.പി.എം സ്ഥാനാർഥിയെ തോൽപിച്ച് ജില്ല പഞ്ചായത്തിലേക്ക് വിജയിച്ചതാണ് അട്ടമറിയുടെ തുടക്കം. പരാജയത്തിന്റെ പിന്നിലെ ചരടുവലികളും വിജയത്തിന് പിന്നിലെ കരുനീക്കവും നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. മഹിള കോൺഗ്രസ് അധ്യക്ഷ പദത്തിലിരിക്കുമ്പോഴാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. 2006ൽ പെരുമ്പാവൂരിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ൽ ഒറ്റപ്പാലത്തും ജയം കണ്ടില്ല. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയം കൈപ്പിടിയിലൊതുക്കിയപ്പോൾ ഷാനിമോൾ മാത്രം ആലപ്പുഴയിൽ തോറ്റു. പക്ഷേ, അങ്ങനെ തോൽക്കാൻ ഷാനിമോൾ തയാറല്ലായിരുന്നു. 2019ൽ അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഷാനിമോളുടെ കൂടെയായിരുന്നു വിജയം. 2021ൽ വീണ്ടും അരൂരിൽ മത്സരിച്ചെങ്കിലും ദലീമയോട് തോറ്റു.
ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരക്കല്‍ ഇബ്രാഹിം കുഞ്ഞിന്റെ മകളായി ജനനം. ആലപ്പുഴ എസ്.ഡി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു. തിരുവനന്തപുരം ലയോള കോളജില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷമാണ് എല്‍.എല്‍.ബി പാസായത്. കേരളത്തില്‍നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യവനിതയാണ്. കെ.പി.സി.സി കോർകമ്മിറ്റി അംഗം, യൂത്ത് കോണ്‍ഗ്രസ്-എന്‍.എസ്.യു കോഓഡിനേഷന്‍ കമ്മിറ്റി അംഗം, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍, ജില്ല പഞ്ചായത്ത് അംഗം (അമ്പലപ്പുഴ ഡിവിഷന്‍) കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു. ഭര്‍ത്താവ്: അഡ്വ. എ. മുഹമ്മദ് ഉസ്മാന്‍. മക്കള്‍: ആസിയ തമീം ഉസ്മാന്‍, അഡ്വ. അലിഫ് സത്താര്‍ ഉസ്മാന്‍. മരുമകന്‍: ഷനാസ് ഷാജഹാന്‍. കൊച്ചുമകന്‍: മൗറിവ് കയില്‍.


