നിയമസഭയിലേക്ക് മൂന്ന് 'തൃത്താല'ക്കാർ
text_fieldsപി. മമ്മിക്കുട്ടി, പി.പി. സുമോദ്, എം.ബി. രാജേഷ്
കൂറ്റനാട്: 15ാം നിയമസഭയിലേക്ക് മൂന്ന് അംഗങ്ങളുടെ അപൂർവ സാന്നിധ്യവുമായി തൃത്താല നിയോജക മണ്ഡലം ശ്രദ്ധേയമാകുന്നു. പാലക്കാട് ജില്ലയിലെ ഷൊർണൂർ, തരൂർ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികളായി മത്സരിച്ച പി. മമ്മിക്കുട്ടി, പി.പി. സുമോദ് എന്നിവർ നിലവിൽ തൃത്താല മണ്ഡലത്തിലെ ആനക്കര, പട്ടിത്തറ പഞ്ചായത്തുകളിൽ ഉൾപ്പെടുന്നവരാണ്.
ഷൊർണൂർ മണ്ഡലത്തിൽനിന്നുള്ള എം.ബി. രാജേഷ് തൃത്താലയിൽനിന്ന് വിജയം നേടിയതാേടെ മൂന്നുപേരും എം.എൽ.എമാരാകുന്ന അപൂർവ നേട്ടമാണ് തൃത്താല കൈവരിച്ചത്. പാലക്കാട് ജില്ലയിലെ തരൂർ, ഷൊർണൂർ, തൃത്താല മണ്ഡലങ്ങളിൽ മത്സരിച്ച് മിന്നുന്ന വിജയം നേടിയാണ് ഇവർ ചരിത്രം കുറിച്ചത്.
തരൂരിൽ 6162 വോട്ടിെൻറ ഭൂരിപക്ഷത്തിൽ പി.പി. സുമോദ്, ഷൊർണൂരിൽനിന്ന് 36,674 ഭൂരിപക്ഷത്തിൽ പി. മമ്മിക്കുട്ടി, തൃത്താലയിൽനിന്ന് 3157 ഭൂരിപക്ഷത്തിൽ എം.ബി. രാജേഷ് എന്നിവരാണ് തൃത്താല നിയോജക മണ്ഡലത്തിന് അഭിമാനമായത്. 2011ൽ തൃത്താലയിൽനിന്ന് പി. മമ്മിക്കുട്ടി ആദ്യം മത്സരിച്ചെങ്കിലും വി.ടി. ബൽറാമിനോട് പരാജയപ്പെട്ടിരുന്നു. രണ്ട് തവണ എം.എൽ.എയായ വി.ടി. ബൽറാമിനെ അവസാന നിമിഷത്തിൽ മലർത്തിയടിച്ചാണ് എം.ബി. രാജേഷ് ഒരു പതിറ്റാണ്ടിനു ശേഷം തൃത്താല ഇടതിനോട് ഒപ്പം ചേർത്തത്.