മാലൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവം; കെണിവെച്ചയാളെ കേസിൽ പ്രതി ചേർക്കും
text_fieldsമാലൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ പുലി
മാലൂർ: മാലൂർ കെ.പി.ആർ നഗർ ജനവാസകേന്ദ്രത്തിൽ പന്നിക്കെണി കുരുക്കിൽ പുലി കുടുങ്ങി. മയക്കുവെടിവച്ച് പിടിച്ച ശേഷം ആറളം ഫാം 13 ബ്ലോക്കിലെ ആർ.ആർടി കേന്ദ്രത്തിൽ നിരീക്ഷണത്തിനിടെ പുലി ചത്തു. ആന്തരികാവയവങ്ങൾക്കുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പിന്റെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാത്രിയോടെ പുലിയുടെ ജഡം സംസ്കരിച്ചു.
വ്യാഴാഴ്ച പുലർച്ച നാലോടെ കെ.പി.ആർ നഗർ-കാഞ്ഞിലേരി റോഡിൽ പെരുവങ്ങാട്ടയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുരുക്കിൽ കുടുങ്ങിയ പുലിയാണ് ചത്തത്. ഉച്ചക്ക് രണ്ടരയോടെയാണ് വനംവകുപ്പ് പുലി ചത്തതായുള്ള വിവരം പുറത്തുവിട്ടത്. മയക്ക് വെടിവച്ചു പിടികൂടിയ പുലിയെ രാവിലെ 11.10 ഓടെയാണ് സംഭവസ്ഥലത്ത് നിന്ന് വനം വകുപ്പിന്റെ പ്രത്യേക വാഹനത്തിൽ കൊണ്ടുപോയത്.
ആറളം ഫാം 13ാം ബ്ലോക്കിലെ ആർ.ആർ.ടിയുടെ കേന്ദ്രത്തിൽ നിരീക്ഷണത്തിന് ശേഷം സാധാരണ നിലയിലാവുന്ന പുലിയെ പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഉച്ചയോടെ ആന്തരികാവയവങ്ങൾക്കുണ്ടായ പരുക്ക് മൂലം പുലി ചത്തു. സംഭവത്തിൽ സ്ഥലമുടമ രാമകൃഷ്ണനെ ഒന്നാം പ്രതിയാക്കി കേസ് എടുക്കുമെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു. താനല്ല കെണി വച്ചതെന്നും ആരാണ് ഉത്തരവാദിയെന്ന് അറിയില്ലെന്നും രാമകൃഷ്ണൻ ആദ്യമേ അധികൃതരോട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കെണിവച്ചയാളെ കണ്ടെത്തി കേസിൽ പ്രതിചേർക്കും. വ്യാഴാഴ്ച പുലർച്ച നാലോടെയാണ് പുലി കെണിയിൽ കുടുങ്ങിയത്. സമീപവാസിയുടെ പശുക്കൾ നിരന്തരം കരയുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തുമ്പോഴാണ് പശുവിന്റെ ആലക്കുസമീപത്തെ പറമ്പിൽ പുലിയെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പും പൊലീസും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തി.
രാവിലെ ഒമ്പതോടെ മയക്ക് വെടി വെക്കുന്നതിന് വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറും സംഘവും എത്തി. 9.56നാണ് ആദ്യ മയക്കുവെടി വെക്കുന്നത്. 10.45 ഓടെയാണ് മയങ്ങി എന്നുറപ്പ് വരുത്തിയ ശേഷം പുലിയെ പിടികൂടി വനംവകുപ്പിന്റെ വാഹനത്തിൽ കയറ്റി പ്രാഥമിക ചികിത്സ നൽകി കൊണ്ടുപോയത്. രാവിലെ തന്നെ സംഭവസ്ഥലത്ത് കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരും എത്തി സുരക്ഷ മുൻനിർത്തി പുലി കിടക്കുന്ന പ്രദേശത്തിന് ചുറ്റും വല കെട്ടി തിരിക്കുകയും ചെയ്തിരുന്നു. പുലിയുടെ വയറിന്റെ ഭാഗത്താണ് പന്നിക്കെണി കുടുങ്ങിയത്. രണ്ട് പറമ്പുകളുടെ അതിരുകൾ പങ്കിടുന്ന സ്ഥലത്താണ് പുലി കുടുങ്ങിക്കിടന്നത്.
കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ പുലി വൻ ശ്രമം നടത്തി. മരത്തിന്റെ മുകളിൽ അടക്കം പിടിച്ചുകയറാനും ശ്രമിക്കുന്നുണ്ടായിരുന്നു. മാലൂർ പോലീസും സ്ഥലത്തെത്തി. വിവരം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.
കണക്കറിയാതെ വനം വകുപ്പ്
കണ്ണൂർ: ജില്ലയിൽ പലയിടത്തും പുലിഭീതി നിലനിൽക്കുമ്പോഴും കണക്കറിയാതെ വനം വകുപ്പ്. കഴിഞ്ഞ കുറേക്കാലമായി ജില്ലയുടെ വിവിധ ഭാഗങ്ങൾ പുലിഭീതിയിലാണ്. എങ്കിലും പുലിയിറങ്ങിയതിന്റെയോ കൂട് സ്ഥാപിച്ചതിന്റെയോ പുലിയെ പിടിച്ചതിന്റെയോ കണക്കറിയില്ലെന്നാണ് വനംവകുപ്പധികൃതർ പറയുന്നത്. ഇത്തരം വിവരം വേണമെങ്കിൽ വിവരാകാശം നൽകിയാൽ മതിയെന്നാണ് ഒരു ഉദ്ദോഗസ്ഥൻ പറഞ്ഞത്.
പുലിയിറങ്ങിയതിനുപിന്നാലെ വലിയ ജനകീയ പ്രതിഷേധം ഉയർന്നതോടെ ചിലയിടങ്ങളിലെല്ലാം കൂട് സ്ഥാപിച്ചിരുന്നു. അതിന്റെയും എണ്ണമില്ല. വ്യാഴാഴ്ച മാലൂരിൽ മയക്കുവെടിക്കുപിന്നാലെ പുലി ചത്ത സംഭവത്തിലും അധികൃതർക്ക് വ്യക്തമായ മറുപടിയുണ്ടായില്ല. ജില്ലയിൽ പുലി ഭീതിയുണ്ടായ സ്ഥലങ്ങളിൽ വനം വകുപ്പിന്റെ ഇടപെടൽ സംബന്ധിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാത്രികാലങ്ങളിലടക്കം വിളിച്ചാൽ വ്യക്തമായ മറുപടി പറയാനോ പ്രദേശം സന്ദർശിക്കാനോ വനംവകുപ്പ് ഉദ്ദ്യോഗസ്ഥർ തയാറാവുന്നില്ലെന്ന് നേരത്തെതന്നെ വ്യാപക ആക്ഷേപമുണ്ട്.ചെങ്ങളായി പഞ്ചായത്തിലെ ചുഴലി പ്രദേശത്തടക്കം നിലവിൽ പുലി ഭീതിയുണ്ട്. ഏറെ ദിവസത്തെ പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ചുഴലിയിൽ കൂട് സ്ഥാപിച്ചത്. സജീവ് ജോസഫ് എം.എൽ.എ ഇടപൊയിരുന്നു ഇത്. അവിടെ നാട്ടുകാർ സി.പി.എം നേതൃത്വത്തിൽ വനം വകുപ്പ് ഓഫിസ് മാർച്ച് പ്രഖ്യപിച്ചതിനുപിന്നാലെയാണ് എം.എൽ.എയുടെ ഇടപെടലിൽ കൂട് സ്ഥാപിച്ചത്.
നേരത്തെയും പ്രദേശത്ത് പുലി സാന്നിധ്യം വനംവകുപ്പ് കണ്ടെത്തിയതാണ്. മലയോരമേഖലയിലടക്കം കാട്ടാനയിറങ്ങി വീട്ടുപരിസരത്തടക്കം എത്തി ഭീതി പരത്തുമ്പോഴും വിളിച്ചാൽ വനപാലകർ തിരിഞ്ഞുനോക്കാറില്ലെന്ന പരാതി വ്യാപകമാണ്. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നിരന്തര പ്രശ്നങ്ങൾ കർഷകർ അഭിമുഖീകരിക്കുമ്പോഴും ജില്ലയിൽ വനംവകുപ്പ് തികഞ്ഞ കെടുകാര്യസ്ഥത തുടരുകയാണ്.


