ആർ.എസ്.എസ് പരിപാടിക്ക് പോകുന്നവരെ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല, കുഫോസ് വി.സിക്കെതിരെ വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത കുഫോസ് വി.സി ബിജു മാറിനെതിരെ മന്ത്രി വി ശിവന്‍ കുട്ടി. ആർ.എസ്.എസിന്‍റെ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് പോകേണ്ട കാര്യമില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഗവര്‍ണര്‍ വളരെ ബുദ്ധിപൂര്‍വ്വം കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്. ആർ.എസ്.എസിന്‍റെ പരിപാടിക്ക് പോകുന്നവരെയൊന്നും ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല. അത് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ പരുപാടികളില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് മാറ്റണം' ശിവൻകുട്ടി പറഞ്ഞു.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അരമനയിൽ മാത്രം കയറിയിരുന്ന് പ്രാർഥിച്ചാൽ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. രാജ്യത്താകെ മുസ്ലിംങ്ങളെയും ക്രിസ്ത്യാനികളെയും ഒന്നാകെ നീക്കം ചെയ്യാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്. വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർക്കില്ല.
ഭരണഘടനയെ കാറ്റിൽ പറത്തിക്കൊണ്ടാണ് ബജ്റംഗ് ദളിന്‍റെ സഹായത്തോടെ ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത്. എന്നിട്ടും ഒരു തിരുമേനിമാരുടേയും പ്രതിഷേധം കണ്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.