രാവിലെ വെള്ളം കോരാനെത്തിയപ്പോൾ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി!
text_fieldsപത്തനാപുരം പെരുന്തോയിൽ ചങ്ങപ്പാറയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചപ്പോൾ
പത്തനാപുരം: കറവൂർ ചാങ്ങപ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ അകപ്പെട്ട പുലിയെ രക്ഷപ്പെടുത്തി. പെരുന്തോയിൽ ചങ്ങപ്പാറ കമ്പി ലൈനിൽ സുബിൻ ഭവനിൽ സിബിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് അഞ്ച് വയസ്സോളമുള്ള ആൺ പുലി അകപ്പെട്ടത്. പത്തനാപുരം വനം റേഞ്ച് പരിധിയിലെ അമ്പനാർ ഡിവിഷനുകീഴിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രിയാകാം പുലി കിണറ്റിൽ വീണതെന്ന് കരുതുന്നു. രാവിലെ ഏഴോടെ വെള്ളം കോരാനെത്തിയ സിബി, കിണറ്റിൽനിന്ന് അലർച്ച കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. 25 അടിയോളം താഴ്ചയുള്ള കിണറിന് ചുറ്റുമതിലില്ലായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി സംഘവും പുനലൂർ അഗ്നിരക്ഷസേനയും അഞ്ച് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. മയക്കുവെടിവെക്കാതെ, വല ഉപയോഗിച്ചാണ് പരിക്കുകൂടാത പുലിയെ മുകളിലെത്തിച്ചത്. പുലിയെ പിന്നീട് മൂഴി കക്കയം വനമേഖലയിൽ തുറന്നുവിട്ടു.


