മോഷണമോ നടന്നില്ല; മുന്തിരി കഴിച്ച് മടങ്ങി മോഷ്ടാവ്!
text_fieldsവണ്ടൂർ: മോഷ്ടിക്കാൻ കയറിയ വിരുതൻ പൂട്ട് പൊളിക്കാൻ കഴിയാതായതോടെ ഫാനിട്ട് ക്ഷീണവും മാറ്റി കടയിൽനിന്ന് മുന്തിരിയും വെള്ളവും കുടിച്ച് തടിതപ്പി. കഴിഞ്ഞ ദിവസം വണ്ടൂർ അങ്ങാടിയിൽ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യത്തിലാണ് കൗതുക കാഴ്ച.
കാളികാവ് റോഡിലെ ആത്താസ് ബേക്കറിക്ക് മുന്നിലെ പഴക്കടയിലാണ് മോഷ്ടാവിന്റെ കള്ളക്കളി. രാത്രി രണ്ടുമണിയോടെ ആത്താസ് ബേക്കറിയിലെത്തിയ മോഷ്ടാവ് പൂട്ട് തകർക്കാൻ കഴിയാതായതോടെ മുന്തിരിയും കുപ്പിവെള്ളവും കഴിച്ച് ഫാനിട്ട് ക്ഷീണവും മാറ്റി മടങ്ങുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ദിവസം പ്രദേശത്തെ മത്സ്യ-മാംസ മാർക്കറ്റുകളിലും മോഷണം നടത്തിയ വിരുതൻ ചില്ലറ നാണയങ്ങളും പാലിയേറ്റിവ് ധനസമാഹരണ പെട്ടികളും എടുത്താണ് മുങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് വണ്ടൂർ-മഞ്ചേരി റോഡിലെ കെ.എ.കെ സ്റ്റീൽസ് ആൻഡ് സിമന്റ്സ് കടയിൽ പൂട്ടുപൊളിച്ച് കയറിയ മോഷ്ടാവ് 52,000 രൂപയാണ് കവർന്നത്. കച്ചവടക്കാരുടെ ഉറക്കം കെടുത്തി വണ്ടൂരിൽ മോഷ്ടാക്കൾ വിലസുകയാണെന്ന് ആക്ഷേപമുണ്ട്.