Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇല്ലെങ്കിൽ വളർന്നാലും...

'ഇല്ലെങ്കിൽ വളർന്നാലും 'മയ', 'കുയി' എന്നൊക്കെ പറയും'; കുട്ടികളെ പരസ്യമായി ശാസിച്ചതിനെ ന്യായീകരിച്ച് കെ.ടി. ജലീൽ

text_fields
bookmark_border
ഇല്ലെങ്കിൽ വളർന്നാലും മയ, കുയി എന്നൊക്കെ പറയും; കുട്ടികളെ പരസ്യമായി ശാസിച്ചതിനെ ന്യായീകരിച്ച് കെ.ടി. ജലീൽ
cancel

മണ്ണാർക്കാട്: വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ വേദിയിലിട്ട് പരസ്യമായി ശാസിക്കുകയും ചെവിയിൽ പിടിക്കുകയും ചെയ്ത സംഭവത്തിൽ താൻ ചെയ്തതിനെ ന്യായീകരിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. കുട്ടികളിലെ പിഴവുകൾ തിരുത്തേണ്ടത് അധ്യാപകരുടെ ചുമതലയാണെന്നും, അതിന് തയാറായില്ലെങ്കിൽ കുട്ടികൾ ഭാവിയിലും തെറ്റായ ഉച്ചാരണങ്ങളിലും അറിവില്ലായ്മയിലും തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നഗരസഭയുടെ വിജയോത്സവ ചടങ്ങിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ടായിരുന്നു ജലീലിന്റെ നടപടി. എഴുത്തിൽ ചെറിയ പിഴവുകൾ സംഭവിച്ചപ്പോൾ ‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’ എന്ന് സദസ്സിന് മുന്നിൽ വെച്ച് ചോദിച്ചാണ് ജലീൽ കുട്ടിയെ തിരുത്തിയത്. ഇതിനു പിന്നാലെ വിദ്യാർത്ഥിയെ ചെവിയിൽ നുള്ളുകയും ചെയ്തു. ഈ നടപടിയാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്.

എന്നാൽ, ഈ വിമർശനങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ജലീലിന്റെ വിശദീകരണം. "കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ചുകൊടുക്കലാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, 'മയ', 'കുയി', 'പുയ', 'പുയു', 'മയു' എന്നൊക്കെയാകും പറയുക," ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ന്യായീകരിച്ചു.

സാധാരണ ചടങ്ങുകളിൽ ഏകപക്ഷീയമായി പ്രസംഗിക്കുന്ന രീതിയല്ല തന്റേതെന്നും, വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചാണ് സംസാരിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. "കുട്ടികളെ കാണുമ്പോൾ ഒരു പൊതുപ്രവർത്തകനേക്കാൾ ഉപരി ഒരു അദ്ധ്യാപകനാണ് എന്നിൽ ഉയർന്നു നിൽക്കാറ്. തമാശയിലൂടെയും ദേഷ്യപ്പെട്ടും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ചുകൊടുക്കാറാണ് പതിവ്" ജലീൽ കൂട്ടിച്ചേർത്തു.

തന്റെ പ്രവർത്തി വേദനിപ്പിക്കാനായിരുന്നില്ലെന്നും അദ്ധ്യാപകന്റെ കരുതലായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം അവകാശപ്പെടുന്നു. "ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല," ജലീൽ വിശദീകരിച്ചു.

സംഭവത്തിൽ മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പാലക്കാട് നടന്ന സംഭവത്തിൽ മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റി പരാതിപ്പെട്ടതിനെ പരിഹസിച്ച ജലീൽ, താൻ പഠിപ്പിച്ച ധാരാളം എം.എസ്.എഫ് പ്രവർത്തകർ ഇന്നും തന്നോട് സൗഹൃദത്തിലാണെന്നും തന്റെ ശൈലിയെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ടെന്നും കൂട്ടിച്ചേർത്തു. പൊതുവേദിയിൽ വെച്ച് കുട്ടികളെ നാണംകെടുത്തിയെന്ന വിമർശനം നിലനിൽക്കുമ്പോഴും, അറിവ് പകർന്നു നൽകാനുള്ള തന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ ഉണ്ടായതെന്നാണ് കെ.ടി. ജലീലിന്റെ നിലപാട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

നുള്ളും പൊള്ളും പിന്നെ മയയും കുയിയും!

മണ്ണാർക്കാട്ട് ഇന്നലെ നടന്ന SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനങ്ങൾ പറഞ്ഞും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണർത്തിയുമാണ് ഞാൻ ഉൽഘാടനം ചെയ്തത്. പ്രസംഗം കഴിഞ്ഞ് മുഴുവൻ പേർക്കും മെമെൻ്റൊ നൽകിയ ശേഷമാണ് വേദി വിട്ടത്.

അതുമായി ബന്ധപ്പെട്ട് "മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ" (MSF) എനിക്കെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തു വന്നത് ഒരു വിവാദത്തിന് തിരി കൊളുത്തിയതായി അറിയാനായി. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചയാളാണ് ഈയുള്ളവൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. എൻ്റെ വിദ്യാർത്ഥികളെ കഴിവിൻ്റെ പരമാവധി അവർക്കു മനസ്സിലാകും വിധം ഞാൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് ഞാനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല. ഞാൻ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമൻ്റായി അവർക്കത് ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം. എൻ്റെ വിദ്യാർത്ഥികളിൽ ധാരാളം MSF-കാരും ഉണ്ടായിരുന്നു. അവരിൽ പലരും രാഷ്ട്രീയത്തിൽ ഉൾപ്പടെ പലമേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. തുറന്ന മനസ്സോടെ അവർക്കും ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ കമൻ്റിടാം.

ഇനി മണ്ണാർക്കാട്ടേക്കു വരാം. സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല എൻ്റേത്. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അദ്ധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണ്ണമായും കണ്ടാൽ അത് ബോദ്ധ്യമാകും.

ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെൻ്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു ബോദ്ധ്യമാകും. ഏതെങ്കിലും രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ എൻ്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എൻ്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാൽ തീർച്ചയായും അതു പരിഗണിക്കും.

കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല MSF-കാർ. പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ MSF മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിൻ്റെ ഔചിത്യം മനസ്സിലാകുന്നില്ല. MSF മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്കാരം.

Show Full Article
TAGS:KT Jaleel facebookpost Mannarkkad student Public Criticism MSF 
News Summary - "They will never learn otherwise": KT Jaleel defends public reprimand of students at award ceremony
Next Story