യുദ്ധമുറിയിൽ നിറയുന്നത്
text_fieldsതിരുവനന്തപുരം: ചുവരെഴുത്തും നോട്ടീസും പോസ്റ്ററുകളുമടക്കമുള്ള പരമ്പരാഗത രീതികളെ പിന്നിലാക്കി എ.ഐയും റീലും ട്രോളുമെല്ലാമായി കത്തിപ്പടരുകയാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. മൂർച്ചയേറിയ ആരോപണങ്ങൾ, ഇരട്ട പ്രഹരമുള്ള പ്രത്യാരോപണങ്ങൾ, കത്തിക്കയറുന്ന വിവാദങ്ങൾ, വായടപ്പൻ മറുപടികൾ എന്നിങ്ങനെ പതിവ് തെരഞ്ഞെടുപ്പ് ചേരുവകൾക്കെല്ലാം ഇക്കുറി നിർമിത ബുദ്ധിയുടെ ഡിജിറ്റൽ കൈയൊപ്പുണ്ട്. എതിരാളിയുടെ നീക്കങ്ങളെ കണ്ണും കാതും കൂർപ്പിച്ച് നിരീക്ഷിക്കുകയും പഴുതടച്ച പ്രതിരോധമൊരുക്കുകയും ചെയ്ത് ഡിജിറ്റൽ ഇടങ്ങളിൽ സജീവമാവുകയാണ് സൈബർ യുദ്ധപ്പുരകൾ.
സെക്കൻഡുകളെ കീറിമുറിച്ചുള്ള രാഷ്ട്രീയ ജാഗ്രതയും ചടുലതയുമാണ് ഈ യുദ്ധമുറികളിൽ. കോവിഡ് നിയന്ത്രണങ്ങളുള്ള 2021ലെ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ ബദൽ പ്രചാരണ മേഖലയായിരുന്നെങ്കിൽ 2026ൽ അത് പ്രധാന യുദ്ധമുഖമായി മാറി. സംസ്ഥാന തലത്തിൽ മാസ്റ്റർ വാർ റൂമുകളും മണ്ഡലാടിസ്ഥാനത്തിൽ സാറ്റലൈറ്റ് സെല്ലുകളും സജ്ജമാണ്. 2.71 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് സാങ്കേതികവിദ്യയും സർഗാത്മകതയും ഒത്തുചേരുന്ന ഡിജിറ്റൽ പോരാട്ടം തെരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
യുദ്ധമുഖത്താണ് ഡിജിറ്റൽ കേഡറുകൾ
പാർട്ടി ആസ്ഥാനത്ത് 2011 മുതൽ പ്രവർത്തിക്കുന്ന ഐ.ടി വിങ് കാലോചിതമായി പരിഷ്കരിച്ചാണ് സി.പി.എം സൈബർ വാർ റൂം സംവിധാനിച്ചത്. വികസന കേന്ദ്രീകൃത ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനൊപ്പം പ്രതിപക്ഷത്തെ നേരിടാൻ ‘ഇരുണ്ട കാലം’ എന്ന വീഡിയോ പരമ്പര തന്നെ നിർമിച്ചാണ് തെരഞ്ഞെടുപ്പിൽ ചുവടുറപ്പിച്ചത്. യു.ഡി.എഫ് ഭരണകാലത്തെ ചിത്രീകരിക്കാൻ നിർമിത ബുദ്ധി കൂടുതൽ ഉപയോഗിച്ചു. പാർട്ടിയുടെ കേഡർ സംവിധാനത്തെ സോഷ്യൽ മീഡിയയുമായി ബന്ധിപ്പിച്ച് താഴെത്തട്ടിലുള്ള വോട്ടർമാരിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്ന രീതിയും സി.പി.എം നടപ്പാക്കുന്നു. സി.പി.എം സൈബർ വാർ റൂമിന്റെ പ്രധാന ഉന്നം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. അദ്ദേഹത്തെ നേരിടാൻ ‘നുണേശൻ’ എന്ന പേരിൽ പേജ് തന്നെ ആരംഭിച്ചിരുന്നു. പലവട്ടം പൂട്ടിച്ചെങ്കിലും പേജ് മൂന്നും നാലും വേർഷനുകളിലായി പുനരവതരിക്കുകയാണ്.
കൈവെള്ളയിൽ സൈബർ സ്ട്രൈക്ക്
മൂർച്ചയുള്ളതും വേഗത്തിൽ സ്വാധീനിക്കുന്നതുമായ ഡിജിറ്റൽ കണ്ടന്റുകളുമായി കളം നിറയുകയാണ് കോൺഗ്രസ് വാർ റൂം. നേരത്തെ മാസ്റ്റർ വാർ റൂം കേന്ദ്രീകരിച്ച് മാത്രമായിരുന്നു സൈബർ-സോഷ്യൽ മീഡിയ ഇടപെടലുകളെങ്കിൽ വികേന്ദ്രീകരിച്ച് ഓരോ പ്രവർത്തകന്റെയും മൊബൈൽ ഫോണുകൾ സൈബർ വാർ റൂമുകളായി മാറ്റി എന്നതാണ് പ്രത്യേക. ഇതിനാവശ്യമായ കണ്ടന്റുകളാണ് മാസ്റ്റർ വാർ റൂമിൽ തയാറാക്കുന്നത്. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ വരവ് കോൺഗ്രസ് സോഷ്യൽ മീഡിയ ആക്ടിവിസത്തിന്റെ അലകും പിടിയും മാറ്റിയിട്ടുണ്ട്. നിലപാടായാലും കടന്നാക്രമണങ്ങളായാലും സെക്കന്റുകൾക്കുള്ള സ്വിച്ചിട്ട പോലെ വോളുകൾ നിറക്കാൻ ആവനാഴിയിൽ ആവോളമുണ്ട് കണ്ടന്റുകൾ. വിപുലമായ ഡാറ്റ ബാങ്കാണ് വാർറൂമിന്റെ മറ്റൊരു പ്രത്യേകത.


