തിക്കോടി ബീച്ച് ദുരന്തം; 93 ലക്ഷത്തിന്റെ വികസന പദ്ധതികൾ എങ്ങുമെത്തിയില്ല
text_fields2021 ജൂലൈയിൽ മന്ത്രി റിയാസും സംഘവും തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ച്
സന്ദർശിക്കുന്നു (ഫയൽ ചിത്രം)
പയ്യോളി: നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയ തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലെ സുരക്ഷാ പാളിച്ചകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഞായറാഴ്ച വൈകീട്ട് വയനാട് സ്വദേശികളായ വിനോദസഞ്ചാര സംഘത്തിൽപ്പെട്ട നാലുപേർ മുങ്ങിമരിച്ച സംഭവത്തിന്റെ നടുക്കത്തിൽ നിന്നും നാട് ഇനിയും മുക്തമായിട്ടില്ല.
വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കടൽതീരമായിട്ടും സുരക്ഷാ ക്രമീകരണങ്ങളടക്കം ഒരു വികസന പദ്ധതികൾ പോലും നടപ്പാക്കാൻ പ്രാദേശിക ഭരണകൂടമോ സംസ്ഥാന സർക്കാറോ മുൻകൈയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധമുയർത്തുന്നുണ്ട്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടനെ 2021 ജൂലൈയിൽ സ്ഥലം സന്ദർശിച്ച മന്ത്രി റിയാസ് 93 ലക്ഷം രൂപയുടെ വികസന പദ്ധതികളായിരുന്നു ഡ്രൈവ് ഇൻ ബീച്ചിന്റെ വികസനത്തിനായി പ്രഖ്യാപിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ കീഴിൽ കിറ്റ്കോ തയാറാക്കിയ പദ്ധതിയിൽ പ്രവേശനകവാടം, ഇന്റർലോക്ക് വിരിച്ച നടപ്പാതകൾ, മുളകൊണ്ടുള്ള വേലികൾ, പുല്ലും മുളയും ഉപയോഗിച്ചുള്ള ഹട്ടുകൾ, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യം, ശൗചാലയം, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയ വിപുലമായ സൗകര്യങ്ങളായിരുന്നു പദ്ധതിയിൽ അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, നാലുവർഷത്തിനിപ്പുറം പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങുകയായിരുന്നു.
അടങ്ങാതെ പ്രതിഷേധം
പയ്യോളി: നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയ തിക്കോടി ബീച്ചിലെ ദുരന്തത്തിന് സംസ്ഥാന സർക്കാറും തിക്കോടി പഞ്ചായത്ത് ഭരണസമിതിയും കുറ്റക്കാരാണെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. കെ. കെ. നിയാസ് അധ്യക്ഷതവഹിച്ചു. തിക്കോടി ഫെസ്റ്റ് നടത്തി വിജയിപ്പിക്കാൻ കാണിച്ചതിന്റെ പകുതി ശ്രദ്ധയെങ്കിലും ബീച്ച് സംരക്ഷണത്തിന്റെയും സഞ്ചാരികളുടെയും കാര്യത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി . മണ്ഡലം പ്രസിഡൻറ് വി.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ അപകടസ്ഥലം സന്ദർശിച്ചു.
സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതുവരെ ബീച്ച് അടച്ചിട്ട് പ്രവർത്തനം നിർത്തിവെക്കണമെന്ന് ജില്ല പഞ്ചായത്ത് മെംബർ വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ്. വാര്യരെ സന്ദർശിച്ച് ദുൽഖിഫിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകിയതായും സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും തഹസിൽദാറിൽനിന്ന് മറുപടി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.