Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിനെ കൈവിടാതെ...

എൽ.ഡി.എഫിനെ കൈവിടാതെ തൃശൂർ; പത്മജ വേണുഗോപാലിന് ഹാട്രിക് തോൽവി

text_fields
bookmark_border
R. Bindu, T.N. Prathapan, Padmaja Venugopal
cancel
camera_alt

ആർ. ബിന്ദു, ടി.എൻ. പ്രതാപൻ, പത്മജ വേണുഗോപാൽ

തൃശൂർ: കേരളം മുഴുവൻ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയിട്ടും എൽ.ഡി.എഫിനെ പരിപൂർണമായി കൈവിടാതെ തൃശൂർ. ആകെയുള്ള 13ൽ ഒമ്പത് മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ നാലു സീറ്റുകൾ യു.ഡി.എഫിനെ തുണച്ചു. ചാലക്കുടി നിലനിർത്തിയും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, തൃശൂർ മണ്ഡലങ്ങൾ പിടിച്ചെടുത്തും യു.ഡി.എഫ് കരുത്തുകാട്ടി. മണലൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെയും ഇരിങ്ങാലക്കുടയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെയും പരാജയം ഞെട്ടിച്ചു. കോൺഗ്രസിൽനിന്ന് കളംമാറി ബി.ജെ.പിയിൽ ചേർന്ന് തൃശൂരിൽ മത്സരത്തിനിറങ്ങിയ പത്മജ വേണുഗോപാൽ ഹാട്രിക് തോൽവി ഏറ്റുവാങ്ങി.

ഗുരുവായൂർ, മണലൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറിയത്. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ വിജയിച്ച സി.പി.ഐ ഇത്തവണ മൂന്നായി ചുരുങ്ങി. ഒല്ലൂരിൽ സി.പി.ഐ സ്ഥാനാർഥിയായിരുന്ന റവന്യൂ മന്ത്രി കെ. രാജൻ വലിയ പരിക്കില്ലാതെ വിജയിച്ചുകയറിയപ്പോൾ കൊടുങ്ങല്ലൂരും തൃശൂരും കൈവിട്ടു. കയ്പമംഗലത്ത് കെ.കെ. വത്സരാജും നാട്ടികയിൽ ഗീതാ ഗോപിയും സി.പി.ഐ ടിക്കറ്റിൽ വിജയിച്ചു. സി.പി.എം മത്സരിച്ച ഇരിങ്ങാലക്കുട ഒഴികെയുള്ള ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, പുതുക്കാട് എന്നിവിടങ്ങളിൽ അവർ വിജയിച്ചു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി ഒഴികെയുള്ള 12 മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു. ചേലക്കര-യു.ആർ. പ്രദീപ്, കുന്നംകുളം-എ.സി. മൊയ്തീൻ, ഗുരുവായൂർ-എൻ.കെ. അക്ബർ, പുതുക്കാട്-കെ.കെ. രാമചന്ദ്രൻ, മണലൂർ-പ്രഫ. സി. രവീന്ദ്രനാഥ്, വടക്കാഞ്ചേരി-സേവ്യർ ചിറ്റിലപ്പള്ളി എന്നിവരാണ് സി.പി.എമ്മിൽനിന്ന് വിജയിച്ചവർ.

സി.പി.ഐയിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന് നാട്ടികയിൽ മത്സരിച്ച സിറ്റിങ് എം.എൽ.എ സി.സി. മുകുന്ദൻ നിലംതൊട്ടില്ല. മുൻ മേയർ കൂടിയായ കോൺഗ്രസിലെ രാജൻ പല്ലൻ തൃശൂരിൽ അട്ടിമറി വിജയമാണ് നേടിയത്. 26,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.ഐ സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനെ പരാജയപ്പെടുത്തിയത്.

ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ചേലക്കരയിലെ സി.പി.എം സ്ഥാനാർഥി യു.ആർ. പ്രദീപിന്റെയാണ്-29,386 വോട്ടുകളുടെ ഭൂരിപക്ഷം. ഏറ്റവും കുറവ് ഭൂരിപക്ഷം പ്രഫ. സി. രവീന്ദ്രനാഥിനാണ്-126 വോട്ട്. ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ വേണമെന്ന വർഗീയ പ്രസ്താവനയിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നിറഞ്ഞുനിന്ന ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ 28,947 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Show Full Article
TAGS:Thrissur Padmaja Venugopal Kerala Assembly Election 2026 Assembly Elections 2026 Latest News 
News Summary - Thrissur does not give up on LDF Padmaja Venugopal suffers hat-trick defeat
Next Story