തോറിയം നിലയം; എനർജി മാനേജ്മെന്റ് സെന്റർ പഠനത്തിന് ഇ.എം.സി ഡയറക്ടറടങ്ങുന്ന സംഘം കൽപാക്കം ആണവകേന്ദ്രം സന്ദർശിക്കും
text_fieldsതിരുവനന്തപുരം: ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കാൻ മോഡുലാർ ന്യൂക്ലിയർ പവർ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബി തുടർച്ചയായി ഉന്നയിക്കുന്നതിനിടെ ഇതേക്കുറിച്ച കൂടുതൽ പഠനത്തിന് ഊർജ വകുപ്പ്. വൈദ്യുത ഉൽപാദനത്തിന് തോറിയം എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാൻ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിനെ (ഇ.എം.സി) സർക്കാർ ചുമതലപ്പെടുത്തി. കൽപാക്കം ആണവകേന്ദ്രം സന്ദർശിച്ച് മാതൃക പഠന റിപ്പോർട്ട് തയാറാക്കാനാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇ.എം.സി ഡയറക്ടറടങ്ങുന്ന സംഘം വൈകാതെ കൽപാക്കം നിലയം സന്ദർശിക്കും.
ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സാങ്കേതികവിദ്യ, വൈദ്യുതി ഉൽപാദനത്തിനായി കേരള തീരത്തെ വിപുലമായ തോറിയം ശേഖരം തന്ത്രപരമായി എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങളിലാണ് പഠനം. ഇ.എം.സി ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ വിശദ പരിശോധനകൾക്ക് ശേഷം പൊതുസമവായം ഉണ്ടാകുകയാണെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കേരള തീരത്തെ മണലിൽ തോറിയം അടങ്ങിയിട്ടുണ്ടെന്നും അത് വേർതിരിച്ച് ഊർജ ഉൽപാദനത്തിന് ഉപയോഗിക്കാനാവുമെന്നുമാണ് തോറിയം നിലയം വേണമെന്ന് ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാട്ടുന്നത്.
മണൽ ശേഖരിച്ച് തോറിയം വേർതിരിക്കൽ ഉൾപ്പെടെയുള്ള നടപടികൾ നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ല. ചവറ, നീണ്ടകര മേഖലയിൽ കെ.എം.എം.എല്ലും ഐ.ആർ.ഇയും നടത്തുന്ന കരിമണൽ ഖനനം തന്നെ പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തുന്നുണ്ട്. കൂടുതൽ മേഖലയിൽ ഖനനം നടത്തുന്നതിൽ എതിർപ്പുമുണ്ട്. തീരമേഖലയിൽ മണൽ ശേഖരണവും തോറിയം വേർതിരിക്കലുമൊക്കെ യാഥാർഥ്യമാക്കാൻ കടമ്പകളേറെയാണെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്. ബാർക്കിന് കീഴിൽ പരീക്ഷണാടിസ്ഥാനത്തിൽ കൽപാക്കത്ത് നടക്കുന്ന പരീക്ഷണം പൂർണമാക്കി ഈ സാങ്കേതികത ന്യൂക്ലിയർ പവർ കോർപറേഷന് കൈമാറിയതായി ഔദ്യോഗിക വിശദീകരണം ഇനിയും വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ജലവൈദ്യുത പദ്ധതികളും സോളാർ, കാറ്റാടി നിലയങ്ങളും കൊണ്ട് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് ആവർത്തിക്കുന്ന കെ.എസ്.ഇ.ബി, സമീപ കാലത്തായി ആണവ പദ്ധതികളോട് താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കേരളീയ സാഹചര്യത്തിൽ ആണവനിലയങ്ങൾ സ്ഥാപിക്കൽ എളുപ്പമല്ലെങ്കിലും ഇടക്കിടെ ഇക്കാര്യം ഉയർത്തിക്കൊണ്ടുവരുന്നു. ഇതിനിടെയാണ് കൽപാക്കത്ത് പോയി പഠനത്തിനുള്ള നീക്കം.


