മൂന്നു വയസ്സുകാരി മുങ്ങിമരിച്ച നിലയിൽ
text_fieldsബാലുശ്ശേരി (കോഴിക്കോട്): അറപ്പീടികയിലെ ഫാം കളത്തിൽ മൂന്നുവയസ്സുകാരിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ ഡാർജിലിങ് സിലിഗുരി സ്വദേശി രജഥാപ്പയുടെയും ബീനയുടെയും മകൾ റോജി ഥാപ്പ (മൂന്ന്)യെയാണ് അറപ്പീടിക പേരാറ്റും പൊയിൽ ഫാമിനോട് ചേർന്നുള്ള കളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. വീട്ടുകാര്‍ കുട്ടിയെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരാറ്റും പൊയിൽ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.
കഴിഞ്ഞ പത്തുവര്‍ഷമായി ഫാമിൽ ജോലി നോക്കിയിരുന്ന ബംഗാള്‍ സ്വദേശികളായ കുടുംബത്തിന് പകരമായി മൂന്നുമാസം മുമ്പാണ് രജഥാപയുടെ കുടുംബം ഇവിടെ ജോലിക്കെത്തിയത്. സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നെങ്കിലും കളിക്കുന്നതിനിടെ കുളത്തിന്റെ സമീപമെത്തിയ കുട്ടി അബദ്ധവശാല്‍ കാല് വഴുതി വീണതാകാമെന്നാണ് കരുതുന്നത്.
ബാലുശ്ശേരി പൊലീസ് നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.