തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് റെയിൽ പാളത്തിൽ
text_fieldsവലിയതുറ (തിരുവനന്തപുരം): രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും മകൾ മേഘ (25)യെയാണ് മരിച്ചനിലയിൽ കണ്ടത്.
തിരുവനന്തപുരം പേട്ടക്കും ചാക്കക്കുമിടയിലെ റെയിൽ പാളത്തിൽ തിങ്കളാഴ്ച രാവിലെ 9.15 ഓടെ ട്രെയിൻ തട്ടിയത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ.
തിങ്കളാഴ്ച രാവിലെ കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്പ്രസ് ട്രെയിൻ കടന്നുവരുന്നതിനിടെ, ഫോണിൽ സംസാരിച്ച് നടന്നുവന്ന മേഘ പെട്ടെന്ന് പാളത്തിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം.
സംഭവത്തെ കുറിച്ച് പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.