ഇരുട്ടി വെളുത്തപ്പോൾ ഇല്ല, ഈ ഗ്രാമം
text_fieldsഉറക്കത്തിലായിരുന്നു അവർ. ഉരുൾ പൊട്ടിയെത്തിയ മലയിലെ കല്ലും മണ്ണും മരങ്ങളും നൂറിലധികം ജീവനുകളെ കവർന്നെടുത്തു. ഇനി ഉണരില്ല അവർ. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവർ ഏറെയാണ്. അവരുടെ വാക്കുകളിൽ നിന്നറിയാം ദുരന്തത്തിന്റെ ആഴം
ചൂരൽമല (വയനാട്): ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ വയനാട്ടിൽ ഇല്ലാതായത് ഒരു ഗ്രാമം. പാതിരാത്രക്കുശേഷം ഒഴുകിയെത്തിയ ദുരന്തത്തിൽ ജില്ലയിലെ ഉള്‍പ്രദേശമായ മുണ്ടക്കൈ ഇല്ലാതായതിന്റെ ഞെട്ടലിലാണ് വയനാട്ടുകാര്‍. ഉറങ്ങിക്കിടക്കുകയായിരുന്നവർ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുംമുമ്പേ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു.
പലരും വെള്ളത്തിലും ചളിയിലും മുങ്ങി. ചൊവ്വാഴ്ച രാവിലെയോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി ലോകമറിയുന്നത്. നേരം വെളുത്തപ്പോള്‍ പല വീടുകളും നിന്ന സ്ഥലത്ത് കാണാനില്ല. നാനൂറിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമത്തെ തിരിച്ചറിയാന്‍പോലും കഴിയാത്തവിധം മുണ്ടക്കൈ പ്രദേശം ഇല്ലാതായി.
ഉരുൾപൊട്ടലിൽ മുണ്ടക്കൈയെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന മുണ്ടക്കൈ പാലം പൂര്‍ണമായി തകര്‍ന്നതോടെ ഗ്രാമം പൂർണാർഥത്തിൽ ഒറ്റപ്പെട്ടു. അതിനാൽ, രക്ഷാപ്രവർത്തകർക്കും എൻ.ഡി.ആർ.എഫ് സംഘത്തിനും മണിക്കൂറുകൾ നിസ്സഹായരായി നിൽക്കേണ്ടിവന്നു.
മണ്ണിൽ അകപ്പെട്ടവരെ കണ്ടെത്താനോ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങളെ രക്ഷിക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു. രണ്ട് വാർഡുകളിലായി 3000ത്തോളം പേരാണ് മുണ്ടക്കൈയിൽ ഉള്ളത്.
കനത്ത മഴ പെയ്യുന്ന രാത്രിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നപ്പോൾ പലരും കഴുത്തറ്റം ചളിയിൽ മുങ്ങിയിരുന്നു. പുലർച്ച രണ്ടോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് ജനങ്ങൾ അറിഞ്ഞത്. എങ്ങും ചളിയും വെള്ളവും മാത്രമായിരുന്നു. കനത്തമഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ ദുരന്തത്തിന്റെ വ്യാപ്തിയോ ആർക്കും മനസ്സിലായില്ല.
നേരം വെളുത്തുതുടങ്ങിയതോടെയാണ് ജില്ലയിലെ ഏറ്റവും വലിയ ദുരന്തത്തിന് മുണ്ടക്കൈയും ചൂരൽമലയും ഇരയായെന്ന് മനസ്സിലാകുന്നത്. ടൗണിന്റെ പാതിഭാഗവും വെള്ളവും ചളിയും മരങ്ങളും നിറഞ്ഞ് നശിച്ചിരുന്നു.