തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി തൃശൂരിൽ പിടിയിൽ
text_fieldsകോട്ടയം: തിരുവാതുക്കലിൽ വ്യവസായി വിജയകുമാർ (66), ഭാര്യ ഡോ. മീര (60) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ മുൻ ജീവനക്കാരനായ അസം സ്വദേശി പിടിയിൽ. അമിത് ഉറാങ് (23) ആണ് തൃശൂർ മാളക്ക് സമീപത്തെ കോഴിഫാമിൽനിന്ന് ബുധനാഴ്ച പുലർച്ചെ പിടിയിലായത്. വിജയകുമാറിന്റെ വസതിയിലെയും തിരുനക്കരയിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെയും മുൻ ജീവനക്കാരനാണ് പ്രതി. വിരലടയാളവും സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്നിടത്തുനിന്നാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ചയാണ് വിജയകുമാറിനെയും മീരയെയും സ്വവസതിയിൽ ക്രൂര മർദനമേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അമിത്തിന്റെ വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിക്കുകയും ഒന്നര ലക്ഷം രൂപ തട്ടിച്ചെടുക്കുകയും ചെയ്തതിനെ തുടർന്ന് ഇയാൾക്കെതിരെ വിജയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, കഴിഞ്ഞ സെപ്റ്റംബറിൽ അമിത് അറസ്റ്റിലായി. ജയിലിൽ കഴിഞ്ഞ ഇയാൾ ഈ ഏപ്രിലിലാണ് പുറത്തിറങ്ങിയത്.
ഈ സംഭവത്തെതുടർന്ന് അസം സ്വദേശിയായ കാമുകി ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചുപോയതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണമായി പറയുന്നത്.
നിലവിൽ അമിത്തിന് മാത്രമാണ് കൊലയിൽ നേരിട്ട് പങ്കുള്ളതെന്നും ഇയാളുടെ സഹോദരന്റെ ഉൾപ്പെടെയുള്ളവരുടെ പങ്ക് പരിശോധിച്ച് വരുകയാണെന്നും കോട്ടയം ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് അറിയിച്ചു. കോടാലികൊണ്ട് തലക്കും മുഖത്തുമേറ്റ മാരക പരിക്കുകളാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലക്ക് ഉപയോഗിച്ച കോടാലിയിൽ ഉൾപ്പെടെ പതിഞ്ഞ വിരലടയാളങ്ങളാണ് പ്രതി അമിത് തന്നെയാണെന്ന് തെളിയിക്കാൻ സഹായകമായത്. വിജയകുമാറിന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് മുൻവശത്തെ ജനാലയുടെ സ്ക്രൂ ഇളക്കി വിടവുണ്ടാക്കി അതിലൂടെ വാതിലിന്റെ കൊളുത്ത് തുറന്നാണ് വീട്ടിനുള്ളിൽ കയറിയത്. തുടർന്ന്, ഔട്ട്ഹൗസിൽനിന്ന് എടുത്ത കോടാലി ഉപയോഗിച്ച് വിജയകുമാറിനെയും മീരയെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് മൊഴി. ഇരുവരും വ്യത്യസ്ത മുറികളിലാണ് ഉറങ്ങിയിരുന്നത്. ഇരുവരുടെയും വസ്ത്രങ്ങൾ വലിച്ചുകീറാനും പ്രതി ശ്രമിച്ചിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ അമിത് ലോഡ്ജിൽനിന്ന് പുറത്തിറങ്ങുന്നതും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതും കണ്ടെത്തിയിരുന്നു.
കൊലക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകളും പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. അതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇവരുടെ മകൾ വിദേശത്തുനിന്ന് എത്തിയശേഷം സംസ്കരിക്കും.
ഡി.വി.ആറും മൊബൈലും കണ്ടെത്തി
കോട്ടയം: തിരുവാതുക്കലിലെ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ ഡോ. മീരയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന വീട്ടിൽനിന്ന് തെളിവ് നശിപ്പിക്കാനായി പ്രതി ഊരിയെടുത്ത സി.സി.ടി.വിയുടെ ഡി.വി.ആറും (ഡിജിറ്റൽ വിഡിയോ റെക്കോഡർ) കണ്ടെത്തി. വീടിന് പിന്നിലെ ചെറിയ തോട്ടിലാണ് ഇത് പ്രതി ഉപേക്ഷിച്ചിരുന്നത്. പ്രതി തോട്ടിൽ ഉപേക്ഷിച്ച രണ്ട് ഫോണുകളും കണ്ടെത്തി. കൊലപാതകം നടന്ന വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. ബുധനാഴ്ച വൈകീട്ട് 4.30ഓടെയാണ് പൊലീസ് സംഘം തെളിവെടുപ്പിനായി പ്രതിയെ തിരുവാതുക്കലിൽ എത്തിച്ചത്. യാതൊരു കൂസലുമില്ലാതെയാണ് പ്രതി പൊലീസിനൊപ്പം നീങ്ങിയത്. നിരവധി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.