യു.ഡി.എഫിന് ആശ്വാസം തൊടുപുഴ മാത്രം
text_fieldsതൊടുപുഴ നിയോജക മണ്ഡലത്തിലെ വോെട്ടണ്ണൽ കേന്ദ്രമായ ന്യൂമാൻ കോളജിൽനിന്നുള്ള ദൃശ്യം
തൊടുപുഴ: ഇടത് തരംഗത്തിൽ ജില്ലയിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫിനൊപ്പം നിന്നത് തൊടുപുഴ മാത്രം. 15വർഷത്തിനുശേഷം ജില്ലയിലെ നാലു മണ്ഡലങ്ങളും എൽ.ഡി.എഫ് നേടി. 2006ലായിരുന്നു ഇടതുപക്ഷത്തിന് ഇതിന് മുമ്പ് ഇതുപോലൊരു വിജയം ലഭിച്ചത്. ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലാണ് ഇടതുപക്ഷം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ തൊടുപുഴയിലെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞെങ്കിലും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് മാത്രമാണ് യു.ഡി.എഫിൽനിന്ന് വിജയിച്ചത്.
കഴിഞ്ഞ തവണ 1109 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ച എം.എം. മണി ഉടുമ്പൻചോലയിൽ ഇത്തവണ 38,305 വോട്ടിെൻറ ചരിത്രവിജയം നേടി ഏവരെയും ഞെട്ടിച്ചു. തുടക്കം മുതൽ പീരുമേട് മണ്ഡലത്തിൽ മുന്നിട്ടുനിന്ന യു.ഡി.എഫിലെ സിറിയക് തോമസിനെ പിന്തള്ളി അവസാന റൗണ്ട് വോട്ടെണ്ണിയപ്പോൾ എൽ.ഡി.എഫിലെ വാഴൂർ സോമൻ ഫോട്ടോഫിനിഷിലൂടെ വിജയിച്ചു. 1835 വോട്ടാണ് ഭൂരിപക്ഷം.
പട്ടികവർഗ സംവരണ മണ്ഡലമായ ദേവികുളം തുടർച്ചയായ നാലാം തവണയും ഇടതുപക്ഷം സ്വന്തമാക്കി. ഡി.വൈ.എഫ്.ഐ നേതാവായ എ. രാജായാണ് ഇവിടെനിന്ന് ജയിച്ചത്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനൊപ്പംനിന്ന് ഇടുക്കി മണ്ഡലത്തിൽ വിജയിച്ച് കയറിയ റോഷി അഗസ്റ്റിൻ ഇത്തവണ മുന്നണി മാറിയിട്ടും ജയം നിലനിർത്തി. 15 വർഷമായി ജില്ലയിൽ ഒരു എം.എൽ.എ ഇല്ലാത്തതിെൻറ ക്ഷീണം തീർക്കാൻ ഇത്തവണയും കോൺഗ്രസിനായില്ല.
കട്ടപ്പനയിൽ കോൺഗ്രസ്, കേരള കോൺഗ്രസ് കാലുവാരിയെന്ന് ആക്ഷേപം
കട്ടപ്പന: കട്ടപ്പനയിൽ കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫിനെ കാലുവാരി. യു.ഡി.എഫ് ഭരണം നടത്തുന്ന കട്ടപ്പന നഗരസഭയിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായ കെ. ഫ്രാൻസിസ് ജോർജിനെ കോൺഗ്രസ് പ്രവർത്തകർ കാലുവാരിയെന്നാണ് ആരോപണം. ഏതാണ്ട് 4000ൽ അധികം വോട്ടിെൻറ എങ്കിലും ഭൂരിപക്ഷം ഫ്രാൻസിസ് ജോർജിന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോൺഗ്രസ് പ്രവർത്തകർ.
എന്നാൽ, തെരഞ്ഞെടുപ്പ് ദിവസം സജീവമാകാതെ മാറിനിന്ന കോൺഗ്രസ് നേതാക്കൾ ഒരു തരത്തിൽ റോഷിക്ക് ലീഡ് നേടാനുള്ള സാഹചര്യം ഉണ്ടാക്കുകയായിരുന്നു. റോഷി അഗസ്റ്റിന് കട്ടപ്പന മുനിസിപ്പാലിറ്റിയിൽ 1248 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചു. ഇത് വോട്ടെടുപ്പിൽ നിർണായകമായി. സ്ഥാനാർഥി മോഹികളായ ചില കോൺഗ്രസ് നേതാക്കൾക്ക് ഇടുക്കി സീറ്റ് ലഭിക്കാതെ പോയതിെൻറ മധുരമായ പ്രതികാരംവീട്ടൽ കൂടിയാണിതെന്നാണ് അണിയറ സംസാരം.