‘പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ല, പൊലീസിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തേ മതിയാവൂ’ : മുഖ്യമന്ത്രി വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഭരണഘടനാ സ്ഥാപനമെന്ന പരിരക്ഷയുണ്ടെന്നും അതിനാൽ ഹാജരാകില്ലെന്നുമുള്ള നിലപാട് പി.എസ്.സി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പൊലീസ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന നിലപാട് എടുക്കാന്‍ ആര്‍ക്കും പ്രത്യേക അവകാശങ്ങളൊന്നുമില്ല. വളരെ പ്രധാനപ്പെട്ട ആളുകളെ വരെ ചോദ്യം ചെയ്യലിനു വിളിക്കുന്ന സഥലത്ത് പി.എസ്.സി ചെയര്‍മാന് എന്ത് ഇളവ്. പി.എസ്.സി പരീക്ഷ തട്ടിപ്പ് നടത്തി എന്നുള്ള ഗുരുതരമായ ക്രമക്കേട് അരോപണം വന്നതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അതിന്റെ പേരില്‍ അന്വേഷണം നടക്കുമ്പോള്‍ അതുമായി സഹകരിക്കില്ല എന്നു പറഞ്ഞാല്‍ പൊലീസ് നിയമപരമായ മാര്‍ഗം തേടും. അന്വേഷിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഇ.ഡിയുടെ വണ്ടി തല്ലിപ്പൊളിച്ചിട്ട് അവസാനം എന്താണ് ഉണ്ടായത്. അതുകൊണ്ടൊന്നും കാര്യമില്ലല്ലോ. അന്വേഷണവുമായി സഹകരിക്കാനില്ലെന്നു പറയാനുള്ള പ്രത്യേക അധികാരമൊന്നും ആര്‍ക്കുമില്ല. എല്ലാവരും പൗരന്മാരല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘എനിക്കെതിരെ അന്വേഷണം വന്നാല്‍ ഞാൻ അതുമായി സഹകരിക്കേണ്ടേ. ഞങ്ങള്‍ക്കൊക്കെ എതിരെ എന്തെല്ലാം അന്വേഷണം വന്നു. എല്ലാ അന്വേഷണവുമായും സഹകരിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. പി.എസ്.സി ചെയര്‍മാന്‍ അങ്ങനെ പ്രത്യേക പദവിയൊന്നുമല്ല. വലിയ പരീക്ഷ തട്ടിപ്പ് നടത്തി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചു എന്നൊരു ഗുരുതരമായ ആരോപണത്തിന്റെ പേരിലാണ് അന്വേഷണം നടക്കുന്നത്. അതുമായി സഹകരിച്ചേ മതിയാവൂ. അതുമായി ബന്ധപ്പെട്ട് പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തേ മതിയാവൂ. അതിന്റെ രേഖകള്‍ കൊടുത്തേ മതിയാവൂ. അല്ലെങ്കില്‍ പൊലീസ് അതിന്‍റേതായ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കും’ -മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭ സമിതി വിളിച്ച യോഗത്തിൽ കമീഷൻ സെക്രട്ടറി പേകേണ്ടതില്ലെന്ന മുൻ ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയുള്ള പി.എസ്‍.സിയുടെ പ്രതിരോധമാണ് മുഖ്യമന്ത്രി തള്ളുന്നത്. അന്വേഷണസംഘം നിലപാട് കടുപ്പിച്ചാൽ ഹൈകോടതിയെ സമീപിക്കാനാണ് പി.എസ്.സി നീക്കം. നിലവിൽ നാല് പി.എസ്.സി അംഗങ്ങൾക്കാണ് നോട്ടിസ് നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്നും ആവശ്യമെങ്കിൽ പി.എസ്.സി ആസ്ഥാനത്ത് അത് നടത്തിയാൽ മതിയെന്നുമുള്ള നിലപാടാണ് കമീഷൻ യോഗം കൈക്കൊണ്ടത്.
മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂ എന്ന് കാട്ടി ഐ.ജി അജീത ബീഗം കത്ത് നൽകും. ക്രിമിനൽ ചട്ടപ്രകാരം പി.എസ്.സി അംഗങ്ങൾക്ക് പ്രത്യേക പരിഗണന ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന് പി.എസ്.സി കത്ത് നൽകിയിരുന്നു. നിയമസഭ സമിതി വിളിച്ചിട്ടും പോയിട്ടില്ലെന്നാണ് പി.എസ്‍.സിയുടെ വിശദീകരണം. എന്നാല്‍ നിയമസഭാ സമിതിയും കേസന്വേഷണവും രണ്ടായി കാണണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
നേരത്തെ പി.എസ്.സി സെക്രട്ടറിയെ നിയമസഭ പെറ്റീഷൻ കമ്മിറ്റി വിളിച്ചു വരുത്താൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചപ്പോൾ ഭരണഘടന സ്ഥാപനമായതിനാൽ ഹാജരാകേണ്ടെന്ന് ഉത്തരവിട്ടു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നോട്ടീസിനെ പി.എസ്.സി പ്രതിരോധിക്കുന്നത്.


