തൃശൂരിൽ ഇനി കലയുടെ കുടമാറ്റം
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ തിരുവനന്തപുരത്തുനിന്നുള്ള വിദ്യാർഥികളെ മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി എന്നിവർ സ്വീകരിക്കുന്നു
തൃശൂർ: ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ചെമ്പടമേളവും പഞ്ചവാദ്യവും വെടിക്കെട്ടും ആനയും എല്ലാം ഒന്നിച്ചാർക്കുന്ന തൃശൂരിൽ ഇനിയുള്ള അഞ്ചു നാളുകൾ കലയുടെ പൂരാവേശം. ബുധനാഴ്ച മുതൽ 25 വേദികളിലായി 15,000ത്തോളം കൗമാരപ്രതിഭകൾ 249 ഇനങ്ങളിലായി കലയുടെ വർണം തീർക്കുമ്പോൾ കേരളം പുതുകാലപ്രതിഭകളെ കണ്ടെത്തും.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്തിന് തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ ഒന്നാം വേദിയായ ‘സൂര്യകാന്തി’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഞായറാഴ്ച സമാപിക്കും. കലയുടെ ഉപചാരം ചൊല്ലിപ്പിരിയലിന് മലയാളത്തിന്റെ മഹാനടൻ മോഹൻലാലും എത്തും. ഉദ്ഘാടനത്തിന് പിന്നാലെ മോഹിനിയാട്ടം, പണിയനൃത്തം, മിമിക്രി, ലളിതഗാനം, ചാക്യാർകൂത്ത്, അറബനമുട്ട്, തുള്ളൽ തുടങ്ങിയവയോടെ കലയുടെ വെടിക്കെട്ട് ഉയരും. അഞ്ച് പകലിരവുകളിൽ കല നൃത്തമാടുമ്പോൾ കാഴ്ചക്കാർക്കും അതൊരു പൂരത്തിനു മുമ്പുള്ള പൂരമായി മാറും.
ഏഴാം വട്ടം തൃശൂർ ആതിഥ്യമരുളുന്ന കലോത്സവത്തിന് ഒരുക്കം പൂർത്തിയായി. ഏറ്റവും അത്യാധുനിക സൗകര്യങ്ങളുപയോഗിച്ച് രജിസ്ട്രേഷനും മത്സരങ്ങളും ക്രമീകരിക്കാനാണ് ശ്രമം. അപ്പീൽ പെരുമഴയിെല്ലങ്കിൽ മത്സരങ്ങൾ അനിശ്ചിതമായി നീളുന്നത് ഒഴിവാകുമെന്ന് സംഘാടകർ പറയുന്നു. പങ്കെടുക്കുന്ന മുഴുവൻ പേർക്കും ട്രോഫികൾ നൽകുന്നതിനൊപ്പം ആരോഗ്യ-ഉത്തരവാദിത്ത ശീലങ്ങളിലേക്ക് കൗമാരത്തെ കൈപിടിച്ചു നടത്താനും മേളയെ വിദ്യാഭ്യാസ വകുപ്പ് ഉപയോഗിക്കുന്നുണ്ട്. ഇതിനായി പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുകയും പാക്കറ്റ് ഭക്ഷണസാധനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


