Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയോരത്തിനിത്...

മലയോരത്തിനിത് പതിവില്ലാക്കാറ്റ്...

text_fields
bookmark_border
മലയോരത്തിനിത് പതിവില്ലാക്കാറ്റ്...
cancel

തൊടുപുഴ: ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും പോരാട്ടത്തിന് ഇക്കുറി ശക്തി കൂടും. പുതുമുഖങ്ങളും പരിചിതമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും മന്ത്രി മണ്ഡലത്തിലെ പോരാട്ടവും നേതാക്കളുടെ കളംമാറിയുള്ള മത്സരവുമെല്ലാം ഇത്തവണ തെരഞ്ഞെടുപ്പിനെ മുൻപെങ്ങുമില്ലാത്ത വിധം വ്യത്യസ്തമാക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പൻചോല എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ തൊടുപുഴ മാത്രമാണ് യു.ഡി.ഫിനൊപ്പം ഒഴുകിയത്. പത്തുതവണ തൊടുപുഴയിൽനിന്ന് മത്സരിച്ച് ജയിച്ച പി.ജെ. ജോസഫും മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണിയും ഇത്തവണ മത്സര രംഗത്തില്ല.

കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടം നടക്കുന്ന ഏക മണ്ഡലമാണ് തൊടുപുഴ. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്‍റെ കുത്തക മണ്ഡലത്തിൽ അദ്ദേഹത്തിന്‍റെ മകൻ അപു ജോൺ ജോസഫാണ് യു.ഡി.എഫ് സ്ഥാനാർഥി. ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996-ലും 2006-ലും മാത്രമാണ് തൊടുപുഴ നിയോജകമണ്ഡലം എൽ.ഡി.എഫിനൊപ്പം നിന്നത്. ഇവിടെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് റോയി ചാഴികാടാണ് എൽ.ഡി.ഫ് സ്ഥാനാർഥി. 2016ൽ എൽ.ഡി.എഫ് സ്വതന്ത്രനായിരുന്ന റോയി വാരികാട്ടാണ് ഇത്തവണ എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും എൻ.ഡി.എക്ക് തൊടുപുഴയിൽ 20,000ത്തിന് മുകളിൽ വോട്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഉടുമ്പൻ ചോലയിൽ മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രന്‍റെ തിരിച്ചുവരാണ് ഇത്തവണ പ്രേത്യകത. സിറ്റിങ് എം.എൽ.എ എം.എം. മണി ഇത്തവണ മത്സര രംഗത്തില്ലാത്തതിനാലാണ് പത്ത് വർഷത്തിന് ശേഷം ഇദ്ദേഹം വീണ്ടും തെരഞ്ഞെടുപ്പിനെത്തുന്നത്. സേനാപതി വേണുവാണ് യു.ഡി.എഫ് സ്ഥാനാർഥി. 2016ൽ എം.എം. മണിക്കെതിരെ വേണുവാണ് മത്സരിച്ചിരുന്നത്. അന്ന് 1109 വോട്ടിനാണ് പരാജിതനായത്. അഡ്വ. സംഗീത വിശ്വനാഥനാണ് ഇവിടെ ബി.ഡി.ജെ.എസ് സ്ഥാനാർഥി.

എൽ.ഡി.എഫ് മന്ത്രി റോഷി അഗസ്റ്റിനെതിരെ കടുത്ത മത്സരം കാഴ്ചവെക്കാൻ കേരള കോൺഗ്രസിൽനിന്ന് കോൺഗ്രസ് പിടിച്ച് വാങ്ങിയ ഇടുക്കി സീറ്റിലും മത്സരം ഇത്തവണ തീപാറും. മുൻ.ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസിനെയാണ് യു.ഡി.എഫ് പോരാട്ടത്തിനിറക്കിയിരിക്കുന്നത്. 2001 മുതൽ റോഷി അഗസ്റ്റിൻ ജയിക്കുന്ന മണ്ഡലമാണിത്. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്‍റ് പ്രതീഷ് പ്രഭയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി. ബി.ഡി.ജെ.എസിന് നല്ല വോട്ടുള്ള മണ്ഡലം കൂടിയാണ് ഇടുക്കി.

പീരുമേടും അത്യുഗ്രൻ പോരട്ടമാണ് . 2016 ലും 2021ലും നിസ്സാര വോട്ടുകൾക്ക് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി സിറിയക് തോമസ് തന്നെ ഇത്തവണയും രംഗത്ത്. വാഴൂർ സോമന്‍റെ അഭാവത്തിൽ കുത്തക മണ്ഡലം നില നിർത്താൻ സി.പി.ഐയിലെ ജില്ലാ സെക്രട്ടറി കെ. സലിം കുമാറിനെയാണ് പാർട്ടി ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. ബി.ജെ.പി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി. രതീഷിനെയാണ് എൻ.ഡി.എ കളത്തിലിറക്കിയിരിക്കുന്നത്.

ആരാകും ദേവികുളത്തിന്‍റെ ‘രാജ’

സ്ഥാനാർത്ഥികളുടെ പേര് പേലെ തന്നെ ജില്ലയിൽ പൊടിപാറുന്ന പോരാട്ടം നടക്കുന്നത് ദേവികുളത്താണ്. നിലവിലെ എം.എൽ.എ എ. രാജക്കെതിരെ യു.ഡി.എഫ് എഫ്. രാജയെയാണ് പുതുമുഖമായി രംഗത്തിറക്കിയിരിക്കുന്നത്. 15 വർഷം സി.പി.എം എം.എൽ.എ ആയിരുന്ന എസ്. രാജേന്ദ്രനാണ് ബി.ജെ.പിക്ക് വേണ്ടി ഇവരോട് ഏറ്റുമുട്ടുന്നത്. തോട്ടം തൊഴിലാളികൾ ഗതി നിർണയിക്കുന്ന മണ്ഡലത്തിൽ മൂവരും ശക്തരായ സ്ഥാനാർഥികൾ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എ. രാജയെ തോൽപിക്കാൻ ശ്രമിച്ചു എന്ന ആരോപണവും തുടർന്നുണ്ടായ നടപടികളുമാണ് രാജേന്ദ്രനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. തോട്ടം മേഖലയിലെ തന്‍റെ സാന്നിധ്യം തെളിയിക്കാൻ രാജേന്ദ്രൻ പയറ്റുമ്പോൾ രാജേന്ദ്രന്‍റെ അഭാവം പാർട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയില്ലെന്ന് തെളിയിക്കലാകും എൽ.ഡി.എഫിന്‍റെ ലക്ഷ്യം.

Show Full Article
TAGS:Kerala Assembly Election 2026 Idkki News Politics 
News Summary - This is an unusual wind for the hills...
Next Story