Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘ്പരിവാറിന്‍റെ...

സംഘ്പരിവാറിന്‍റെ കണ്ണിലെ കരട്; രണ്ടുവട്ടം അപായപ്പെടുത്താൻ ശ്രമം

text_fields
bookmark_border
സംഘ്പരിവാറിന്‍റെ കണ്ണിലെ കരട്; രണ്ടുവട്ടം അപായപ്പെടുത്താൻ ശ്രമം
cancel

തിരുവനന്തപുരം: ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ കടന്നുകയറ്റങ്ങൾക്കെതിരെ ധൈഷണിക ചെറുത്തുനിൽപ്പുയർത്തിയ കെ.എൻ. പണിക്കർ എക്കാലവും സംഘ്പരിവാറിന്‍റെ കണ്ണിലെ കരടായിരുന്നു. അയോധ്യ വിഷയം കത്തിനിന്ന കാലത്ത് പണിക്കർ ജെ.എൻ.യുവിലുണ്ട്. രാമക്ഷേത്ര വിഷയം ഹിന്ദുത്വശക്തികൾ രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ച കാലത്ത് പണിക്കർ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 300ഓളം പേരുടെ യോഗം വിളിച്ചു.

കടങ്കഥകൾ ചരിത്രമാക്കി പ്രചരിപ്പിക്കുമ്പോൾ ചരിത്രകാരന് മൂകസാക്ഷിയാകാനാവില്ലെന്നായിരുന്ന അദ്ദേഹത്തിന്‍റെ നിലപാട്. അയോധ്യയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പൊതുജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഫലമായിരുന്നു ‘ചരിത്രത്തിന്റെ രാഷ്ട്രീയദുരുപയോഗം’ എന്ന പണിക്കരുടെ ലഘുലേഖ. രാമജന്മഭൂമി പ്രസ്ഥാനം രാഷ്ട്രീയ അജണ്ടയാണെന്ന് ചരിത്രവസ്തുക്കൾ നിരത്തി പണിക്കർ വാദിച്ചു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ലഘുലേഖ കത്തിച്ചു. അതേസമയം വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് ലഘുലേഖ മൊഴിമാറ്റം ചെയ്യപ്പെടുകയും ലക്ഷക്കണക്കിന് കോപ്പികൾ സൗജന്യമായി വിതരണം ചെയ്യുകയുമുണ്ടായി. ഇതിനുള്ള മറുപടി ഭീഷണിയായിരുന്നു. ‘ചരിത്രകാരന്മാർക്ക് മരണമൊഴി ചൊല്ലൽ ആവശ്യമായിവന്നിരിക്കുന്നു’ എന്ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ യോഗത്തിൽ ഒരു നേതാവ് പ്രസംഗിച്ചു. ജെ.എൻ.യുവിന് സമീപത്തുവെച്ച് വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ രണ്ടുതവണ ശ്രമമുണ്ടായി.

കാലടിയിലേക്കുള്ള വരവ് തടയാനും ശ്രമം

2000ൽ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി പണിക്കർ ചുമതലയേറ്റതുമുതൽ സംഘപരിവാർ അദ്ദേഹത്തെ നോട്ടമിട്ടു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാരിന്‍റെ ഭരണമുള്ള കാലം. യു.ജി.സി പ്രതിനിധി വഴി നിയമനം തടയാൻ കേന്ദ്രം ആവത് ശ്രമിച്ചു. പരാജയപ്പെട്ടതോടെ സംഘ്പരിവാറിന്റെ സമ്മർദത്തിന് വഴങ്ങി യു.ജി.സി സബ്ജക്ട് കമ്മിറ്റിയെ നിയമിച്ച് അദ്ദേഹത്തെ പുറത്തുചാടിക്കാൻ ശ്രമിച്ചു. വേദാധിഷ്ഠിത കോഴ്സുകൾ എല്ലാ സർവകലാശാലകളിലും ആരംഭിക്കണമെന്ന യു.ജി.സിയുടെ നിർദേശം കാലടിയിൽ നടപ്പാക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. വകുപ്പുമന്ത്രി മുരളി മനോഹർ ജോഷിയുടെ ഇതുസംബന്ധിച്ച നീക്കങ്ങൾക്കെതിരെ പ്രതിരോധവും തീർത്തു.

