കണ്ണൂർ ട്രെയിൻ തീവെപ്പ്: പ്രചരിപ്പിച്ചത് വൻ കഥകൾ; പ്രതിയെ മനസ്സിലായതോടെ സഡൻബ്രേക്ക്
text_fieldsകണ്ണൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി പ്രസൂൺ ജിത്ത് സിഗ്ദറിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തിന്റെ ഞെട്ടൽമാറും മുമ്പേ അതേ ട്രെയിനിന്റെ കോച്ചിന് തീയിട്ടതോടെ പ്രചരിച്ചത് വൻ കഥകൾ. കേരളത്തിൽ ഭീകരവാദം പിടിമുറുക്കിയെന്ന വിധത്തിൽ വിഷയം ഏറ്റെടുത്ത് ബി.ജെ.പി നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നു.
പതിവുപോലെ വിദ്വേഷ പ്രതികരണങ്ങളും പ്രസ്താവനകളും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു. കാസർകോട് സ്ഫോടക വസ്തുശേഖരം പിടിച്ചെടുത്തതു മുതൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞതുവരെ സമൂഹ മാധ്യമങ്ങളിൽ കമന്റുകളായി. എലത്തൂരിൽ മൂന്നുപേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന്റെ ബോഗികൾ സീൽചെയ്ത് സൂക്ഷിച്ച പാളത്തിനു സമീപമാണ് അതേ ട്രെയിനിന്റെ ഒരു കോച്ച് പൂർണമായി കത്തിനശിച്ചത്. എലത്തൂരിലേതിനു സമാനമായി ഇന്ധന സംഭരണശാലയുടെ സമീപമാണ് പുതിയ തീവെപ്പും.
കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പിയും കേന്ദ്രസർക്കാറിന്റെ വീഴ്ചയെന്ന് സി.പി.എമ്മും പരസ്പരം പഴിചാരി. സംസ്ഥാന പൊലീസ് അന്വേഷണത്തിനു സമാന്തരമായി എൻ.ഐ.എയും പ്രാഥമിക അന്വേഷണം തുടങ്ങി. എൻ.ഐ.എ സംഘം കണ്ണൂരിലെത്തി സ്ഥിതിഗതികൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു. എലത്തൂർ തീവെപ്പിൽ കേസ് എൻ.ഐ.എക്ക് വിടുന്നതിനു മുമ്പേ സംഘം തീയിട്ട ബോഗികൾ സന്ദർശിച്ചിരുന്നു. റെയിൽവേ സ്റ്റേഷനു സമീപത്തെ ബി.പി.സി.എല്ലിന്റെ ഇന്ധന സംഭരണ കേന്ദ്രത്തിന്റെ സി.സി.ടി.വിയിൽ കണ്ട പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗാൾ സ്വദേശിയായ പ്രതി പ്രസൂൺ ജിത്ത് സിഗ്ദർ വ്യത്യസ്ത പേരുകളാണ് ആദ്യം പൊലീസിന് മൊഴി നൽകിയത്. ഉടൻ തന്നെ അന്വേഷണ സംഘത്തിലെ സി.ഐ. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്തയിലേക്ക് തിരിച്ചു. പ്രതി പറഞ്ഞ വിലാസം ഉറപ്പാക്കിയ സംഘം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും ചോദിച്ചറിഞ്ഞു.
പ്രതിയുടെ പേരും വിലാസവുമെല്ലാം പുറത്തുവന്നതോടെ വലിയ കെട്ടുകഥകൾക്കാണ് തിരശ്ശീല വീണത്. എലത്തൂർ സംഭവവുമായി ബന്ധമില്ലെന്നും മാനസിക രോഗിയാണെന്നുമാണ് പൊലീസ് വിശദീകരിച്ചത്. അതിനിടെ, രാത്രി വൈകി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.