കുട്ടനാട്ടിൽ വോട്ടിന് പണം നൽകിയതിന് തെളിവുണ്ട് -തോമസ് കെ. തോമസ്
text_fieldsതോമസ് കെ. തോമസ്
ആലപ്പുഴ: കുട്ടനാട്ടിലെ വോട്ടിന് പണംനൽകിയതിന് തെളിവുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് കെ.തോമസ്. കുട്ടനാട്ടിൽ മാധ്യമപ്രർത്തകരോട് സംസാരിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പിട്ട ഷർട്ട് ഏതെന്ന് പോലും യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാന് ഓർമയില്ല. ഒരുവർഷമായി ഹാഫ് സ്ലീവ് ഷർട്ട് ഉപയോഗിക്കുന്നില്ലെന്നാണ് പറയുന്നത്. ഇത്തവണ വോട്ടുചെയ്യാൻ പോയത് അതിട്ടാണ്.
എൽ.ഡി.എഫ് സ്ഥാനാർഥിക്ക് മനോരോഗമാണെന്ന പരാമർശത്തിൽ ആർക്കാണ് മനോരോഗമെന്ന് ജനം മനസ്സിലാക്കുമെന്നായിരുന്നു മറുപടി. ആർക്കാണ് അൽഷിമേഴ്സ് ബാധിച്ചതെന്ന് പരിശോധിക്കണം. എൻ.സി.പിയെ തകർത്ത് പി.ജെ. ജോസഫിന്‍റെ പാർട്ടിയിൽ ചേർന്നത് പണം കൊടുത്താണ്. കുട്ടനാട്ടിൽ സീറ്റ് കിട്ടാൻ എന്ത് യോഗ്യതയാണുള്ളത്? മാധ്യമങ്ങൾക്ക് മുന്നിൽ വാവിട്ട് കരഞ്ഞ കോൺഗ്രസ് നേതാവ് സജി ജോസഫ് നോമിനേഷൻ പിൻവലിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
പ്രചരിപ്പിക്കുന്നത് വ്യാജവീഡിയോ -റെജി ചെറിയാൻ
ആലപ്പുഴ: കുട്ടനാട്ടിലെ വോട്ടിന് നോട്ട് ആരോപണത്തിൽ എൽ.ഡി.എഫ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമെന്ന് യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാൻ. നിലവിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഒക്ടോബർ രണ്ടിന് ചിത്രീകരിച്ചതാണ്. അന്ന് കാവാലം തട്ടാശ്ശേരിയിൽ നടന്ന പരിപാടിയിൽ ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്ന നിലയിൽ കാൻസർരോഗിക്ക് സഹായം നൽകുന്നതിന്‍റെ വീഡിയോയുടെ ഒരുഭാഗം മാത്രം അടർത്തിയെടുത്താണ് വോട്ടിന് പണം എന്ന രീതിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് കെ.തോമസും സംഘവും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