അരുൺ ഷൂരിയുടെ ലേഖന പരമ്പര

2008 ഇന്ത്യൻ ചരിത്ര കോൺഗ്രസ് അധ്യക്ഷനായി പണിക്കർ തെരഞ്ഞെടുക്കപ്പെട്ടു. വർഗീയശക്തികൾ ചരിത്ര കോൺഗ്രസ് കയ്യടക്കാൻ ശ്രമിച്ച കാലമായിരുന്നു അത്. ആ ശ്രമങ്ങളെല്ലാം പണിക്കർ പരാജയപ്പെടുത്തി. ചരിത്രകാരന്മാരെ എഴുതി അപമാനിക്കലായി സംഘപരിവാറിന്റെ അടുത്ത തന്ത്രം.

അരുൺ ഷൂരിയാണ് ഈ ദൗത്യം ഏറ്റെടുത്തത്. എം.ജെ. അക്ബർ പത്രാധിപരായ ഏഷ്യൻ ഏജിലായിരുന്നു ലേഖന പരമ്പര പ്രസിദ്ധീകരിച്ചത്. പുച്ഛത്തോടെയായിരുന്നു ഷൂരിയുടെ പരാമർശങ്ങളെല്ലാം. ചരിത്രകാരന്മാർ ഇവയെ അവഗണിച്ചു. പണിക്കർ അങ്ങനെ വെറുതെ വിടാൻ തയാറായില്ല.

ഷൂരിയുടെ ആരോപണങ്ങൾക്ക് ഏഷ്യൻ ഏജിൽതന്നെ മറുപടിയെഴുതി.

ആദരിക്കൽ ചടങ്ങ് പ്രഖ്യാപനത്തിന് പിന്നാലെ നിര്യാണ വാർത്ത; അനുസ്മരണ പരിപാടിയായി നടത്താൻ തീരുമാനം

കെ.എൻ. പണിക്കരുടെ നിര്യാണ വാർത്ത പുറത്തുവന്നത്, അദ്ദേഹത്തെ ആദരിക്കുന്നതിന് കേരള ചരിത്ര ഗവേഷണ കൗൺസിലും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന വിപുലമായ പരിപാടികൾ മന്ത്രി ഡോ. ആർ. ബിന്ദു വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചതിന് പിന്നാലെ. ഉച്ചക്ക് 12.30ഓടെയാണ് മന്ത്രി ആദരിക്കൽ ചടങ്ങുകൾ പ്രഖ്യാപിച്ചത്. അര മണിക്കൂർ പിന്നിട്ടതോടെയാണ് വിഖ്യാത ചരിത്രകാരന്‍റെ മരണവാർത്ത പുറത്തുവരുന്നത്. കെ.എൻ. പണിക്കരുടെ ജന്മദിനം പ്രമാണിച്ച് 90 തികയുന്ന ‘ആധുനികതയുടെ ചരിത്രകാരന്’ ആദരം എന്ന പേരിൽ 25, 26 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് പാലസിൽ ദ്വിദിന അന്തർ ദേശീയ സെമിനാർ സംഘടിപ്പിക്കുന്ന വിവരമാണ് മന്ത്രി വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചത്.

അക്കാദമിക സെഷനുകൾ, പണിക്കരുടെ തിരഞ്ഞെടുത്ത കൃതികളുടെ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, ചരിത്രകാരനെ അഭിസംബോധന ചെയ്തെഴുതിയ കൈയെഴുത്ത് കത്തുകളുടെ പ്രദർശനം, പണ്ഡിതന്മാർ, കെ.എൻ. പണിക്കരുടെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരുടെ സംവാദ സദസ്സുകൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് മന്ത്രി അറിയിച്ചു.

റൊമീല ഥാപ്പർ അടക്കം പ്രശസ്ത ചരിത്രകാരന്മാരും ചിന്തകരും അക്കാദമീഷ്യന്മാരും വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്. കെ.സി.എച്ച്.ആർ ചെയർപേഴ്‌സൺ ഡോ. കെ.എൻ. ഗണേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സെമിനാർ കെ.എൻ പണിക്കരുടെ അനുസ്മരണ പരിപാടിയായി നടത്തുമെന്ന് പിന്നീട് മന്ത്രി ബിന്ദുവിന്‍റെ ഓഫിസ് അറിയിച്ചു.

Show Full Article
TAGS:dr kn panikkar sangapariwar Historian 
News Summary - The thorn in the side of the Sangh Parivar; Attempts to harm it twice
Next Story