കാടിറങ്ങുന്ന ശൗര്യം; ഭയന്നുവിറച്ച് നാട്
text_fieldsകൽപറ്റക്കടുത്ത ആനപ്പാറ എസ്റ്റേറ്റിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞ കടുവകൾ -ഫയൽ ചിത്രം
കൽപറ്റ: മുമ്പത്തേപ്പോലെയല്ല, നഗരപ്രദേശങ്ങളിൽപോലും വന്യജീവികളുടെ വിളയാട്ടമാണ് വയനാട്ടിൽ. നിത്യജീവിതത്തെ കീഴ്മേൽ മറിക്കുന്ന രൂപത്തിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോഴും പരിഹാരം അകലുന്നു. വെള്ളിയാഴ്ച മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാപ്പി പറിക്കാനെത്തിയ രാധയെ കടുവ കൊന്നതാണ് ഒടുവിലത്തെ സംഭവം. 2016 മുതൽ 2025 ജനുവരി 24 വരെയുള്ള കാലയളവിൽ കേരളത്തിൽ വന്യജീവി ആക്രമണങ്ങളിൽ ആകെ 941 പേരാണ് കൊല്ലപ്പെട്ടത്.
വയനാട്ടിൽ മാത്രം കഴിഞ്ഞ പത്തുവർഷത്തിനിടെ എട്ടുപേരെയാണ് കടുവ കൊന്നത്. 44പേർ കാട്ടാന ആക്രമണത്തിലും കൊല്ലപ്പെട്ടു. ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലായിരുന്നു മുമ്പ് വന്യമൃഗങ്ങളെ പേടിക്കേണ്ടതെങ്കിൽ ഇപ്പോൾ എല്ലായിടവും ഭീതിയിലാണ്. പുൽപള്ളി, മേപ്പാടി, തിരുനെല്ലി, മാനന്തവാടി ഭാഗങ്ങളിൽ കാട്ടാനയും മുള്ളൻകൊല്ലി, സുൽത്താൻ ബത്തേരി ഭാഗങ്ങളിൽ കടുവയുമാണ് പ്രധാനഭീഷണി. കർണാടക അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ കാട്ടാനയും കടുവയും പുലിയുമടക്കം വിഹരിക്കുന്നു. എന്നാൽ, നിലവിൽ കൽപറ്റ നഗരസഭയിലെ പെരുന്തട്ട ഭാഗത്തടക്കം കടുവയുടെയും പുലിയുടെയും ഭീഷണിയിലാണ്. അടുത്തിടെ മൂന്നു കടുവക്കുഞ്ഞുങ്ങളെയും തള്ളക്കടുവയെയുമാണ് കൽപറ്റ നഗരത്തിനടുത്ത് കണ്ടത്.
കേരളത്തിൽ വന്യമൃഗങ്ങൾ പെരുകുകയാണെന്നാണ് കർഷകസംഘടനകൾ പറയുന്നത്. 2022 ലെ കണക്കെടുപ്പനുസരിച്ച് കേരളത്തിൽ 213 കടുവകളാണുള്ളത്.
2018ൽ ഇത് 190 ആയിരുന്നു. വയനാട്ടിലാണ് കൂടുതൽ കടുവകളുള്ളത് -84 എണ്ണം. വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറിയുള്ള കൃഷി വന്യമൃഗങ്ങളുടെ ആക്രമണത്തിന് പ്രധാന കാരണമാണ്. കരിമ്പ്, വാഴ, റബർ തുടങ്ങിയവ കൃഷി ചെയ്യാൻ തുടങ്ങിയതും വന്യജീവികളെ നാട്ടിലേക്കാകർഷിച്ചു.
വന്യജീവികളാൽ മനുഷ്യർ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഏറുമ്പോൾ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഈ നിയമമെന്നതിനാൽ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണസംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി വേണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് ഓരോ വർഷവും ശരാശരി 25 കോടി രൂപ വന്യജീവി പ്രതിരോധത്തിന് ചെലവിടുന്നുണ്ട്. എന്നിട്ടും മനുഷ്യ-വന്യജീവി സംഘർഷം കൂടുകയാണെന്നാണ് വനംവകുപ്പ് കണക്കുകൾ.
കേരളത്തിൽ ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 39,484 സംഭവങ്ങളുണ്ടായി. 2019-20 വർഷത്തിൽ 6341 സംഘർഷങ്ങളുണ്ടായെങ്കിൽ 2022-23ൽ 8236 ആയി. 2023-24ൽ ഇത് 9838 ആയും ഉയർന്നു.
10 വർഷം വയനാട്ടിൽ കടുവ എടുത്തത് എട്ടു ജീവനുകൾ
- 2015ൽ മാത്രം മൂന്നുപേരെ കടുവ കൊന്നു
- കഴിഞ്ഞ 12 മാസത്തിനുള്ളിൽ എട്ടാമത്തെയാളാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നത്
- 2015 ഫെബ്രുവരി 10 നൂൽപ്പുഴ മൂക്കുത്തികുന്നിൽ ഭാസ്കരൻ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു
- 2015 ജൂലൈ കുറിച്യാട് സ്വദേശി ബാബുരാജിനെ കടുവ കൊന്നു
- 2015 നവംബർ തോൽപ്പെട്ടി റേഞ്ചിലെ വാച്ചർ കക്കേരി ഉന്നതിയിലെ ബസവൻ കൊല്ലപ്പെട്ടു
- 2019 ഡിസംബർ 24 സുൽത്താൻ ബത്തേരി പച്ചാടി കാട്ടുനായ്ക്ക ഉന്നതിയിലെ ജഡയനെ കടുവ കൊന്നു
- 2020 ജൂൺ 16 ബസവൻകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ ശിവകുമാർ കൊല്ലപ്പെട്ടു
- 2023 ജനുവരി 12 പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിന് ജീവൻ നഷ്ടമായി
- 2023 ഡിസംബർ ഒമ്പത് പുല്ലരിയാൻ പോയ വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷിനെ കടുവ കൊന്നു
- 2025 ജനുവരി 24 മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധയെ കടുവ കൊന്നു.
- ആനയെടുത്തത് 44 ജീവൻ
- വയനാട്ടിൽ പത്തു വർഷത്തിനിടെ കാട്ടാനക്കിരയായത് 44 പേർ
- 2024 ജനുവരി 30 തിരുനെല്ലിയിലെ ലക്ഷ്മണനെ കാട്ടാന കൊന്നു
- 2024 ഫെബ്രുവരി 10 മാനന്തവാടി കുറുക്കൻമൂലയിലെ അജീഷ് കൊല്ലപ്പെട്ടു
- 2024 ഫെബ്രുവരി 16 പുൽപള്ളി പാക്കത്തെ പോൾ കാട്ടാന ആക്രമണത്തിൽ മരിച്ചു
- 2024 മാർച്ച് 27 പരപ്പന്‍പാറ ആദിവാസി കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തിൽ മരിച്ചു.
- 2024 ജൂലൈ 16 സുൽത്താൻ ബത്തേരി കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജുവും കാട്ടാനക്കലിയിൽ പൊലിഞ്ഞു
- 2025 ജനുവരി എട്ട് പുൽപള്ളി കൊല്ലിവയൽ കാട്ടുനായ്ക്ക കോളനിയിലെത്തിയ കർണാടക കുട്ട സ്വദേശി വിഷ്ണുവിനെ കാട്ടാന കൊന്നു.