ഷറഫിൻെറ പൊന്നോമനകള്‍ക്ക് നാടിൻെറ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
text_fieldsബാലരാമപുരം: ഷറഫുദ്ദീന്‍ ഏറെ പ്രതീക്ഷയോടെ വളര്‍ത്തിയ രണ്ടു ആണ്‍മക്കളുടെ അപ്രതീക്ഷിതമായ മരണം ഒരു നാടിൻെറയാകെ കണ്ണീരായി മാറി. വ്യാഴാഴ്ച രാത്രി പച്ചക്കറി കടയിലെ ജോലികഴിഞ്ഞ് സഹോദരനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരും വഴിയിലാണ് ബാലരാമപുരം തയ്ക്കാപ്പള്ളിക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്കില്‍ ലോറിയിടിച്ച് ഷര്‍മാനും ഷഫീറും തല്‍ക്ഷണം മരണമടഞ്ഞത്.ബാലരാമപുരം,വഴിമുക്ക്,പ്ലാങ്കാലവിള,അഴകറത്തലയില്‍ താമസിക്കുന്ന ഷറഫുദ്ദീന്‍,ഷക്കീലാ ദമ്പതികളുടെ മക്കളാണ് ഷര്‍മാനും(21) ഷഫീറും (18).
വരിഞ്ഞ് മുറുക്കിയ ജീവിത പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താന്‍ ചെറുപ്രായത്തില്‍ തന്നെ ജോലിക്കിറങ്ങിയതാണ് ഇരുവരും. ഏറെ ദാരിദ്രത്തിനിടയിലും വീട്ടിലെ പ്രാരാബ്ധം കാരണം ജോലി ചെയ്ത് കിട്ടുന്ന കുറഞ്ഞ പണം കൊണ്ട് നല്ലൊരു വീടുവക്കണമെന്നും ഉമ്മായും വാപ്പായും സഹോദരിയും നന്നായി ജീവിക്കണമെന്നുമുള്ള ഷര്‍മാന്റയും ഷഫീറിന്റെയും അതിയായ ആഗ്രഹമാണ് പൂര്‍ത്തീകരിക്കപ്പെടാതെ റോഡപകടത്തില്‍ പൊലിഞ്ഞു പോയത്.
അടുത്ത കൂട്ടുകാരന്റെ സഹായത്തോടെ വിദേശത്തേക്ക് പോകുവാനുള്ള ശ്രമവും സമാന്തരമായി നടത്തിവരികയായിരുന്നു. അപകടം കവര്‍ന്നെടുത്ത ഷര്‍മാനും ഷഫീറും സഹോദരന്‍മരാണെങ്കിലും നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഇരുവരും ഒരുമിച്ചാണ് കടയിലേക്ക് പോകുന്നതും മടങ്ങി വരുന്നതുമെല്ലാം. ഇരുവരെയും അപകടത്തിന്റെ രൂപത്തില്‍ മരണം തേടിയെത്തിയതും ഒരുമിച്ചായി. രണ്ട് സഹോദരങ്ങളുടെയും വേര്‍പാട് ഒരു നാടിനെയാകമാനം ദുഖത്തിലാഴ്ത്തി. മാസങ്ങള്‍ക്ക് മുമ്പ് റോഡരികില്‍ ജ്യൂസ് കച്ചവടവും മറ്റും നടത്തിയും പച്ചക്കറി കടയില്‍ ജോലിക്ക് പോയും ലഭിക്കുന്ന വരുമാനം കുടുംബത്തിന് സഹായമായിരുന്നത്.
വീട്ടിലെ വരുമാനവും ഇരുവരും ജോലി ചെയ്ത് കൊണ്ടു വരുന്നതായിരുന്നു. രണ്ട് മക്കളുടെയും ചേതനയറ്റ ശരീരത്തിന് മുന്നില്‍ നിസ്സഹായരായി പൊട്ടിക്കരഞ്ഞ മതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ പ്രയാസപ്പെടുകയാണ് നാട്ടുകാര്‍.പ്രിയങ്കരരായ കൂട്ടുകാരുടെ മരണം താങ്ങാനാവാതെ നൂറുകണക്കിന് സമപ്രായക്കാരാണ് വിതുമ്പുന്ന മുഖവുമായി അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തത്. എറെ പഴക്കം ചെന്ന വീട്ടിലാണ് താമസമെങ്കിലും തങ്ങളുടെ ദുരിതം മറ്റുള്ളവരെ അറിയിക്കാതെ പരിഹരിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഇരുസഹോദരങ്ങളും.വിപുലമായ സുഹൃത്ത് വലയവും അയല്‍വാസികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവരുമായിരുന്നു ഇരുവരും.